പോലീസുകാരനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു

June 26, 2012 കേരളം

ചാത്തന്നൂര്‍: രാത്രികാല പട്രോളിങ്ങിലേര്‍പ്പെട്ടിരുന്ന പോലീസുകാരനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. മുടി പറ്റെവെട്ടിയ ബ്രൗണ്‍ ഷര്‍ട്ട് ധരിച്ച ആറടിക്കാരനാണ് പ്രതിയെന്ന് അന്വേഷണ സംഘം പറഞ്ഞു. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ  ഉടമയെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പാരിപ്പള്ളി പോലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ കൊട്ടറ സ്വദേശി മണിയന്‍പിള്ള(47)യാണ് അക്രമികളുടെ കുത്തേറ്റു മരിച്ചത്. കുത്തേറ്റ എ.എസ്.ഐ. ചെങ്കുളം സ്വദേശി ജോയി(54) ഗുരതരാവസ്ഥയില്‍ കൊല്ലത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പാരിപ്പള്ളി മടത്തറ റോഡില്‍ കുളമട ജങ്ഷനില്‍ ആയിരുന്നു സംഭവം നടന്നത്.  കഴിഞ്ഞ ദിവസം വേളമാനൂരില്‍ മോഷണം നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് മോട്ടോര്‍ സൈക്കിളിലും ജീപ്പിലും രണ്ട് സംഘമായി തിരിഞ്ഞായിരുന്നു രാത്രികാല പരിശോധന. ജീപ്പില്‍ ജോയിയും മണിയന്‍പിള്ളയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വേളമാനൂരില്‍ പോയി പരിശോധന കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് കുളമട ജങ്ഷനില്‍ സംശാസ്പദമായ സാഹചര്യത്തില്‍ മാരുതി വാന്‍ നിര്‍ത്തിയിട്ടിരിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പതിഞ്ഞത്.പരിശോധനയില്‍ വാഹനത്തിന്‍റ രേഖകളില്ലെന്നു കണ്ടെത്തുകയും വാനിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എ.എസ്.ഐ. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. വാനില്‍ നിന്നിറക്കി ജീപ്പിലേക്കു കയറ്റുന്നതിനിടെ അക്രമാസക്തരായ സംഘം എ.എസ്.ഐ.യെ കുത്തുകയായിരുന്നു.ഇതു കണ്ടു തടയാനെത്തിയ മണിയന്‍പിള്ളയേയും കുത്തിവീഴ്ത്തിയ പ്രതികള്‍ വാഹനവുമായി രക്ഷപെടുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം