സന്യാസി സമ്മേളനത്തിന്‌ തുടക്കമായി

June 27, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

കൊച്ചി: മാര്‍ഗദര്‍ശക്‌ മണ്ഡലിന്റെ ആഭിമുഖ്യത്തില്‍ രണ്ട്‌ ദിവസത്തെ സന്യാസി സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം. തമ്മനം അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തെ വിവിധ ആശ്രമ മഠാധിപതിമാരും പ്രതിനിധികളുമടക്കം നൂറിലധികം സന്യാസിമാര്‍ പങ്കെടുക്കും.

സമ്മേളനം രാവിലെ 10ന്‌ ശിവഗിരി മഠാധിപതി പ്രകാശാനന്ദ സ്വാമികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടനസമ്മേളനത്തില്‍ തൃശൂര്‍ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍, ശങ്കരാനന്ദ ബ്രഹ്മാനന്ദഭൂതി, ചിദാനന്ദപുരി സ്വാമി (അദ്വൈതാശ്രമം കോഴിക്കോട്‌), വേദാനന്ദ സരസ്വതി സ്വാമി (ഗീതാമന്ദിരാശ്രമം, പെരുവ, കോട്ടയം), ഗഭീരാനന്ദ സ്വാമി (ചിന്മയമിഷന്‍), പ്രശാന്താനന്ദ സരസ്വതി സ്വാമി (ശിവാനന്ദാശ്രമം, നന്മണ്ട, കോഴിക്കോട്‌) തുടങ്ങിയ പ്രമുഖ സന്യാസിമാര്‍ സന്നിഹിതരായിരിക്കും.

നാളെ ഉച്ചയ്ക്കുശേഷം 2.30ന്‌ നടക്കുന്ന സമാപനസമ്മേളനത്തില്‍ ഉഡുപ്പി പേജവാര്‍ മഠാധിപതി വിശ്വേശ്വതീര്‍ത്ഥ സ്വാമി സംബന്ധിക്കും. ഭൂരിപക്ഷം വരുന്ന ഹിന്ദു ജനതക്കെതിരെയുള്ള അവഗണനക്കും അവഹേളനത്തിനും അതിക്രമങ്ങള്‍ക്കുമെതിരെ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച്‌ സമ്മേളനം ചര്‍ച്ച ചെയ്ത്‌ തീരുമാനമെടുക്കും.

സംസ്ഥാനത്ത്‌ നടക്കുന്ന ന്യൂനപക്ഷപ്രീണനം, ലൗജിഹാദ്‌, നിര്‍ബന്ധിത മതംമാറ്റം, ഹിന്ദുക്കള്‍ ഒറ്റപ്പെട്ട്‌ താമസിക്കുന്നിടങ്ങളില്‍ സ്വത്തുക്കള്‍ ഭീഷണിപ്പെടുത്തിയും മറ്റും തട്ടിയെടുക്കല്‍, സംവരണാനുകൂല്യങ്ങള്‍ ഹിന്ദുവായതിന്റെ പേരില്‍ നിഷേധിക്കല്‍ എന്നിവയെ സമൂഹത്തിന്‌ ബോധ്യപ്പെടുത്തും. ക്ഷേത്രസ്വത്തുക്കള്‍ അന്യായമായി കയ്യടക്കിയവര്‍ക്കെതിരെ ശക്തമായ നടപടികളെക്കുറിച്ച്‌ യോഗം ചര്‍ച്ച ചെയ്യും. മദ്യം മയക്കുമരുന്ന്‌ മനസംഘര്‍ഷം തുടങ്ങിയവക്ക്‌ അടിമപ്പെട്ട യുവാക്കള്‍ക്ക്‌ ബോധവല്‍ക്കരണവും പ്രത്യേക പരിശീലനവും ലഹരിവിമുക്ത കുടുംബം എന്ന ആശയപ്രചരണവും നടത്തും.

ഗോ സംരക്ഷണം, കാവുകള്‍, കുളങ്ങള്‍, ജലസ്രോതസുകള്‍ തുടങ്ങിയവ മാലിന്യമുക്തമാക്കി സംരക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങളും നടപ്പാക്കാന്‍ സന്യാസിമാരും ആശ്രമങ്ങളും നേതൃത്വം നല്‍കും. ഹിന്ദുവിന്‌ അര്‍ഹിക്കുന്നതെല്ലാം ധാര്‍മ്മിക മാര്‍ഗത്തിലൂടെ നേടിയെടുക്കുന്നതിനും ഹൈന്ദവ ഏകീകരണത്തിനും സന്യാസിമാര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുവാനുള്ള കര്‍മ്മപരിപാടികള്‍ യോഗത്തില്‍ കൈക്കൊള്ളും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം