കബീര്‍ദാസന്‍

June 27, 2012 സനാതനം

പി.കെ.വാസുദേവന്‍നായര്‍
പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍ ഭാരതം അടിക്കടി മുസ്ലീങ്ങളുടെ ക്രൂരവും പൈശാചികവുമായ ആക്രമണത്തിന് വിധേയമായിരുന്നു. മതഭ്രാന്തരായിരുന്ന മുസ്ലീങ്ങള്‍ ഹിന്ദുദേവാലയങ്ങളെ നശിപ്പിക്കുകയും ഹിന്ദുക്കളെ ബലാല്‍ക്കാരമായി ഇസ്ലാമിലേക്ക്  പരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്തിരുന്നു. ഇസ്ലാം മതം സ്വീകരിക്കുന്നതിന് വിസമ്മിതിച്ചവര്‍ ‘ജിസിയാ’ എന്ന നികുതി നല്കണമെന്ന് നിര്‍ബന്ധിച്ചിരുന്നു. പക്ഷേ മുസ്ലീം ഭരണാധികാരികളുടെ അക്രമങ്ങളും അനീതികളും ഹിന്ദുമതത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനു മാത്രമാണ് പ്രയോജനപ്പെട്ടത്.

തങ്ങളുടെ കഷ്ടതകളേയും ദുഃഖങ്ങളേയും പരിഹരിക്കുന്നതിന് ഹിന്ദുക്കള്‍ മഹാവിഷ്ണുവിനോട് ഭക്തിയോടെ പ്രാര്‍ത്ഥന നടത്തി. വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനും ശ്രീകൃഷ്ണനും അവരുടെ ആരാധനാമൂര്‍ത്തികളായി. അക്കാലത്തെ അനുഗ്രഹീതരായ കവികളെല്ലാം ശ്രീരാമനേയും ശ്രീകൃഷ്ണനേയും കുറിച്ച് കവിതകള്‍ രചിച്ചു. രാമാനന്ദന്‍, ഉമാപതി, മീരാഭായി, തുളസീദാസ്, സൂരദാസ് മുതലായവരെല്ലാം അവരില്‍ ശ്രദ്ധേയരാണ്.

കവികളില്‍ അന്ന് ജാതിവ്യത്യാസത്തിന് സ്ഥാനമില്ലായിരുന്നു. സേനന്‍ എന്ന ക്ഷുരകനും ധന്നന്‍ എന്ന കൃഷീവലനും രൈരദാസ് എന്ന ചെരുപ്പുകുത്തിയും ഭക്തസന്ന്യാസികളെന്ന നിലയില്‍ ജനങ്ങളുടെ ഭക്ത്യാദരങ്ങള്‍ ആര്‍ജ്ജിച്ചു. ഹിന്ദുമതത്തിലേയും ഇസ്ലാമിലേയും ഭക്തന്മാര്‍ യോജിപ്പില്‍ വര്‍ത്തിക്കാനാരംഭിച്ചു. അവരുടെ ഐക്യത്തില്‍നിന്ന് ‘സൂഫികള്‍’ എന്നോരുവര്‍ഗ്ഗം ഉത്ഭവിച്ചു. സൂഫി എന്ന പദത്തിന് കരിമ്പടം എന്നും കരിമ്പടധാരി എന്നുമാണ് വാച്യാര്‍ത്ഥം, പക്ഷേ ആ പദംകൊണ്ട് സാധാരണ വിവക്ഷിച്ചുപോരുന്നതു ലൗകികമായ സുഖഭോഗങ്ങളൊക്കെ പരിത്യജിച്ച് പരുപരുത്ത കരിമ്പിടവും ധരിച്ച് ജീവിതവും മരണവും ത്യാഗവുമെല്ലാം ദൈവത്തിനായി സമര്‍പ്പിച്ചു കഴിഞ്ഞുകൂടുന്ന സിദ്ധന്മാരെയാണ്. സൂഫികളില്‍ മതഭേദമില്ലായിരുന്നു.

ശ്രീരാമാനുജരുടെ ഭക്തിമാര്‍ഗ്ഗവും അതിലെ പ്രേമഭാവവും സൂഫികള്‍ അംഗീകരിച്ചിരുന്നു. ഹിന്ദുസന്യാസികളും സൂഫിഭക്തന്മാരും ഏകോദരസഹോദരന്മാരെപ്പോലെ പെരുമാറി. ഇങ്ങിനെയുള്ള ഒരു കാലഘട്ടത്തിലായിരുന്നു മഹാത്മാവായിരുന്ന കബീര്‍ദാസന്‍ ജനിച്ചത്. ഹിന്ദുമതഗ്രന്ഥങ്ങളെ പുനരുദ്ധരിക്കുന്നതിനും ഹിന്ദീഭാഷയേയും ഹിന്ദുമുസ്ലീം മൈത്രിയേയും പുനഃസ്ഥാപിക്കുന്നതിനുവേണ്ടിയും മഹത്തായ സേവനങ്ങള്‍ അനുഷ്ഠിച്ച മഹായോഗിയായിരുന്നു കബീര്‍ദാസന്‍ശ്രീരാമാനന്ദന്‍ കാശിയിലുള്ള തന്റെ ആശ്രമത്തിലിരിക്കുമ്പോള്‍ ഒരു ബ്രാഹ്മണനും അദ്ദേഹത്തിന്റെ വിധവയായ പുത്രിയുംകൂടിചെന്ന് സ്വാമിയെ ദര്‍ശിച്ച് അനുഗ്രഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. സ്വാമി ആ ബ്രാഹ്മണവിധവയെ ഇപ്രകാരം അനുഗ്രഹിച്ചു. ‘നിനക്ക് ഒരു പുത്രന്‍ ജനിക്കും. അവന്‍ മഹാനായിത്തീരും. ഹിന്ദുമതത്തേയും മുസ്ലീം മതത്തേയും അവന്‍ ഏകോപിപ്പിക്കും’ പക്ഷേ വിധവയായ ബ്രാഹ്മണയുവതിക്ക് സന്താനം ജനിക്കുമെന്ന് അനുഗ്രഹിച്ചത് അവര്‍ക്ക് സന്തോഷത്തെക്കാള്‍ സന്താപമാണുളവാക്കിയത്.

ഏതായാലും മഹര്‍ഷിയുടെ വാക്കു ഫലിച്ചു. 1898ല്‍ വിധവ ഗര്‍ഭവതിയാകുകയും ഒരു ആണ്‍കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ആത്മാഭിമാനത്തെ ഭയന്ന് ആ വിധവ പ്രസവിച്ച ശിശുവിനെ ഉടനെതന്നെ കൊണ്ടുചെന്ന് ഗംഗാതീരത്തില്‍ പരിത്യജിച്ചു. അടുത്ത ദിവസം നൂറാ എന്ന മുസ്ലീം നെയ്ത്തുകാരനും അയാളുടെ വന്ധ്യയായ ഭാര്യ നീമയും കൂടി അതുവഴി വരികയും അവര്‍ ശിശുവിനെ കാണുകയും ചെയ്തു. സന്താനമില്ലാതിരുന്ന ദമ്പതികള്‍ ശിശുവിനെ എടുത്തുകൊണ്ടുപോയി വളര്‍ത്തി. കബീര്‍ എന്ന നാമധേയം ശിശുവിനു നല്‍കുകും ചെയ്തു.

കബീറിന്റെ ജന്മരഹസ്യത്തെപ്പറ്റി നല്ല നിശ്ചയമുണ്ടായിരുന്നു. അഷ്ഠാനന്ദന്‍ എന്ന ഹിന്ദുയോഗിയാണ് ശിശുവിനെ ആദ്യം വിദ്യ അഭ്യസിപ്പിച്ചത്. മുസ്ലീം അദ്ധ്യാപകരുടെ ശിക്ഷണം കബീറിനെ അശേഷം തൃപ്തനാക്കിയില്ല. ഗഹനങ്ങളായ വേദാന്തതത്വങ്ങള്‍ പോലും ഒരിക്കല്‍ കേട്ടാല്‍ ആ കുട്ടി ഹൃദിസ്ഥമാക്കിയിരുന്നു. ഹിന്ദുസന്യാസിമാരോട് കൂട്ടി കൂടുതല്‍ താല്പര്യം പ്രകടിപ്പിച്ചു. മുസ്ലീങ്ങള്‍ കബീര്‍ ഒരു കാഫറാണെന്നു മുദ്രകുത്തി. നെറ്റിയില്‍ ചന്ദനവും തോളില്‍ യജ്ഞോപവീതവും ധരിച്ചിരുന്ന കബീറിനെ ബ്രാഹ്മണപുരോഹിതര്‍ എതിര്‍ത്തു. അവര്‍ക്ക് കബീര്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. ‘ ഞാന്‍ ഒരു മുസ്ലീമും അതേസമയത്ത് ഒരു ഹിന്ദുവുമാണ്.’ എന്റെ നാവില്‍ കൃഷ്ണനും എന്റെ ദൃഷ്ടിയില്‍ രാമനും എന്റെ ഹൃദയത്തില്‍ നാരായണനും എന്റെ ധ്യാനത്തില്‍ റഹീമും സദാ സ്ഥിതിചെയ്യുന്നു.

കബീര്‍ ഒരിക്കല്‍ രാമാനന്ദന്റെ ഒരു വേദാന്തപ്രസംഗം കേള്‍ക്കുവാനിടയായി. അദ്ദേഹത്തിന്റെ പ്രസംഗം കബീറിനെ ആകര്‍ഷിച്ചു. രാമാനന്ദന്റെ ശിഷ്യനാകുന്നതിന് കബീര്‍ മോഹിച്ചു. പക്ഷേ മുസല്‍മാനെ ശിഷ്യനായി സ്വീകരിക്കുന്നതിന് ഒരു ഹിന്ദുയോഗിയായിരുന്ന രാമാനന്ദന്‍ വിസമ്മതിച്ചു. കബീര്‍ അതുകൊണ്ട് ഒരു കൗശലം പ്രയോഗിച്ചു. പതിവായി ഗംഗാസ്‌നാനത്തിന് രാമാനന്ദന്‍ ഇറങ്ങുന്ന സോപാനങ്ങളിലൊന്നില്‍ കബീര്‍ ചെന്ന് കിടന്ന് ഉറങ്ങി.

വെളുപ്പിന് മൂന്നുമണിക്ക് രാമാനന്ദന്‍ ഗംഗാസ്‌നാനത്തിന ചെന്നു. പടി ഇറങ്ങുമ്പോള്‍ അദ്ദേഹം അറിയാതെ കബീറിന്റെ ശരീരത്തില്‍ ചവുട്ടി. പെട്ടെന്ന് ‘റാം റാം’ എന്ന് അദ്ദേഹം ഉച്ചരിച്ചു. അതുകേട്ടു കബീര്‍ ചാടി എഴുന്നേറ്റ് ‘ഗുരോ നമസ്‌ക്കാരം’ എന്നു പറഞ്ഞു ഭക്തിപൂര്‍വ്വം വണങ്ങി.     ‘ഗുരു’ എന്ന സംബോധനകേട്ടു അദ്ദേഹം അമ്പരന്നു. അപ്പോള്‍ കബീര്‍ പറഞ്ഞു, ‘ഗുരോ സര്‍വ്വജഗദ് വ്യാപിയായ ഈശ്വരനെ രാമരൂപത്തില്‍ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുവാനാണല്ലോ അങ്ങിപ്പോള്‍ ഉപദേശിച്ചത്. ഇന്നുമുതല്‍ അങ്ങ് എന്റെ ഗുരുവാണ്.’ അതുകേട്ട് സന്തുഷ്ടനായ രാമാനന്ദന്‍ കബീറിനെ ശിഷ്യനായി സ്വീകരിച്ചു. ശിഷ്യനു വേണ്ട സകല വേദാന്തരഹസ്യങ്ങളും ഉപദേശിച്ചു.

ഗുരുവും പണ്ഡിതാഗ്രേസരന്മാരുമായുളള വാദപ്രതിവാദങ്ങള്‍ കബീര്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചിരുന്നു. അതില്‍നിന്ന് കബീറിനു വേദാന്തം. സാംഖ്യം എന്നിവയിലെല്ലാം വേണ്ടത്ര പരിജ്ഞാനം ലഭിച്ചു. അതിനുശേഷം കബീര്‍ വനാന്തരത്തില്‍ ചെന്ന് ഒരു ഗുഹയിലിരുന്ന് ദീര്‍ഘകാലം ഏകാന്തതപം ചെയ്തു. അദ്ദേഹം തിരിച്ചുവന്നപ്പോള്‍ ഒരു സിദ്ധിയോഗിയായി തീര്‍ന്നിരുന്നു.

ഉപജീവനമാര്‍ഗ്ഗമായി കബീര്‍ സ്വീകരിച്ചിരുന്നത് നെയ്ത്തായിരുന്നു. നെയ്ത വസ്ത്രങ്ങള്‍ അദ്ദേഹം തന്നെ ചുമന്നുകൊണ്ട് നടന്ന് വില്പനനടത്തി കിട്ടിയിരുന്ന ലാഭംകൊണ്ട് അദ്ദേഹം ജീവിച്ചു. വ്യാപാരത്തിന് സഞ്ചരിക്കുമ്പോള്‍ ‘ലോയി’ എന്നൊരു യുവതിയുമായി പരിചപ്പെടുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു.

ലോയിയും ഒരു പരിത്യക്ത ശിശുവായിരുന്നു. സ്ത്രീധനം ഭയന്നും ദാരിദ്രാധിക്യംകൊണ്ടും പ്രസവിച്ചയുടനെ ‘ലോയി’ എന്നു പറയുന്ന കമ്പിളിക്കഷണത്തില്‍ പൊതിഞ്ഞ് ദ്വാരമുള്ള പട്ടിയിലാക്കി ഗംഗാനദിയില്‍ ഒഴുക്കപ്പെട്ടു ഒരു സാധു ബ്രാഹ്മണകന്യകയായിരുന്നു അവര്‍. ഭാഗ്യവശാല്‍ ഒരു സന്യാസി അവരെ എടുത്തു വളര്‍ത്തി. ‘ലോയി എന്ന നാമകരണവും നല്‍കിയിരുന്നു. കബീറും ലോയിയും സന്തുഷ്ടവും ശാന്തവുമായ ഗ്രഹസ്ഥാശ്രമജീവിതം നയിച്ചു. അവര്‍ക്കു കമല്‍ എന്ന ഒരു പുത്രനും ജനിച്ചു. ഹിന്ദുശാസ്ത്രപ്രകാരമുള്ള ജീവിതമാണ് കബീര്‍ നയിച്ചിരുന്നത്.

തത്വജ്ഞാനിയും വേദാന്തിയുമായിരുന്ന കബീറിന് നിരവധി ശത്രുക്കളുണ്ടായി. കബീറിന്റെ മാഹാത്മ്യവും ധര്‍മ്മതല്‍പരതയും കണ്ട് ബ്രാഹ്മണര്‍ അദ്ദേഹത്തെ എങ്ങിനേയും ഒതുക്കുന്നതിനുള്ള ഗൂഢമാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞു. ഹിന്ദുമതാചാരങ്ങളും ഹിന്ദുദേവാരാധനയും നടത്തിയിരുന്നതുകൊണ്ടു മുഹമ്മദീയരും അദ്ദേഹത്തെ വെറുത്തു. മുഹമ്മദീയര്‍ സിക്കന്ദര്‍ ലോഡിയോട് കബീര്‍ മുസ്ലീങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നുവെന്ന് പരാതിപ്പെട്ടു. സിക്കന്ദര്‍ ലോഡി കബീറിനെ മഹാനാണെന്ന് ബോദ്ധ്യമായതുകൊണ്ട് വെറുതെ വിട്ടു. എന്നാല്‍ മുസ്ലീങ്ങള്‍ ലോഡിയോട് വളരെ സ്വാതന്ത്ര്യവും സ്വാധീനവുമുണ്ടായിരുന്ന ത്വിസാഹിബ്ബിനെ സ്വാധീനിച്ചു. തക്വിസാഹിബ്ബ് കബീറിന്റെ പേരില്‍ ശിക്ഷണപരിപാടി എടുക്കുന്നതിന് ലോഡിയെ പ്രേരിപ്പിച്ചു. പ്രേരണക്കു വശഗനായ ലോഡി കബീര്‍ ഒന്നുകില്‍ ഇസ്ലാം മതത്തെ പൂര്‍ണ്ണമായി അനുകരിക്കുകയോ അല്ലാത്തപക്ഷം വധശിക്ഷ സ്വീകരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

ഹിന്ദുമതവും മുസ്ലീം മതവും ഭിന്നമല്ലെന്നും സദാചാരവും സങ്കീര്‍ത്തനങ്ങളും താന്‍ കൈവെടിയുകയില്ലെന്നും ഈശ്വരന് ഇഷ്ടംപോലെ നാമവും രൂപവും നല്‍കുമെന്നും കബീര്‍ നിര്‍ഭയമായി ലോയിയോടു മറുപടി പറഞ്ഞു. ശരീരമല്ല മനുഷ്യനെന്നും അവ എന്നായാലും നശിക്കുമെന്നും നാശമില്ലാത്തതു ആത്മാവുമാത്രമാണെന്നും അതിനാല്‍ ശരീരനാശത്തെ മനുഷ്യന്‍ ഭയപ്പെടേണ്ടതില്ലെന്നും കബീര്‍ ലോഡിയെ അറിയിച്ചു. ക്രുദ്ധനായി തീര്‍ന്ന ലോഡി കബീറിന്റെ കൈയ്യും കാലും വരിഞ്ഞുകെട്ടി സമുദ്രത്തില്‍ എറിയുന്നതിനു ആജ്ഞാപിച്ചു.

ലോഡിയുടെ അനുയായിവര്‍ഗ്ഗം കയ്യും കാലും വരിഞ്ഞുകെട്ടി സമുദ്രത്തില്‍ എറിഞ്ഞു. അത്ഭുതകരമായവിധത്തില്‍ കബീര്‍ രക്ഷപ്പെട്ടു. കബീര്‍ ജാലവിദ്യക്കാരനും മായാവിയും മാന്ത്രികനുമാണെന്ന് നിത്വസാഹിബ്ബാ ലോഡിയെ അറിയിച്ചു. അതിനാല്‍ കബീറിന് വീണ്ടും പുതിയ ശിക്ഷ നല്‍കി. കബീറിനെ ബന്ധിച്ച് ഒരു മദയാനയുടെ മുമ്പില്‍ ഇടപ്പെട്ടു. മദം പൊട്ടിയ ആന കബീറിനെ ദര്‍ശിച്ചയുടനെ മുട്ടുകുത്തിനമസ്‌കരിച്ചു. അതിനുശ്ശേഷം ആന ഒരു ശാന്തജീവിയെപ്പോലെ അവിടെനിന്നും നടന്നുപോയി.

എന്നിട്ടും ലോഡിയുടെ വിദ്വേഷം ശമിച്ചില്ല. കൈകാലുകള്‍ ബന്ധിച്ച് കബീറിനെ അഗ്നികുണ്ഡത്തില്‍ ഇടുന്നതിന് ലോഡി ആജ്ഞാപിച്ചു. രാജാവിന്റെ ആജ്ഞാനുസരണം അഗ്നികുണ്ഡം തയാറാക്കിയിട്ട് കബീറിനെ ബന്ധിച്ച് അതിന് ഉള്ളിലേക്ക് വലിച്ചെറിഞ്ഞു. പെട്ടെന്ന് അഗ്നികെട്ടടങ്ങി. കബീറിന്റെ വസ്ത്രങ്ങള്‍പോലും കരിയുകയോ മുഷിയുകയോ ചെയ്തില്ല. അന്നു മുതല്‍ കബീര്‍ യഥാര്‍ത്ഥ മഹാത്മാവാണെന്ന് മുസ്ലീങ്ങളും ഹിന്ദുക്കളും ഒന്നുപോലെ അംഗീകരിച്ചു. അനവധി മുസ്ലീങ്ങളും ഹിന്ദുക്കളും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. ഭിന്നമതങ്ങളില്‍പ്പെട്ട ശിഷ്യന്മാര്‍ സാഹോദര്യത്തില്‍ വര്‍ത്തിക്കുകയും ചെയ്തു.

കബീര്‍ 120 വയസ്സുവരെ ജീവിച്ചിരുന്നു. ജീവിതോദ്ദേശം നിറവേറി എന്നു ബോധ്യമായപ്പോള്‍ സ്വമേധയാ ശരീരം ത്യജിച്ചു. ഒരു ഹിന്ദു കാശിയില്‍ വെച്ചു മരിച്ചാല്‍ പുണ്യമാണെന്നും അതിനു സമീപമുള്ള മഖറയില്‍വെച്ചു മരിച്ചാല്‍ നരകമാണെന്നും ഹിന്ദുക്കളുടെ ഇടയില്‍ ഒരു വിശ്വാസമുണ്ടായിരുന്നു. മരിക്കുന്ന സ്ഥലമനുസരിച്ചല്ല പുണ്യപാപങ്ങള്‍ അനുസരിച്ചാണ് പരലോകാനുഭവങ്ങള്‍ എന്നു തെളിയിക്കുന്നതിനുവേണ്ടി സമാധി അടുത്തപ്പോള്‍ കബീര്‍ മഖറയില്‍ ചെന്നാണു ശരീരംത്യജിച്ചത്.

കബീര്‍ സമാധിയടഞ്ഞപ്പോള്‍ മൃതശരീരം കുഴിച്ചിടണമെന്നും അതല്ല ദഹിപ്പിക്കണമെന്നും മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മില്‍ വാദമുണ്ടായി. അപ്പോള്‍ അവിടെ ഒരു വൃദ്ധസന്യാസി എത്തിച്ചേര്‍ന്നു. അദ്ദേഹം എല്ലാം കേട്ടിട്ട് മൂടുവസ്ത്രം എടുത്ത് ഗുരുവിന്റെ ദര്‍ശനം കഴിച്ചിട്ട് തര്‍ക്കം തുടരുവാന്‍ അഭിപ്രായപ്പെട്ടു. വസ്ത്രം മാറ്റിയപ്പോള്‍ അവിടെ കണ്ടത് മൃതശരീരമായിരുന്നില്ല. സുഗന്ധം വഹിക്കുന്ന മനംമയക്കുന്ന നവകുസുമങ്ങള്‍ കൊണ്ടുള്ള ഒരു ആള്‍രൂപമായിരുന്നു അവിടെ ദര്‍ശിച്ചത്. തിരിഞ്ഞുനോക്കിയപ്പോള്‍ സന്യാസിയെ അവിടെ കണ്ടതുമില്ല. ശിഷ്യന്മാര്‍ അവിവേകത്തില്‍ പശ്ചാത്താപം പ്രകടിപ്പിച്ചു. ശിഷ്യന്മാര്‍ പുഷ്പസമൂഹത്തെ രണ്ടായി ദഹിപ്പിച്ചു. മറ്റേഭാഗം കുഴിച്ചിട്ട് മുഹമ്മദീയര്‍ അവിടെ ഒരു ശവകുടീരവും നിര്‍മ്മിച്ചു. രണ്ടു സമാധിസ്ഥാനങ്ങളാലും ഇപ്പോള്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ആരാധന നടത്തുന്നുമുണ്ട്.

കബീര്‍ അനശ്വരനായ ഒരു കവിയാണ്. അദ്ദേഹത്തിന്റെ നിര്‍മ്മലവും ഭക്തിപൂര്‍ണ്ണവുമായ ഹൃദയം ഹിന്ദീഭാഷയിലുള്ള സുന്ദരകവനങ്ങളില്‍കൂടി നമുക്ക് ദര്‍ശിക്കുവാന്‍ കഴിയും. അദ്ദേഹം പാടിയിരുന്ന പദങ്ങള്‍ ശിഷ്യന്മാര്‍ അപ്പോഴപ്പോള്‍ എഴുതി എടുക്കുകയോ കാണാതെ പഠിക്കുകയോ ചെയ്തിരുന്നു. അങ്ങിനെ ഉണ്ടായവയാണ് ‘കബീര്‍ സൗടി’ ‘ബീജക്’ ‘സുഖനിധാന്‍’ ‘ഗുരുമാഹാത്മ്യം’ അമാ മൂല’ മുതലായ അനര്‍ഘകൃതികള്‍.

ബീജകിലെ കബീറിന്റെ അഭിപ്രായം നോക്കുക, ‘ഈശ്വരന്‍ ഒന്നുമാത്രമാണ് ; രണ്ടില്ല. അദ്ദേഹം മാത്രമാണ് രാമനും-ഖുദാവും ശക്തിയും ശിവനും, അദ്ദേഹത്തിന്റെ ഒരു പേരില്‍ അവരവരുടെ രുചിയനുസരിച്ച് മുറുകെപ്പിടിച്ചുകൊണ്ട് സംസാരവാരിധിയെ നീന്തിക്കടക്കുക’ എന്ന്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈശ്വരന്റെ ക്ഷേത്രം പരിശുദ്ധഹൃദയത്തിലാണ്. ക്ഷേത്രങ്ങളിലോ പള്ളികളിലോ ബിംബങ്ങളിലോ ജപം, വ്രതം, പൂജ തുടങ്ങിയ ചടങ്ങുകളഇലോ കബീര്‍ അത്രപ്രാധാന്യം നല്‍കിയിരുന്നില്ല. പൂജാരിയും തോട്ടിയും രാജാവും ഭിക്ഷുവും അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ തുല്യരായിരുന്നു.

കര്‍മ്മഫലം മനുഷ്യര്‍ നിശ്ചയമായും അനുഭവിക്കുന്നു എന്നും സംസ്‌കാരവിശേഷമനുസരിച്ച് ജന്മങ്ങളുണ്ടാകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സല്‍സംഗവും ഗുരുവിന്റെ ഉപദേശങ്ങളും ഭക്തിയുമാണ് ജ്ഞാനം നല്‍കുന്നതെന്നും ജ്ഞാനം മുക്തിക്കുനിദാനമാണെന്നും മുക്തന് ഈശ്വരനെ സ്ഥൂലനേത്രങ്ങള്‍കൊണ്ട് ഏതുരൂപത്തില്‍ വേണമെങ്കില്‍ കാണാമെന്നും ദേഹനാശത്തോടെ മുക്തദേഹി നിത്യാനന്ദമടയുമെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു.

ഉപനിഷ്ത്ത് വേദം എന്നിവയെ ഖുറാനും ബൈബിളുമായി താരതമ്യം ചെയ്ത് കബീര്‍ ജനങ്ങള്‍ക്ക് വ്യാഖ്യാനിച്ചു കൊടുത്തിരുന്നു. ഏകദൈവത്തിന്റെ പലരൂപങ്ങളേയും ഏകമതത്തിന്റെ വിവിധശാഖകളേയും പരാമര്‍ശിച്ച് മനുഷ്യരുടെ സാഹോദര്യസത്വഭാവനയെ പ്രകടിപ്പിച്ച ആദ്യത്തെ ആദ്ധ്യാത്മിക ആചാര്യനാണ് കബീര്‍ ദാസന്‍.

ഗുരുവിനെ പ്രസാദിപ്പിച്ചാല്‍ ഈശ്വരസാക്ഷാല്‍ക്കാരം ലഭിക്കും. ഗുരുതന്നെയാണ് ദൈവം. ഏകാഗ്രമായി ഈശ്വരനെയോ ഗുരുവിനെയോ ധ്യാനിക്കുന്നുവെന്നു മനഃസംയമനമുണ്ടായി യോഗസിദ്ധി കൈവരുത്താം, മനസ്സിനെ ജയിച്ചവന് പ്രകൃതിമുഴുവന്‍ സ്വാധീനമാകും. അവന് അസാദ്ധ്യമായി ഈ ലോകത്ത് യാതൊന്നുമില്ല. ലോകവും അതിലുള്ള ഓരോന്നും താനും ഓന്നാണെന്നും അതില്‍ നിന്ന് അന്യമായിട്ടൊന്നുമില്ലെന്നുമറിയുക, കരുണയും സ്‌നേഹവും ആദര്‍ശമായി കരുതുന്നവനുമാത്രമേ സുഖം നിത്യമായി ലഭിക്കുകയുള്ളൂ.

തന്റെ വിചാരങ്ങളും വാക്കുകളും പ്രവര്‍ത്തികളും തന്നില്‍തന്നെ പ്രതിഫലിപ്പിക്കണം. വ്യഭിചാരചിന്തയും ലഹരിപദാര്‍ത്ഥങ്ങളും വര്‍ജ്ജിക്കണം, മനസാ, വാചാ, കര്‍മ്മണാ ഒരു ജീവിയേയും ഹിംസിക്കരുത്. ഒന്നില്‍ ആരിലും തിന്മകാണരുത്. സ്വാര്‍ത്ഥവും പ്രത്യുപകാര ചിന്തയും ത്യജിക്കണം. ശരീരത്തിനോടുള്ള മമത ഉപേക്ഷിക്കണം. പരദൂഷ്യങ്ങളില്‍ മനസ്സിനെ വ്യാപരിപ്പിക്കരുത്.

സത്യം, അഹിംസ, സേവനം എന്നിവയില്‍ ശ്രദ്ധിക്കണം. സല്‍സംഗം മനുഷ്യനു സമാധാനവും ദുര്‍ജ്ജന സംഗംമനുഷ്യന് അശാന്തിയും നല്‍കുന്നു. ഭക്തി, ജ്ഞാനം, വൈരാഗ്യം എന്നിങ്ങനെ ക്രമത്തില്‍ മുക്തി സാധനകളെ സ്വീകരിക്കണം, ആശകളില്‍നിന്നും ജനനമരണങ്ങളില്‍നിന്നുമുള്ള വിമോചനമാണ് മുക്തി. അതുതന്നെയാണ് നിത്യാനന്ദവും. അതായിരിക്കണം ജീവിതത്തിന്റെ പരമമായ ആദര്‍ശവും ലക്ഷ്യവും. ഇവയായിരുന്നു കബീര്‍ ദാസന്റെ ദിവ്യവും അമൂല്യവുമായ ഉപദേശങ്ങള്‍, ആ ഉപദേശങ്ങള്‍ ജീവിതത്തില്‍ വെളിച്ചം വീശുവാന്‍ ഇടയാകട്ടെ!

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം