വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് വി.എസ്‌

June 27, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനം മറികടന്ന്  മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കുമെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടി ലീഗിന് മുന്നില്‍ മുഖ്യമന്ത്രി മുട്ടുമടക്കുന്നു. അബ്ദുറബ്ബ് മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചു. കോടിക്കണക്കിന് രൂപ കോഴവാങ്ങാന്‍ നീക്കം നടക്കുന്നു – വി.എസ് പറഞ്ഞു. എയിഡഡ് പദവിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണ് മുഖ്യമന്ത്രി വിശദീകരിക്കണം. സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കിയത് റദ്ദാക്കണം. വിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി ഇന്നലെ തിരുത്തി. എന്താണ് വസ്തുതയെന്ന് വിശദീകരിക്കണം. ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ടാണ് വി.എസ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്.

എല്‍.ഡി.എഫ് ഭരണകാലത്ത് മലബാറിലെ 35 സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനാണ്  തീരുമാനിച്ചതെന്ന് വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. ഇക്കാര്യം അന്ന് എല്‍.ഡി.എഫില്‍ ചര്‍ച്ചചെയ്തിരുന്നുവെന്നും ഇറങ്ങിപ്പോക്കിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വി.എസ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം