ചട്ടമ്പിസ്വാമിയുടെ പ്രതിമ മാറ്റാന്‍ കളക്ടറുടെ ഉത്തരവ്

June 20, 2012 കേരളം

തിരുവനന്തപുരം: കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി സ്മാരകവും പ്രതിമയും പോലീസ് സഹായത്തോടെ മാറ്റാന്‍ ജില്ലാകളക്ടര്‍ കെ.എന്‍. സതീഷ് ഉത്തരവിട്ടു.  ജനത്തിനും വാഹനഗതാഗതത്തിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ ഉത്തരവിട്ടത്. പ്രതിമയും ഇതുവരെ നടന്ന നിര്‍മാണപ്രവര്‍ത്തികളും നീക്കം ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധവും വിലക്കിയിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് ഇവിടെനിന്ന് പ്രതിമയെടുത്ത് മറ്റൊരിടത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്  പ്രതിമ പുന:സ്ഥാപിക്കുകയും സ്മാരകത്തിനായി താത്കാലിക നിര്‍മാണം നടത്തുകയും ചെയ്തിരുന്നു. സ്മാരകം നീക്കം ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അവ ബോധിപ്പിക്കാന്‍ 26 വരെ സമയം നല്‍കിയിട്ടുണ്ട്. ജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സമാവുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡോ. കെ. മധുകുമാര്‍, ഡോ. ബി. സന്ധ്യ, സന്തോഷ് കുമാര്‍, ബി. രാജേന്ദ്രന്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം