മുറ്റത്തെ തുളസി

February 22, 2014 സനാതനം

 

സി.ദാമോദരമേനോന്‍, പാണാവള്ളി

thulasi-pbഅതിപരിചയം അവഹേളനത്തിനു ഇടവരുത്തുമെന്ന അര്‍ത്ഥത്തില്‍ “അതിപരിചയാതവജ്ഞാ” എന്നു സംസ്‌കൃതത്തിലും `ഫെമിലിയര്‍ ബ്രീഡ്‌സ്‌ കണ്ടംറ്റ്‌” എന്നു ഇംഗ്ലീഷിലും പറഞ്ഞു വരുന്നതുപോലെ മലയാളത്തില്‍ നാം പറഞ്ഞുവരുന്ന ഒരു ശൈലീ പ്രയോഗമാണ്‌ `മുറ്റത്തെ മുല്ലക്കു മണമില്ല’ എന്ന്‌ പ്രസ്‌തുതാര്‍ത്ഥത്തില്‍ മുല്ലയ്‌ക്കു പകരം തുസിക്ക്‌ എന്ന പദം കൊളുത്തിവിട്ടാല്‍ ആ ശൈലി വാണം പൊട്ടിവിരിഞ്ഞു വര്‍ണ്ണപ്രഭ പരത്തുകയില്ലെന്നു മാത്രമല്ല ചീറ്റിപ്പോവുകയും ചെയ്യും. എന്തെന്നാല്‍ മറ്റു ചെടികളില്‍ നിന്നു തുലോം വ്യത്യസ്‌തമായ ഹൃദയസംവേദന ക്ഷമതയാണു ദിവ്യതയുടെ പിരവേഷമണിഞ്ഞ തുളസിച്ചെടിക്കുള്ളത്‌. അതിന്റെ അനര്‍ഘമായ രക്ഷാകവചവും ആ അനര്‍ഘതയുടെ അംഗീകാരം കാണണമെങ്കില്‍ ഹൈന്ദവകുടുംബങ്ങളുടം ഉമ്മറമുറ്റത്തേക്ക്‌ ഒന്നു നോക്കിയാല്‍മതി. കമനീയമായി പടുത്തുയര്‍ത്തിയ കല്‍ത്തറയിലായാലും കട്ടക്കല്ലു തടുത്തുവച്ചുണ്ടാക്കിയ മണ്‍തറയിലായാലും വളര്‍ന്നു നില്‍ക്കുന്ന തുളസിച്ചെടികള്‍ കാണാം. എന്താണു തുളസിക്കു മാത്രമായിട്ട്‌ ഇത്ര വളരെ ആഢ്യത്വം? പൂജാപുഷ്‌പമെന്നുള്ളതു കൊണ്ടാണോ? പൂജാ പുഷ്‌പങ്ങള്‍ വേറെയും പല ഇനങ്ങളുണ്ടല്ലോ? അവയ്‌ക്കൊന്നും ആലയാങ്കണത്തില്‍ ഇത്രത്തോളം ആഢ്യമായ ആസ്ഥാനവും അന്തിത്തിരി വെയ്‌പും ഏര്‍പ്പെട്ടിട്ടില്ലതാനും. അപ്പോള്‍ തുളസിയുടെ സംപൂജ്യതയ്‌ക്ക്‌ കാരണമുണ്ടായിരിക്കണം. തുളസിക്കു നാം കല്‌പിച്ചിരിക്കുന്ന അമൂല്യതയുടെ ആഭരണങ്ങള്‍ പുരാണകഥകളുടെ തിരുവാഭരണം ചാര്‍ത്തിയ രൂപം സങ്കലിപക്കുമ്പോള്‍ ആസ്‌തികലോകത്തിന്റെ ശിരസ്സ്‌ തുളസിത്തറയ്‌ക്കു മുമ്പിലായാലും താനേ കനിയും. വെറുതെയാണോ ആസ്‌തികചിന്താഗതിയുള്ള കുടുംബങ്ങള്‍ ഉമ്മറമുറ്റത്തു തറകെട്ടി തുളസി നട്ടു വളര്‍ത്തുന്നതും സന്ധ്യക്കു തുളസിത്തറയില്‍ വിളക്കുവയ്‌ക്കുന്നതും! കുളി കഴിഞ്ഞുവരുന്ന വഴി തുളസിത്തറക്കുവലത്തുവച്ച്‌ തുളസീതീര്‍ത്ഥം സേവിക്കാതെ ജലപാനം കഴിക്കാത്ത വന്ദ്യവയോധികര്‍ വിരളമായിട്ടാണെങ്കിലും ഇന്നും ഉണ്ട്‌. തുളസീദളം ശിരസ്സിന്റേയോ ചെവികള്‍ക്കിടയിലോ ധരിക്കാത്ത ക്ഷേത്രവിശ്വാസികള്‍ ആരുണ്ട്‌.

തുളസീപൂജ ശ്രേയസ്സിനെന്നല്ല (ആദ്ധ്യാത്മികോന്നതി) പ്രേയസ്സിനും (ഭൗതികോന്നതി) നിദാനമാണെന്ന വിശ്വാസമാണു ഹിന്ദുക്കളുടെ തുളസിയോടുള്ള ആദരവിന്‌ അടിസ്ഥാനം. ഭൗതിക പരിഷ്‌കാരത്തിന്റെയും ലൗകിക ചിന്താഗതിയുടേയും അതിപ്രസരം ഉണ്ടായിട്ടും തുളസിയോടു ആസ്‌തിക്യലോകം പുലര്‍ത്തിപ്പോരുന്ന വിശ്വാസാചരണങ്ങള്‍ക്കു ഒട്ടും തന്നെ മങ്ങലേറ്റിട്ടില്ല.

തുളസിത്തറയിലെ അന്തിത്തിരി

സന്ധ്യാദീപം കൊളുത്തുന്നതോടൊപ്പം തുളസിത്തറയിലും വിളക്കുവച്ച്‌ നാമം ചൊല്ലുന്നതു പണ്ടുനാളേയുള്ള ഒരു പതിവാണ്‌. ഇന്നു അതിന്‌ അത്ര പ്രചാരമില്ല എന്നു സമ്മതിക്കാം. ആ പുരാതന ദൈനം ദിനചര്യയുടെ പശ്ചാത്തലത്തില്‍ മഹാകവി വള്ളത്തോള്‍ എഴുതിയ മനോഹരമായ ഒരു കവിതയുണ്ട്‌. മുറ്റത്തെ തുളസി (സാ-മ-ഭാഗം) ആ കവിതയില്‍, ഗൃഹനാഥയാല്‍ അന്തിത്തിരിയര്‍പ്പിക്കപ്പെട്ട തുളസിച്ചെടിയെ ഗോലോകവാസിനിയായ സാക്ഷാല്‍ തുളസീദേവിയായിട്ടാണു കവിഹൃദയം ഭാവന ചെയ്യുന്നത്‌.

“അന്തിമയാകും സന്ധ്യ, ഭാസ്‌കരകരം കൊണ്ടു
നിന്തിരുമെയ്യില്‍ പുത്തന്‍ സിന്ധൂരമണിയിയ്‌ക്കേ
രാജരാജേന്ദ്രാദിദിക്‌പാലന്മാര്‍ മണിമൗലി
രാജിയാല്‍ നീരാജനം ചെയ്‌ത നിന്‍ തൃപ്പാദത്തില്‍”

തുളസിച്ചെടിയുടെ പാദാന്തകത്തില്‍ കൊളുത്തിവച്ച അന്തിത്തിരി, ഗോലോകവാസിനിയായ തുളസീദേവിയുടെ തൃപ്പാദത്തില്‍ ദിക്‌പാലന്മാര്‍ മൗലിരത്‌ന പ്രഭകൊണ്ടു നടത്തിയ നീരാജനവുമായി തട്ടിച്ചു നോക്കുമ്പോള്‍ എത്ര നിസ്സാരം! എന്ന വ്യര്‍ത്ഥതാ ബോധത്തെ കവിഹൃദയത്തില്‍ ഉളവാക്കി. ആ ബോധം തുളസീദേവിയെപ്പറ്റിയുള്ള പൗരാണിക കഥയിലെ സംഭവങ്ങളെ സ്‌മരിക്കുവാന്‍ കവിക്കു ഉതകി എന്നുള്ളത്‌ തീര്‍ച്ച. അതിനു തെളിവാണു കഥാംശങ്ങളെ സ്‌പര്‍ശിച്ചുകൊണ്ടുള്ള കവിതയുടെ പിന്നത്തെ ഗതി.
തുളസിച്ചെടിയുടെ ആവിര്‍ഭാവത്തിനു പിന്നിലുള്ള കൗതുകാവഹമായ പുരാണകഥയുടെ വാച്യ വിസ്‌തരത്തിനു മുതിരാത്ത തുളസീചരിതത്തിലെ സംഭവങ്ങളുടെ സൂച്യസൂചനയാണ്‌ പ്രസ്‌തുതകവിതയില്‍ മഹാകവി കൈക്കൊണ്ടിട്ടുള്ള ആവിഷ്‌കരണോപാധി. അതിനു പ്രചോദനം നല്‍കിയതോ. ഗൃഹേശ്വരി തുളസിത്തറയില്‍ കൊളുത്തിവച്ച അന്തിത്തിരിയും!
ഗോലോകവാസിനിയായ ഒരു ഗോപികയായിരുന്നു തുളസീദേവി. ശ്രീകൃഷ്‌ണന്‍ അവളില്‍ അനുരക്തനായിത്തീര്‍ന്നു. രാധ അതു അറിഞ്ഞു. സാപത്‌ന്യമത്സരം കൊണ്ടും അഭ്യസൂയകൊണ്ടും ക്രുദ്ധയായ രാധ, “നീ ഒരു മനുഷ്യസ്‌ത്രീയായിത്തീരട്ടെ” എന്നു തുളസിയെ ശപിച്ചു. ശാപഗ്രസ്‌തയായ പാവം തുളസി തേങ്ങിക്കരഞ്ഞു. കദനപൂര്‍ണ്ണമായ അവളുടെ ഹൃദയരോദനം കണ്ണന്റെ കരളലിയിച്ചു. അദ്ദേഹം ഉത്തരീയാഞ്ചലം കൊണ്ടു തുളസിയുടെ കണ്ണുനീര്‌ ഒപ്പിയിട്ട്‌ സാന്ത്വനോക്തിയരുളി. “ദേവി! ഭവതി ദുഃഖിക്കരുത്‌. ധര്‍മ്മത്തിന്റെ കര്‍മ്മഭൂമിയായ ഭാരതവര്‍ഷത്തിലായിരിക്കും നിന്റെ മാനുഷീജന്മം. ചിരകാലത്തെ തപശ്ചര്യകൊണ്ടു പവിത്രീകൃതനായ ഭഗവാന്റെ കൗസ്‌തുഭാഞ്ചിതമായ വക്ഷസ്സില്‍ മഹാലക്ഷ്‌മിയോടൊപ്പം ലബ്‌ധാവകാശിനിയായി ഭവിക്കും.

ശ്രീകൃഷ്‌ണന്റെ വാഗ്‌ദാനം സാക്ഷാല്‍കൃതമായിത്തീര്‍ന്നതിന്റെ ഫലമായി തുളസിക്കുണ്ടായ മേന്മയെ മഹാകവി തന്റെ കവിതയില്‍ അനുസ്‌മരിച്ചിട്ടുണ്ട്‌. അതുമാത്രമല്ല തുളസിത്തറയില്‍ കൊളുത്തുന്ന അന്തിത്തിരി, നിസ്സാരമാണെങ്കിലും അതു അര്‍പ്പിക്കുന്നതില്‍ ആസ്‌തികള്‍ അഭിമാനം കൊള്ളുന്നതായും മഹാകവി അവകാശപ്പെടുന്നു.

കൈടഭാന്തകനുടെ കൗസ്‌തുഭരത്‌നപ്രഭാ
കുടദീപിതമാകും പ്രൗഢമാറിടത്തിങ്കല്‍
പൊല്‍ത്താരിന്‍മാതോടൊപ്പം വിളങ്ങും ഭവതിയെ-
ങ്ങത്യന്തം ലഘുവാമീകാണിക്കയെങ്ങോ ഭദ്രേ!
എങ്കിലും ലജ്ജിക്കുന്നില്ലിജ്ജനം വര്‍ഷകാല-
വങ്കരിക്കാറിന്നൊരു നീരാവി നിവേദിപ്പാന്‍.

രാധയുടെ ശാപമേറ്റ കൃഷ്‌ണപ്രീയയായ തുളസീദേവി ധര്‍മ്മധ്വജന്റേയും മാധവിയുടെയും മകളായി ഭൂമിയില്‍ ജനിച്ചു. കാര്‍ത്തിക പൗര്‍ണ്ണമി തിഥിയില്‍. മകളുടെ സൗന്ദര്യാതിശയംകണ്ട്‌ ഹര്‍ഷ പുളകിതരായ അച്ഛനമ്മമാര്‍ അവള്‍ക്ക്‌ തുളസി എന്നു പേരിട്ടു. യൗവ്വനയുക്തയായ തുളസി, താതമാതാക്കളുടെ ഇംഗിതത്തിനൊന്നും വഴങ്ങാതെ ജന്മവാസനാവൈഭവത്താലെന്നപോലെ കാട്ടില്‍ ചെന്നു തപസ്സിലേര്‍പ്പെടുകയാണുണ്ടായത്‌. എന്തു ജന്മവാസനയുണ്ടായാലെന്താ! വിധി വിഹിതം മറിച്ചായിരുന്നു.
ഗോലോകവാസിയായ ഒരു സുധാമന്‍ എന്തോ ഏഭ്യത്തരം കാണിച്ചതിന്റെ ഫലമായി രാധയുടെ തന്നെ ശാപംമൂലം ശംഖചൂഡന്‍ എന്ന ദാനവനായി ഭൂമിയില്‍ ജനിച്ചു കഴിഞ്ഞിരുന്നു. അവന്‍, തപസ്വിനിയായ തുളസിയുടെ സൗന്ദര്യത്തില്‍ ആകൃഷ്‌ടനായിത്തീര്‍ന്നു. അവളോടു പ്രേമാഭ്യര്‍ത്ഥനനടത്തി. തുളസി ആദ്യം അതു നിരസിച്ചെങ്കിലും ബ്രഹ്മാവിന്റെ മാദ്ധ്യസ്‌ഥതീരുമാനം അംഗീകരിച്ച്‌ ശംഖചൂഡനെ ഭര്‍ത്താവായി വരിച്ചു.

അസുരകുലജാതനായ ശംഖചൂഡന്‍ ബ്രഹ്മാവില്‍ നിന്നും ലഭിച്ച വരബലത്താല്‍ മൂവുലകും അടക്കി വാണു. ദേവന്മാര്‍ക്കു ഒരിടത്തും സ്ഥാനമില്ലാതായി. അവര്‍ പരമശിവനെ സമീപിച്ച്‌ അസുരഭരണമവസാനിപ്പിച്ചുകൊടുക്കണമെന്ന്‌ അപേക്ഷിച്ചു. പത്‌നിയായ തുളസിയുടെ പാതിവ്രത്യശക്തിയാണു ശംഖചൂഢനെ അജേയനാക്കിത്തീര്‍ക്കുന്നതെന്നും അവളുടെ ചാരിത്ര്യത്തിനു ഭംഗം വരുത്താതെ ശംഖചൂഡനെ നിഗ്രഹിക്കുക സാധ്യമല്ലെന്നും ശ്രീ പരമേശ്വരന്‍ ദേവന്മാരെ ധരിപ്പിച്ചു. അവര്‍ ശിവന്റെ നേതൃത്വത്തില്‍ മഹാവിഷ്‌ണുവിനെ സമീപിച്ചു വിവരം ധരിപ്പിച്ചു. അസുര നിഗ്രഹത്തിനു യാതൊരു പോംവഴിയുമില്ലെന്നുകണ്ട്‌ മഹാവിഷ്‌ണു ഒരു കപടതന്ത്രം തന്നെ കൈക്കൊണ്ടു. പുരാരിയായ ഇന്ദുചൂഢന്‍ സുരാരിയായ ശംഖചൂഡനോട്‌ ഏറ്റുമുട്ടുക. അതിനിടയില്‍ താന്‍ ശംഖചൂഡന്റെ കപട വേഷം പൂണ്ട്‌ തുളസിയുടെ ചാരിത്ര്യത്തിനുഭംഗം വരുത്തുക. ഇതായിരുന്നു മഹാവിഷ്‌ണു നിര്‍ദ്ദേശിച്ച കുതന്ത്രം. നിര്‍ദ്ദിഷ്‌ട്‌ തന്ത്രം രണ്ടും നിര്‍വഹിക്കപ്പെട്ടതോടെ ശംഖചൂഡന്‍ ഇന്ദുചൂഡനാല്‍ ഹതനായിത്തീരുകയും ചെയ്‌തു.

വഞ്ചിതയായി താന്‍ എന്നറിഞ്ഞ തുളസി വിഷ്‌ണുവിനെ ശപിച്ചു. “നീ ശിലാരൂപിയായിപ്പോകട്ടെ. ഒരവതാരത്തിലും സ്വശക്തി അറിയാതെ പോകട്ടെ”. പെട്ടെന്നു സമനിലകൈക്കൊണ്ട തുളസി ശാപം പിന്‍വലിച്ച്‌ മഹാവിഷ്‌ണുവിന്റെ പാദത്തില്‍ കുമ്പിട്ടും ഭഗവാന്‍ അവളെ പിടിച്ചെഴുന്നേല്‍പ്പിച്ച്‌ ആശ്വസിപ്പിച്ചു. “ഭദ്രേ! പെട്ടെന്നു നീ നിന്റെ ഭൗതിക ശരീരം വെടിയും, ലക്ഷ്‌മിക്കുതുല്യമായ നില എന്നില്‍ നിനക്കു ഉണ്ടായിരിക്കുകയും ചെയ്യും നിന്റെ ശരീരം ഗണ്ഡകീനദിയായും തലമുടി കൃഷ്‌ണ തുളസിച്ചെടിയായും പരിണമിക്കും. നിന്റെ ഭര്‍ത്താവിന്റെ അസ്‌തികളില്‍ നിന്നു ശംഖും ഉണ്ടാകും. തുളസിയും ശംഖും എന്റെ ആരാധനയ്‌ക്കായി ഭക്തജനങ്ങള്‍ പ്രയോജനപ്പെടുത്തു. അങ്ങനെ തുളസിയുടെ ദേഹം ഗണ്ഡകീ നദിയും തലമുടി തുളസിയുടെ ദേഹം ഗണ്ഡകീ നദിയും തലമുടി തുളസിച്ചെടിയായും രൂപാന്തരപ്പെട്ടുവത്രെ.

കഥയുടെ രൂപാന്തരം

പദ്‌മ പുരാണത്തില്‍ തുളസീചരിതം വ്യത്യസ്‌തമായിട്ടാണു പ്രസ്‌താവിച്ചിട്ടുള്ളത്‌. ജലന്ധരി പത്‌നിയായ വൃന്ദയുടെ സൗഷ്‌ഠവത്തില്‍ മഹാവിഷ്‌ണു മോഹിതനായതുകൊണ്ട്‌ ദേവന്മാര്‍ വിഷ്‌ണുവിനെ ആ ഏര്‍പ്പാടില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ പരമശിവനെ പ്രേരിപ്പിച്ചു. മോഹവും മോഹഭംഗവും പോലുള്ള സ്‌ത്രീപുരുഷവിഷയങ്ങളെല്ലാം മഹാമായയുടെ വകുപ്പില്‍പെട്ടവയാകയാല്‍ തനിക്കതില്‍ ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞു ശിവന്‍ ഒഴിഞ്ഞുമാറി. ദേവകള്‍, മഹാമായയെ നേരിട്ട്‌ കണ്ട്‌ വിഷ്‌ണുവിന്റെ പരസ്‌ത്രീസംഗ ദോഷത്തെപ്പറ്റി നിവേദനം നടത്തി. മഹാമായ അതുകേട്ടു ഊറിച്ചിരിച്ചുകൊണ്ടു പറഞ്ഞു. “ഞാന്‍ സത്വഗുണപ്രധിനിധീകരിച്ച്‌ ഏകവദ്‌ഭാവം പൂണ്ട്‌ നിങ്ങളുടെ മുമ്പില്‍ ആവിര്‍ഭവിച്ച്‌ ദര്‍ശനംതരും. അതോടെ വിഷ്‌ണുവിനെ കുടുക്കിയ മായാമോഹവലയം മുറിയും”.

മഹാമായ മൂന്നുദേവിമാരേയും പ്രതിനിധീകരിച്ച്‌ ഉടനടി മറ്റൊരു രൂപം കൈക്കൊണ്ടു ദേവകള്‍ക്കു ദര്‍ശനം അരുളി. ആ ദേവിരൂപം ദേവകള്‍ക്കു ഒരു മന്ത്രം ഉപദേശിച്ചു. ദേവകള്‍, ആ മന്ത്രം ജപിച്ചപ്പോള്‍ ദേവിയുടെ ശൗര്യംശത്തില്‍ നിന്നു തുളസിയും ലക്ഷ്‌മ്യാംശത്തില്‍നിന്നു പിച്ചിയും സ്വാഹാംശത്തില്‍ നിന്നു ആമലകിയും (നെല്ലി) ആവിര്‍ഭവിച്ചു.

തുളസിയുടെ വൈശിഷ്‌ട്യം

പദ്‌മപുരാണം ഉത്തരകാണ്ഡത്തില്‍ തുളസിയുടെ മഹത്വത്തെപ്പറ്റി എന്തെല്ലാമാണ്‌ പറഞ്ഞിരിക്കുന്നത്‌ ! കാര്‍ത്തികമാസത്തില്‍ തുളസിയുടെ ദര്‍ശനസ്‌പര്‍ശന പൂജകള്‍ കൊണ്ടു അന്നുവരെയുണ്ടായപാപം പരിഹരിക്കുപ്പെടും. തുളസികൊണ്ടുള്ള വിഷ്‌ണുപൂജ വൈകുണ്‌ഠ പ്രാപ്‌തിക്കു വഴിയൊരുക്കും. തുളസിയില്‍തട്ടി വരുന്ന കാറ്റിനു ദിവ്യൗഷധശക്തിയുണ്ട്‌. തുളസിച്ചെടി നിഴല്‍ വിരിക്കുന്ന സ്ഥാനത്തുവെച്ചു നടത്തുന്ന പിണ്ഡക്രിയ പിതൃക്കള്‍ക്കു പരമപ്രീതികരമാണ്‌. തുളസിത്തറയിലെ മണ്ണുകൊണ്ടു തിലകം തൊട്ടാല്‍ കലിബാധയകലും. ഇത്യാദി.

ബ്രഹ്മവൈവര്‍ത്ത പുരാണത്തിലെ ഗണേശകാണ്ഡത്തില്‍ ഗണപതി തുളസിയെ കീര്‍ത്തിക്കുന്ന ഒരു ഭാഗമുണ്ട്‌.

പുഷ്‌പാണാം സാരഭൂതാത്വം
ഭവിഷ്യതിമനോരമേ!
കലാംശേന മഹാഭാഗേ!
സ്വയം നാരായണപ്രിയേ!
പ്രിതാത്വം സര്‍വ്വദേവാനാം
കൃഷ്‌ണസ്യഹി വിശേഷത:
പൂജാവിമുക്തിദാ നൃണാം
മമത്യാജ്യാച സര്‍വദാ,

തുളസിയുടെ മേന്മയെ അംഗീകരിക്കുന്ന ഗണപതി, തുളസി തനിക്കു വര്‍ജ്ജ്യയാണെന്നു പറയാന്‍ എന്താണാവോകാരണം?
തുളസിയുടെ ഓരോ ഇലകളായിട്ടല്ല ഇതര്‍പ്പിന്റെ തലപ്പുകളാണു കിള്ളിയെടുക്കേണ്ടതെന്നാണു വിധി. അതു തന്നെ നിഷിദ്ധ ദിവസങ്ങളും സന്ദര്‍ഭങ്ങളും ഒഴിവാക്കിക്കൊണ്ടുവേണം.

പൂര്‍ണ്ണിമായാം അമായാം ച
ദ്വാദശ്യാം രവിസംക്രമേ
തൈലാഭ്യാംഗേന സ്‌നാതേന
മദ്ധ്യാഹ്‌നേ നിശി സന്ധ്യായോ:
അശൗചേ ശുചികാലേ ച
രാത്രിവാസാവൃതേ പിവാ
തുളസീം യേ ചാവഛിന്ദന്തി
തേ ഛിന്ദന്തീ ഹരേ: ശിര:”

എന്തെല്ലാം വിലക്കുകള്‍ ഒഴിവാക്കിവേണം തുളസിപ്പൂനുള്ളാന്‍ എന്നു നോക്കുക. വാവ്‌ രണ്ട്‌, ദ്വാദശി സംക്രമം, എന്നീ ദിവസങ്ങളില്‍ വയ്യ. എണ്ണ തേച്ചുകൊണ്ടുവയ്യ, തേച്ചുകുളികഴിഞ്ഞും വയ്യ. രാത്രി വയ്യ, ത്രിസന്ധ്യകളിലും വയ്യ, അശൌചം ഉള്ളപ്പോഴും തുളസികിള്ളിക്കൂട. അശൌചം തീര്‍ന്നാല്‍ തന്നെയും ഉടുത്തുകിടന്നുറങ്ങിയ വസ്‌ത്രം ധരിച്ചു കൊണ്ട്‌ തുളസിപ്പൂകിള്ളരുത്‌. ഇതിനൊക്കെവിപരീതമായി തുളസിനുള്ളുന്നവര്‍ക്ക്‌ വിഷ്‌ണുവിന്റെ ശിരസ്സറുത്താലുണ്ടാകുന്ന പാപമാണു ഫലം.

ഈ നിഷേധങ്ങളെ കണക്കിലെടുത്തു തുളസിപ്പൂ കിള്ളാമെന്നുവച്ചാലോ? അതിനുമുണ്ട്‌ വിധി, താഴേകാണുന്ന പ്രാര്‍ത്ഥന ഉരുക്കഴിച്ചുകൊണ്ടു വേണം തുളസിപ്പൂവ്‌ ഇറുക്കാന്‍.

മാതാതുളസീ ഗോവിന്ദ
ഹൃദയാനന്ദകാരിണി!
നാരായണസ്യപൂജാര്‍ത്ഥം
ലുനാമി ത്വാം നമോസ്‌തുതേ.
ത്വയാവിനാ മഹാഭാഗേ
സമസ്‌തം കര്‍മ്മനിഷ്‌ഫലം.
അതസ്‌തുളസി ദേവി ത്വാം
ചിനോമി വരദാഭവ.
ലവനോദ്‌ഭവദുഃഖം യദ്‌
ദേവി! തേഹൃദിവര്‍ത്തതേ
തല്‍ക്ഷമസ്വ ജഗന്മാത:
തുളസി ത്വം നമാമ്യഹം.

ഭഗവല്‍ പ്രിയയായ തുളസീമാതാവെ! അടിയന്‍ ഈ പൂകിള്ളുന്നത്‌ ദേവപൂജക്കാണ്‌. അവിടുത്തെ കൂടാതെയുള്ള പൂജാ കര്‍മ്മമേതും നിഷ്‌ഫലമാണു ദേവീ! അതുകൊണ്ടാണ്‌ ഈയുള്ളവന്‍ ഈ പൂ ശേഖരിക്കുന്നത്‌. അടിയനെ അനുഗ്രഹിക്കണെ! അടിയന്റെ കൈക്കുറ്റപ്പാടുകൊണ്ടു അവിടുത്തേക്കു തട്ടുന്ന നൊമ്പരമുണ്ടല്ലോ അത്‌ ലോകമാതാവായ അവിടുന്നു ക്ഷമിക്കണേ!
ഈ പ്രാര്‍ത്ഥനചൊല്ലികൊണ്ടു തുളസിതറക്കു വലത്തുവെച്ചതിനു ശേഷം മൂന്നു പ്രാവശ്യം കൈകൊട്ടി മുന്നറിയിപ്പ്‌ കൊടുത്തുവേണം തുളസിപ്പു ഇറത്തു തുടങ്ങാന്‍. അലക്ഷ്യഭാവത്തിലൊ അഹങ്കാരത്തോടുകൂടിയോ തുളസിയെ സ്‌പര്‍ശിക്കുപോലും ചെയ്യരുത്‌.
തുളസിച്ചെടിയുടെ മൂത്ത തടിചെത്തിയുരുട്ടി ഉണ്ടാക്കുന്ന തുളസിക്കുരുമാലധരിക്കുന്നവര്‍ക്കു അശ്വമേധം ചെയ്‌താലുണ്ടാകുന്ന പുണ്യംകിട്ടുമെന്നാണു പറയപ്പെടുന്നത്‌.

നമസ്‌തുളസി കല്യാണി!
നമോ വിഷ്‌ണുപ്രിയേ ശുഭേ!
നമോ മോക്ഷപ്രദേ ദേവി!
നമോ സമ്പല്‍ പ്രദായികേ!

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം