ഡല്‍ഹി ഗാന്ധി മാര്‍ക്കറ്റിന് സമീപം വന്‍ തീപ്പിടിത്തം

June 22, 2012 ദേശീയം

ന്യൂഡല്‍ഹി: ഡല്‍ഹി ഗാന്ധി മാര്‍ക്കറ്റിന് സമീപം വന്‍ തീപ്പിടിത്തം. രാവിലെ 9.30നാണ് തീപ്പിടിത്തമുണ്ടായത്. ഓലകള്‍ കൊണ്ടും തകര ഷീറ്റുകള്‍ കൊണ്ടുമുള്ള വീടുകളാണ് ഭൂരിഭാഗവുമെന്നതിനാല്‍ തീ അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. രാവിലെ ഈ വീടുകളില്‍ കൂടുതലും കുട്ടികളാണുണ്ടായിരുന്നത്. ഇവര്‍ക്ക് എന്തെങ്കിലും പറ്റിയോയെന്ന് ഇനിയും വ്യക്തമായിട്ടില്ല.സമീപത്തുള്ള ചേരി പ്രദേശങ്ങളിലേയ്ക്കും തീപടരുകയാണ്.

തീ അണയ്ക്കാനായി പതിനഞ്ചോളം ഫയര്‍ എഞ്ചിന്‍ യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആയിരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിപ്രദേശങ്ങളിലേയ്ക്കും തീ പടര്‍ന്ന് നിയന്ത്രണാതീതമായിരിക്കുകയാണ്. അഞ്ഞൂറിലേറെ വീടുകളും ഒട്ടേറെ ചെറിയ കടകളും സംഭവസ്ഥലത്തുണ്ട്. എത്രപേര്‍ ഈ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് അറിവായിട്ടില്ല. കനത്ത പുക കാരണം പലരും ബോധരഹിതരായി.

വീതികുറഞ്ഞ റോഡുകളുള്ള തെരുവുകളായതിനാല്‍ ഫയര്‍ എഞ്ചിനുകള്‍ക്ക് കടന്നു ചെല്ലാന്‍ കഴിയാഞ്ഞതും തീ അണയ്ക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചു. കനത്ത ചൂടും കാറ്റും തീ നിയന്ത്രണവിധേയമാക്കുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. തീപ്പിടിക്കാനുള്ള കാരണം എന്താണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. സംഭവം അട്ടിമറി ആണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം