നാമദേവന്‍

June 21, 2012 സനാതനം

*ജി.നാരായണക്കുറുപ്പ്*
നിത്യവും ഭഗവാനുമൊത്ത് കളിക്കയും ചിരിക്കയും ഭുജിക്കുകയും മേളിക്കയും ചെയ്തിട്ടും ഹാ!  താന്‍ വെന്തില്ലന്നോ പാകമായില്ലെന്നോ എന്തൊരുധിക്കാരം? ഭഗവാനേ! ഈ അപമാനം ഈ ദുഷ്‌കൃതം എങ്ങിനെ സഹിക്കാനാണ്! നാമദേവന്‍ വാവിട്ടുകരഞ്ഞു. കരയാതെന്തു ചെയ്യും. ഭക്തന്മാരുടെ മഹാസദസ്സില്‍ വച്ചാണ് താന്‍ അപമാനിതനായത്. ഭക്താഗ്രഗണ്യനായ ജയദേവരാണ് അതു പ്രഖ്യാപിച്ചത്.

അതൊരു മഹാസദസ്സായിരുന്നു. ജയദേവന്‍ അഗ്രാസനാധിപതി, കബീര്‍, തുളസി, നാമദേവന്‍, ഗോംരാംകുഭര്‍ തുടങ്ങിയ അനേകമനേകം ഭക്തന്മാര്‍, മഹാജ്ഞാനികള്‍ ഇവരെല്ലാം ചേര്‍ന്ന ഒരു ഭക്തമണ്ഡലി, അഗ്രാസനാധിപതി തമാശയ്ക്കായി ഒരു പരീക്ഷണം നടത്തി. ‘ഗോരാംകുംഭര്‍ തന്നെയാവട്ടെ, വെന്തഭാണ്ഡങ്ങളെപ്പറ്റി നല്ല അറിവുള്ള ആളാണല്ലോ. (ഗോരാംകുംഭര്‍ കുശവനാണ്) ഈ ഇരിക്കുന്നവരില്‍ വെന്തതേത്. വേവാത്തതേത് ? എന്നു ഗോരാംകുംഭര്‍ തന്നെ നിര്‍ണ്ണയിക്കണം. ഒരുവടി ഗോരാംകുഭര്‍ ജയദേവനെ ഏല്പിച്ചു. ഇതുകൊണ്ടു കൊട്ടി നോക്കി വെന്തതും വേവാത്തതും ഏതെന്നു പറയുക. ഗോരാംകുംഭര്‍ വടിയുമായി നടന്നു. ഓരോരുത്തരുടേയും തലയില്‍ വടികൊണ്ടുമുട്ടി. എല്ലാവരും കണ്ണടച്ചു നിശ്ചലരായിരുന്നുകൊടുത്തു. നാമദേവന്റെ തലയില്‍ മുട്ടിയപ്പോള്‍ അദ്ദേഹം കൈകൊണ്ടു തല പൊത്തിപ്പിടിച്ചു. ‘ഇതാ-ഇതാ ദേഹോഹം-ശരിയായി വെന്തിട്ടില്ല’ ഗോരംകുംഭര്‍ വിളിച്ചു പറഞ്ഞു. ജയദേവന്‍ അതു ശരിവച്ചു. സദസ്സ്യര്‍ കയ്യടിച്ചു അതു പാസ്സാക്കി. എന്തുകഷ്ടം. ഇത്രയും പേരില്‍ നാമദേവന്‍ മാത്രം വെന്തില്ലന്നോ? ഭഗവാനുമായി സദാ സല്ലപിച്ചു കഴിഞ്ഞുകൂടുന്ന നാമദേവന്‍ ഇനിയും വെന്തില്ലെന്നോ? എല്ലാവരും അത്ഭുതപ്പെട്ടു. പക്ഷെ എന്തുചെയ്യാം. ഐകകണ്‌ഠ്യേന പാസ്സാക്കിപ്പോയി. നാമദേവന്‍ തനിയേ ഉരുകി. അവയവങ്ങള്‍ തളര്‍ന്നു സദസ്സില്‍ വീഴുമെന്നായി. കണ്ണീര്‍ ധാരയായി ധാരയായി ഒഴുകി. നേരേ ഓടിയതു തന്റെ പൂജാമുറിയിലേക്കായിരുന്നു. വിഗ്രഹത്തില്‍ കെട്ടിപ്പിടിച്ചുകൊണ്ടു തേങ്ങിത്തേങ്ങിക്കരഞ്ഞു. ഭഗവാന്‍ പ്രത്യക്ഷനായി. നാമദേവരെപ്പിടിച്ചു എഴുന്നേല്‍പ്പിച്ചു ഗാഢാലിംഗനം ചെയ്ത് നെറുകയില്‍ ചുംബിച്ചു. നാമദേവന്‍ പൊട്ടിക്കരഞ്ഞുകൊണ്ടുണര്‍ത്തിച്ചു. ‘ഭഗവാനേ’ എന്നെ അപമാനിച്ചു. ഭഗവാന്റെ ഭക്തന്മാര്‍തന്നെ. ഇനി ഞാനെന്തിനു ജീവിക്കണം. ഞാന്‍ ഭക്തനായില്ലേ പറയൂ. അങ്ങ് അവരോട് പറയുക ഞാന്‍ ഭക്തനാണെന്ന് എന്നെ അപമാനിച്ചതെന്തിനാണെന്നു ചോദിക്കുക. എിനിക്കു ഭഗവാനല്ലാതെ ആരുമില്ല ചോദിക്കുവാന്‍ ഭഗവാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. നാമദേവാ!  എല്ലാം ഞാന്‍ അറിഞ്ഞു കഴിഞ്ഞു. നീ സമാധാനപ്പെടുക. നീ എന്റെ ഭക്തന്‍തന്നെ. യാതൊരു സംശയവുമില്ല. പക്ഷെ നീ ഈ എന്നെ ഇക്കണ്ടതുപോലെ മാത്രമേ ധരിക്കുന്നുള്ളൂ. ഇതിനപ്പുറം എന്റെ സ്ഥിതി നീ അറിയുന്നില്ല. ഈ ദര്‍ശനംകൊണ്ടു നീ തൃപ്തിപ്പെട്ടിരിക്കുന്നു. ഇതുകൊണ്ടു മാത്രം ജന്മം സഫലമാകയില്ല. ഭാവനയില്‍ ആര്‍ക്കും പ്രത്യക്ഷപ്പെടുന്നവനാണു ഞാന്‍-ഹിരണ്യാക്ഷനും ഹിരണ്യകശിപുവിനും, രാവണനും, കുംഭകര്‍ണ്ണനും ഞാന്‍ പ്രത്യക്ഷപ്പെട്ടില്ല. നിശ്ചഞ്ചലമായ ഭാവനയ്ക്കു പരിപൂര്‍ണ്ണമായ വിശ്വാസത്തിനു എവിടേയും ഞാന്‍ പ്രത്യക്ഷനാകാറുണ്ട്. ഭാവനയുടെ ഉറപ്പ് ഒന്നു മാത്രമല്ലേ ഈ പ്രപഞ്ചം ഇങ്ങനെ കാണപ്പെടുന്നത്. അതില്‍ കവിഞ്ഞ ഒരര്‍ത്ഥം ഈ ദര്‍ശനത്തിനു കല്പിക്കേണ്ടതില്ല. ആനന്ദദായകമായ സര്‍വ്വാഭീഷ്ടദായകമായ ഒരു വിഷയം മാത്രമേ ആകുന്നുള്ളൂ. അസത്യമേത് എന്നു നീ അറിയുന്നില്ല. ഇതിനപ്പുറം എന്തെങ്കിലുമുണ്ടോ എന്നു നീ അന്വേഷിച്ചില്ല. അതാണു നിനക്കു പറ്റിയ തെറ്റ് അതാണ് ആ ഭക്തന്മാര്‍ പറഞ്ഞതിന്റെ പൊരുള്‍ നീ എത്തേണ്ടിടത്തു എത്തിയില്ല. നേടേണ്ടതിനെ നേടിയില്ല. ആ വഴിയില്‍ നീ എന്റെ മോഹനവിഗ്രഹം കണ്ടു നിന്നു പോയി. വേഗം അതിനപ്പുറം കടക്കുക. ആബ്രഹ്മസ്വരൂപം നീ പ്രാപിക്കുക. നാമദേവന്‍ വീണ്ടും നമസ്‌ക്കരിച്ചെഴുന്നേറ്റു ഭഗവാന്റെ പൂപപോലെയുള്ള രണ്ടു കരങ്ങളും അമര്‍ത്തിപ്പിടിച്ചുകൊണ്ടു പറഞ്ഞു. ഭഗവാനെ! ഞാന്‍ അറിവില്ലാത്തവനായിപ്പോയി, ഇനി ഞാന്‍ എന്തുവേണമെന്നു പറയൂ. വേഗം പറയൂ. അവിടുന്നു പറയുന്നതുപോലെ ഞാന്‍ ചെയ്യാം. ആ ഭക്തന്മാരുടെ ജ്ഞാനികളുടെ മുമ്പില്‍ അവരോടൊപ്പം എനിക്കും ഇരിക്കണം.

‘നാമദേവാ! നീ ദുഃഖിക്കാതെ. ഞാന്‍ പറയുന്നതുപോലെ ചെയ്യൂ. നേരെ വിന്ധ്യാചലത്തിന്റെ സാനുക്കളിലേക്കു യാത്രയാകൂ. അവിടെ ഒരു മഹാത്്്മാവു ഇരിപ്പുണ്ട്. അദ്ദേഹത്തെപ്പോയികാണുക. അദ്ദേഹം വേണ്ടതെല്ലാം പറഞ്ഞുതരും. അപ്പോള്‍ നീ അവരോടൊപ്പം മഹാത്മാവാകാം. അതൊന്നുമാത്രമേ ഇതിനു പോംവഴിയുള്ള നാമദേവന്‍ ഓടി നേരെ വിന്ധ്യാചലസാനുക്കളിലേക്ക് – അവിടെയെല്ലാം ഓടിനടന്നു തിരിഞ്ഞു. ഒരു ഗുഹ കണ്ടെത്തി. ഉള്ളിലേക്കു സൂക്ഷിച്ചുനോക്കി. അതാ ഒരു മഹാത്മാവല്ലേ ആ കിടക്കുന്നത്. ഉറക്കമാണെന്നു തോന്നുന്നു. ഉണരട്ടെ. ഉണര്‍ത്തുന്നതു ഏതായാലും ശരിയല്ല. ആഹാ! അദ്ദേഹം കാലുപൊക്കിവച്ചിരിക്കുന്നതു ഒരു ശിവലിംഗത്തിന്റെ മുകളിലാണുല്ലോ. എനിക്കു തെറ്റുപറ്റിപ്പോയി. ഭഗവാന്‍ നിര്‍ദ്ദേശിച്ചയാള്‍ ഇതായിരിക്കയില്ല. ഇദ്ദേഹം ഒരു നാസ്തികനാണ്. ഇല്ലെങ്കില്‍ കാലിനു ഉപധാനമായി ശിവലിംഗം ഉപയോഗിക്കയോ? ശാന്തം, പാപം ഒരു കാപാലികഗുരുവായിരിക്കാനേ ഇടയുള്ളൂ.

അപ്പോള്‍ ഗുഹക്കകത്തുനിന്നൊരു ശബ്ദം
‘നാമദേവാ! നിന്നെ ഭഗവാന്‍ പറഞ്ഞയച്ചതല്ലെ’,

നാമദേവന്റെ ശരീരമാസകലം കോരിത്തരിച്ചു. ഗല്‍ഗദം കൊണ്ടു അല്പനേരം മൗനമായിരുന്നു. വികാരം അല്പം നിയന്ത്രിച്ചിട്ടു പറഞ്ഞു.

‘അതെ ഭഗവാന്‍ പറഞ്ഞയച്ചതാണ്’
‘ഇങ്ങ് അകത്തുവരൂ-ഇരിക്കൂ’

നാമദേവന്‍ അകത്തു പ്രവേശിച്ചു സാഷ്ടാംഗം നമസ്‌കരിച്ചു എഴുന്നേറ്റു ഗുരുവിനോടായ് പറഞ്ഞു. ‘അടിയന്റെ അല്പബുദ്ധിയില്‍നിന്നും പറയുന്നതു ക്ഷമിക്കണം. അങ്ങയുടെ പാദം ആ ശിവലമംഗത്തിലാണിരിക്കുന്നത്. ഉറക്കത്തില്‍ അങ്ങനെ സംഭവിച്ചതായിരിക്കാം.’

‘എന്നാല്‍ നാമദേവന്‍തന്നെ ആ കാലെടുത്തു ഒന്നു മാറ്റിവച്ചേക്കൂ.’

നാമദേവന്‍ പതുക്കെ ഭക്തിയോടെ ആ പാദം പിടിച്ചുപൊക്കി താഴെവയ്ക്കാന്‍ ഭാവിച്ചപ്പോള്‍ ഹാ! എന്തൊരാശ്ചര്യം, അവിടെ ഒരു ശിവലിംഗം. മറ്റൊരിടത്തേക്കുമാറ്റി. അവിടെയും ശിവലിംഗം ഉണ്ടായിരിക്കുന്നു. കാല്‍ വെയ്ക്കുന്നിടത്തെല്ലാം ശിവലിംഗംതന്നെ. നാമദേവന്‍ അമ്പരന്നു.

എന്നാല്‍ പാദശ്പര്‍ശം ഹേതുവായി നാമദേവന്റെ ഉള്ളുണര്‍ന്നു ബോധം ഉദിച്ചു ചിന്തിക്കാന്‍ തുടങ്ങി. ‘ശരി, ശിവന്‍-ആ സച്ചിദാനന്ദബ്രഹ്മം ഇല്ലാത്ത ഒരുദിക്കും ഇല്ലെന്നുതന്നെ പഠിപ്പിക്കാനായിരിക്കും. അതോ ഈശ്വരനേക്കാള്‍ മഹത്വം ഗുരുവിനുണ്ടെന്നു തെളിയിക്കയോ? രണ്ടു ശരിതന്നെ. ഈശ്വരനില്ലാത്തിടവും ഗുരുവില്‍ കവിഞ്ഞുള്ള മഹത്വവും ഇല്ലതന്നെ. നാമദേവന്‍ ഗുരുവിന്റെ പാദം ശിവലിംഗത്തില്‍ത്തന്നെവച്ചു. വീണ്ടും പ്രണമിച്ച് ആനന്ദാശ്രുക്കളാല്‍ ആ പാദം കഴുകിക്കൊണ്ട് ആ പാദത്തില്‍ത്തന്നെ കിടന്നു. ഗുരു നാമദേവനെ എഴുന്നേല്‍പ്പിച്ചു അനുഗ്രഹിച്ചു. ‘നാമദേവാ!  നിനക്കു മംഗളം ഭവിക്കട്ടെ. ഭഗവാനില്ലാതെ യാതൊന്നും ഈ പ്രപഞ്ചത്തിലില്ല. ‘സര്‍വ്വം ഖല്വിദം ബ്രഹ്മ’ ‘ബ്രഹ്മൈവാഹം’ ‘ അംഹം ബ്രഹ്മാസ്മി’ ‘തത്വമസി’ ഈ മഹാവാക്യങ്ങളുടെ പൊരുള്‍ വിശദീകരിച്ച് ശിഷ്യനെ ബോധിപ്പിച്ചു. പ്രപഞ്ചം മുഴുവനും തന്നെ താനായി (ബ്രഹ്മമയമായി) കാട്ടിക്കൊടുത്തു. സര്‍വ്വഭൂതങ്ങളിലും മന്മതിയുണ്ടാകാന്‍ അനുഗ്രഹിച്ചു. നാമദേവന്‍ സന്തുഷ്ടനും സംതൃപ്തനുമായി. ഭക്തസദസ്സില്‍ വലിയവനാകണമെന്നുള്ള മോഹവും മറ്റുഭക്തന്മാരോടുള്ള ഈര്‍ഷ്യയും പാടേ നശിച്ച് എല്ലാം ഈശ്വരമയമായി കാണുവാന്‍ ഇടയായി. ഗുരുശുശ്രൂഷയില്‍ ഏതാനുംകാലം നാമദേവന്‍ ഗുരുസന്നിധിയില്‍ കഴിച്ചുകൂട്ടിയിട്ടു മടങ്ങി ഭക്തമണ്ഡലിയില്‍ എത്തി ഭക്താഗ്രഗണ്യനായി പരിലസിച്ചു. ഭക്തകോടികള്‍ക്കു അമൃതധാരയാകുന്ന അനേകം ഗ്രന്ഥങ്ങള്‍ നാമദേവന്‍ രചിച്ചു ലോകത്തിനു കാഴ്ചവച്ചശേഷം ആ അപരോക്ഷാനുഭൂതിയില്‍ ബ്രഹ്മത്വം പ്രാപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം