കാരുണ്യസമുദ്രം

June 21, 2012 പാദപൂജ

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

സത്യത്തില്‍ നിന്നു തെല്ലും വ്യതിചലിക്കാതെയുള്ള ഒരു ജീവിതമായിരുന്നു സ്വാമിജി നയിച്ചിരുന്നത്. പാവങ്ങളോട് കരുണകാണിക്കുന്നതില്‍ യാതൊരു പരിമിതിയും സ്വാമിജിക്കുണ്ടായിരുന്നില്ല. കാരുണ്യം കളയാതെയും സത്യം ബലിയര്‍പ്പിക്കാതെയും ജീവിക്കണമെന്ന നിര്‍ദ്ദേശം സ്വാമിജി തന്റെ പ്രവൃത്തികളിലൂടെയാണ് നല്കിയിരുന്നത്. അനേക സംഭവങ്ങള്‍ ഇതിനുദാഹരിക്കുവാനുണ്ട്.

വിലങ്ങറുത്തല എന്ന വീട്ടില്‍ ഒരു പ്ലാവ് കായ്ക്കാതെ നിന്നിരുന്നു. ഉടമസ്ഥനായ രാഘവന്‍പിള്ള ഒരു നേര്‍ച്ച നടത്തി. (നാട്ടിന്‍പുറങ്ങളില്‍ ഇന്നും പതിവുള്ള ഒരു സമ്പ്രദായമാണത്). “ഈ പ്ലാവ് കായ്ക്കുകയാണെങ്കില്‍ ആദ്യം കായ്ക്കുന്ന ചക്ക ആശ്രമത്തില്‍ സ്വാമിജിക്ക് നിവേദിക്കാം”. ആഴ്ചകള്‍ കഴിഞ്ഞു. പ്ലാവില്‍ ചക്ക വളര്‍ന്നതോടെ സ്വാമിജിക്കുവേണ്ടി അതയാള്‍ പ്രത്യേകം കൂടിട്ടു സൂക്ഷിച്ചു. ചക്ക പാകമായി അടര്‍ത്തിയെടുത്ത് പഴുപ്പിച്ചപ്പോള്‍ അത് ഒന്നാന്തരം വരിക്കച്ചക്കയാണെന്ന് മനസ്സിലായി.

അന്ന് വരിക്കച്ചക്കയ്ക്ക് നല്ല വിലകിട്ടുന്ന സമയമാണ്. പാവം രാഘവന്‍പിള്ള ആ ചക്കയങ്ങ് മാറ്റിവച്ചു. പകരം ഒരു ചെറിയ ചക്ക പഴുപ്പിച്ച് അതുമായി സ്വാമിജിയുടെ മുന്നിലെത്തി സമര്‍പ്പിച്ചു. എന്നിട്ട് “ഇത് സ്വാമിജിക്കു വേണ്ടി കൊണ്ടുവന്നതാണെ”ന്ന് പറഞ്ഞു. സ്വാമിജി പെട്ടെന്ന് ഇപ്രകാരം പറഞ്ഞു. “ഞങ്ങള്‍ക്കെന്തിനാടോ ഈ ചക്ക? ഇതങ്ങ് കൊണ്ടിട്ടിട്ട് നീ മാറ്റിയിട്ട ഞങ്ങടെ ചക്കയിങ്ങ് കൊണ്ടുവാ”. രാഘവന്‍പിള്ളയ്ക്കു മറുപടി പറയാന്‍ പിന്നെയൊന്നുമുണ്ടായിരുന്നില്ല. ചക്കയുമെടുത്ത് വീഷണ്ണനായി രാഘവന്‍പിള്ള യാത്ര ആരംഭിച്ചു.

രാഘവന്‍പിള്ളയുടെ വരവ്  കണ്ട് ഭാര്യ പെട്ടെന്ന് ചോദിച്ചു. “എന്തുപറ്റി? ഞാനപ്പഴേ പറഞ്ഞില്ലേ ചക്കയിങ്ങ് തിരിച്ചുവരുമെന്ന്”. രാഘവന്‍പിള്ള അല്പമൊന്ന് ചൊടിച്ചു. “നിന്റെ കരിനാക്കുകൊണ്ട് മേലാലൊന്നും മിണ്ടിപോകരുത്” എന്നു പറഞ്ഞ് ആ ചക്കയവിടെ ഇട്ടിട്ട് സ്വാമിജിക്കുള്ള വലിയ ചക്കയെടുത്ത് യാത്ര തിരിച്ചു. ആ വലിയ ചക്ക വിറ്റാല്‍കിട്ടുന്ന തുകയും സ്വാമിജിക്കത് എത്തിച്ചുകൊടുക്കാഞ്ഞാലുള്ള വിപത്തും നേരത്തെ പറ്റിയ തെറ്റിനു കിട്ടിയ തിരിച്ചടിയുമെല്ലാമോര്‍ത്ത് നടന്ന് ചക്കയുമായി ആശ്രമത്തിലെത്തി സ്വാമിക്ക്  സമര്‍പ്പിച്ചു.

സ്വാമിജി ഉടന്‍തന്നെ കിണ്ടിയില്‍ നിന്ന് അല്പം വെള്ളവും തളിച്ച് ഒരു പുഷ്പവുമര്‍ച്ചിച്ച് നിവേദ്യസങ്കല്പം നടത്തി. മുന്നില്‍ വിഷണ്ണനായി തൊഴുതുനില്‍ക്കുന്ന രാഘവന്‍ പിള്ളയോട് ചക്കയെടുത്തുകൊണ്ടുപൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. “ഇത് ഇവിടുത്തേയ്ക്കുള്ളതാ” എന്ന് രാഘവന്‍പിള്ള പ്രതിവചിച്ചു. “ഇവിടേം അവിടേം ഒന്നുമില്ലെടോ. വിറ്റാ കാശുകിട്ടും.  വേഗം എടുത്തുകൊണ്ട് പൊയ്‌കോളൂ.” പിന്നെ രാഘവന്‍പിള്ള തെല്ലും താമസിച്ചില്ല. ആജ്ഞാനുവര്‍ത്തിയായ ദാസനെപ്പോലെ ചക്കയുമെടുത്ത് വെളിയിലേക്കു നടന്നു.

കരുണാമയനായ സ്വാമിജിയുടെ വാക്കുകള്‍ ഹൃദയസ്പര്‍ശിയായിരുന്നു. ചുറ്റും നിന്നവരെ നോക്കി അദ്ദേഹം പറഞ്ഞു. “പാവങ്ങളാടോ. വിറ്റിട്ട് അടുത്തയാഴ്ച റേഷന്‍ വാങ്ങിക്കാമെന്നായിരുന്നു അവരുടെ വിചാരം. ഞങ്ങള്‍ക്കെന്തിനാ ആ ചക്ക. ദാരിദ്ര്യം വന്നുവെന്നു കരുതി അസത്യം ചെയ്യരുതല്ലോ. അതുകൊണ്ട് ഞങ്ങള് കൊണ്ടുവരാന്‍ പറഞ്ഞതാ. അല്ലെങ്കില്‍ അവനുതന്നെയാണല്ലോ ദോഷം. ഇനിയിപ്പോ അതൊഴിവായല്ലോ”.

കാരുണ്യക്കടലായ ഗുരുനാഥന്റെ ആ വാക്കുകള്‍ എത്രകണ്ട് ശ്രദ്ധേയമാണെന്ന് ധരിക്കേണ്ടതാണ്. ദാരിദ്ര്യമാണെങ്കിലും സങ്കല്പിച്ച സത്യത്തില്‍ നിന്ന് വ്യതിചലിക്കുന്നത് സ്വാമിജിക്കിഷ്ടമായിരുന്നില്ല. തെറ്റു തിരുത്തുകയും സത്യലംഘനത്തില്‍ നിന്നുള്ള ദോഷമൊഴിവാക്കുകയും ചെയ്യുന്നതില്‍ സ്വാമിജി കാണിച്ച ശ്രദ്ധയും ദാരിദ്ര്യപരിഹാരത്തിന് സ്വാമിജി അനുവര്‍ത്തിച്ച പ്രവൃത്തിയും ജനതക്ക് അനുകരണീയവും ആശ്വാസകരവുമായി നിലകൊള്ളുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പാദപൂജ