ഐസക്കിനെതിരെ വിജിലന്‍സ് അന്വേഷണം

June 22, 2012 കേരളം

തൃശൂര്‍: മുന്‍മന്ത്രി തോമസ് ഐസക്ക് എംഎല്‍എയ്ക്ക് എതിരെയുള്ള ഹര്‍ജിയില്‍ അന്വേഷണത്തിനു വിജിലന്‍സ് കോടതി ഉത്തരവിട്ടു. 2009ല്‍ കൈക്കൂലി കേസില്‍ വിജിലന്‍സ് പിടികൂടിയ വാണിജ്യനികുതി ഉദ്യോഗസ്ഥന്‍ ജയനന്ദകുമാറിനെ അന്നു ധനമന്ത്രിയായിരുന്ന ഐസക്ക് രക്ഷിക്കാന്‍ ശ്രമിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം.

ജയനന്ദകുമാറിന്റ ഓഫീസില്‍ റെയ്ഡ് നടത്തി കൈക്കൂലി വാങ്ങിയ രേഖകള്‍ കണ്ടെത്തിയ വിജിലന്‍സ് ഡിവൈഎസ്പി സെയ്ഫുല്ല  സയീദിനെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും കേസ് അട്ടിമറിച്ചെന്നും രാജു പുഴങ്കര നല്‍കിയ ഹര്‍ജിയിലാണ് ഇന്നു വിധി വന്നത്.

എന്നാല്‍ ഈ സംഭവങ്ങളൊന്നും അന്നു പുറത്തു വന്നില്ല. പിന്നീട് നാനോ എക്‌സല്‍ കമ്പനിയില്‍ നിന്നു കൈക്കൂലി വാങ്ങിയ കേസില്‍ ജയനന്ദകുമാര്‍   പ്രതിയായതോടെയാണ് ഈ ആരോപണം വീണ്ടും ഉയര്‍ന്നുവന്നത്. റെയ്ഡ് നടത്തിയ അന്നു രാത്രി റിപ്പോര്‍ട്ടു നല്‍കുന്നതിനു മുന്‍പായി തോമസ് ഐസക്ക് സെയ്ഫുല്ലയെ വിളിച്ച് റിപ്പോര്‍ട്ട് കൊടുക്കരുതെന്നും തന്റെ മന്ത്രാലയത്തില്‍ കൈകടത്തേണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥന്‍ മന്ത്രി തന്നെ ഭീഷണിപ്പെടുത്തിയതിനാല്‍ കേസ് അന്വേഷണം നിര്‍ത്തുകയാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം, അടിസ്ഥാന രഹിതമായ ആരോപണമാണിതെന്നു തോമസ് ഐസക്ക് പ്രതികരിച്ചു. വിജിലന്‍സ് അന്വേഷണം നടത്തി സത്യം വെളിച്ചത്തു കൊണ്ടുവരട്ടെയെന്നും ഐസക്ക് കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം