പെട്രോള്‍ വില ലിറ്ററിന് നാല് രൂപ കുറച്ചേക്കും

June 27, 2012 ദേശീയം

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് നാല് രൂപ കുറച്ചേക്കും. എണ്ണക്കമ്പനികള്‍ ജൂലായ് ഒന്നിന് വില കുറയ്ക്കുന്ന കാര്യം തീരുമാനിക്കും. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് വില കുറയ്ക്കാന്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ മെയ് 23 നാണ് ചരിത്രത്തിലെ ഏറ്റവും വില വര്‍ധനയിലൂടെ ലിറ്ററിന് 7.54 രൂപ കൂട്ടിയത്. അതിന് ശേഷം ഘട്ടം ഘട്ടമായി ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞുവന്നുവെങ്കിലും രൂപയുടെ മൂല്യത്തകര്‍ച്ച ചൂണ്ടിക്കാട്ടി വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ കൂട്ടാക്കിയിരുന്നില്ല.

ഡോളറുമായുള്ള വിനിമയനിരക്ക് ഇതേ സ്ഥിതിയില്‍ ഈ മാസം മുഴുവന്‍ തുടര്‍ന്നാല്‍ മാത്രമേ ജൂലായ് ഒന്നിന് വില നാല് രൂപ കുറയ്ക്കാന്‍ കഴിയൂവെന്ന് എണ്ണക്കമ്പനികള്‍ വ്യക്തമാക്കി. ആഗോള വിപണിയില്‍ ക്രൂഡിന്റെ വില ഒരു ഡോളര്‍ കുറയുമ്പോള്‍ ആഭ്യന്തര വിപണിയില്‍ പെട്രോളിന് 34 പൈസ കുറയ്ക്കാനാകും. അതേ സമയം ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ മൂല്യം ഒരു രൂപ താഴേക്ക് പതിക്കുമ്പോള്‍ ഇത് 75 പൈസ മുതല്‍ 80 പൈസയായി വര്‍ധിക്കും.

അതിനിടെ അന്താരാഷ്ട്ര വിപണിയിലെ വില നിലവാരത്തിനനുസരിച്ച് ദിനംപ്രതി പെട്രോള്‍ വില പുതുക്കുന്ന പദ്ധതി ഉടനെ നടപ്പാക്കാനംു ആലോചന നടക്കുന്നു. എണ്ണക്കമ്പനിളുമായി ഇതെക്കുറിച്ച് ചര്‍ച്ചനടത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം