എന്‍.ഐ.എയുടെ സ്ഥാപക ഡയറക്ടര്‍ ജനറല്‍ രാധ വിനോദ് രാജു അന്തരിച്ചു

June 21, 2012 കേരളം

കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സി സ്ഥാപക ഡയറക്ടര്‍ ജനറല്‍ രാധ വിനോദ് രാജു(62) അന്തരിച്ചു. ദീര്‍ഘകാലമായി രോഗബാധിതനായിരുന്ന രാജു ഗുരുതരമായ ന്യൂമോണിയ ബാധിച്ച് ജനവരി മുതല്‍ ചികിത്സയിലായിരുന്നു. നെഞ്ചില്‍ അണുബാധ ഉണ്ടായതിനെത്തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.40ന് കൊച്ചിയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ വെച്ചാണ് അദ്ദേഹം മരിച്ചത്. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് രവിപുരത്ത് നടക്കും.

ഭാര്യ: അച്ചാമ്മ, മക്കള്‍: വേണു (ഡല്‍ഹി), സിന്ധു(ലണ്ടന്‍).

എന്‍.ഐ.എ തലവന്‍ ആകുന്നതിന് മുമ്പ് ജമ്മു കശ്മീരിന്റെ വിജിലന്‍സ് വിഭാഗം ഡയറക്ടര്‍ ജനറലായിരുന്നു. രാജീവ് ഗാന്ധി വധം, കാണ്ടഹാര്‍ വിമാന റാഞ്ചല്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ സുപ്രധാന കേസുകള്‍ രാജു അന്വേഷിച്ചിട്ടുണ്ട്. സി.ബി.ഐയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.ജമ്മു കശ്മീര്‍ കേഡറില്‍ 1975 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ രാജു മട്ടാഞ്ചേരി സ്വദേശിയാണ്. രാജു 2009 ജനവരി 19നാണ് എന്‍.ഐ.എയുടെ ഡയറക്ടര്‍ ജനറലായി ചുമതലയേറ്റത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം