ഗെയിംസ്: ഡല്‍ഹിയില്‍ വന്‍ഗതാഗതക്കുരുക്ക്

September 27, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഗെയിംസിനായി ഡല്‍ഹിയിലെ നിരത്തുകളില്‍ ഗതാഗത നിയന്ത്രണം കര്‍ശനമാക്കിയതോടെ മിക്ക റോഡുകളും ഗതാഗതക്കുരുക്കിലായി. റോഡിന്റെ നടവിലുള്ള നിര കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വേദികളിലേക്കുള്ള വാഹനങ്ങള്‍ക്ക്‌ മാത്രമായി മാറ്റിവെച്ചതാണ്‌ ഗതാഗതക്കുരുക്കിന്‌ ഇടയാക്കിയത്‌.
ഡല്‍ഹിഉത്തര്‍ പ്രദേശ്‌ സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 24 ഉം ഗതാഗതക്കുരുക്കില്‍പെട്ടു. രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുമണി വരെയാണ്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. പത്തുമിനുട്ട്‌ സമയം കൊണ്ട്‌ എത്തുന്ന സ്ഥലങ്ങളില്‍ രണ്ടുമണിക്കൂര്‍ വരെ സമയമെടുത്താണ്‌ വാഹനങ്ങള്‍ സഞ്ചരിച്ചത്‌.
ഗെയിംസിനായി മാറ്റിവെച്ച ഭാഗത്തുകൂടി അറിഞ്ഞുകൊണ്ട്‌ വാഹനമോടിക്കുന്നവരില്‍ നിന്നും 2000 രൂപയാണ്‌ പിഴയായി ഈടാക്കുക. ഇന്നലെ 17 പേര്‍ക്ക്‌ പിഴയീടാക്കിയതായി പോലീസ്‌ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം