അയോധ്യ: സുപ്രീംകോടതി വിധിക്ക് പരക്കെ സ്വാഗതം

September 29, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി:അയോധ്യാ കേസിലെ വിധി പ്രസ്താവം നീട്ടിവെക്കേണ്ടതില്ലെന്ന സുപ്രീംകോടതി തീരുമാനത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സമുദായ സംഘടനകളും സ്വാഗതംചെയ്തു. ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, സമാജ്‌വാദി പാര്‍ട്ടി, ആര്‍.എസ്.എസ്, വി.എച്ച്.പി., മുസ്‌ലിം സംഘടനകള്‍ എന്നിവയാണ് വിധിയെ പിന്തുണച്ച് രംഗത്തെത്തിയത്. അതേസമയം കേസില്‍ വ്യാഴാഴ്ച അലഹബാദ് ഹൈക്കോടതി വിധിപറയുമെന്ന് ഉറപ്പായതോടെ രാജ്യമെങ്ങും കനത്തജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി. സുപ്രീംകോടതി വിധിയിലൂടെ കേസിലെ അനിശ്ചിതത്വം നീങ്ങിയതായി ബി.ജെ.പി. വക്താവ് പ്രകാശ് ജാവ്‌ദേക്കര്‍ പ്രതികരിച്ചു. വിധിയില്‍ പാര്‍ട്ടി എന്തു പ്രതീക്ഷിക്കുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ വിസമ്മതിച്ച അദ്ദേഹം, രാജ്യത്ത് ശാന്തിയും സമാധാനവും വളര്‍ത്താന്‍ പാര്‍ട്ടി ജനങ്ങളോട് അഭ്യര്‍ഥിക്കുന്നതായി അറിയിച്ചു.
കേസിന്റെ നിയമനടപടികളില്‍ കാലതാമസമുണ്ടാവരുതെന്ന് ബി.ജെ.പി നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് സുപ്രീംകോടതിവിധി സ്വാഗതംചെയ്ത് പാര്‍ട്ടിവക്താവ് നിര്‍മല സീതാരാമന്‍ പറഞ്ഞു. കോടതിവിധി സ്വാഗതംചെയ്യുന്നതായി കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു. പ്രശ്‌നം സമവായചര്‍ച്ചകളിലൂടെയോ കോടതി ഉത്തരവിലൂടെയോ പരിഹരിക്കണമെന്നാണ് പാര്‍ട്ടി എന്നും അഭിപ്രായപ്പെട്ടിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതിവിധി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുകയോ പ്രശ്‌നം പാര്‍ലമെന്റ് പരിഗണിക്കുകയോ വേണമെന്ന ബി.ജെ.പി നേതാവ് വിനയ് കട്യാറുടെ ആവശ്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ കോടതിവിധി ആദരിക്കപ്പെടണമെന്ന് രാജ്യത്ത് പൊതുതത്ത്വമുണ്ടെന്നായിരുന്നു ദ്വിവേദിയുടെ മറുപടി.
സുപ്രീംകോടതി തീരുമാനം ഉചിതമായെന്ന് ആര്‍.എസ്.എസ് നേതാവ് രാം മാധവ് പറഞ്ഞു. നിയമനടപടികളെ വഴിതിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സുപ്രീംകോടതിയെ സമീപിച്ചതിലൂടെ വ്യക്തമായത്. ഹര്‍ജിക്കാരന് അയോധ്യക്കേസില്‍ ഇടപെടേണ്ട കാര്യമില്ല. നിരസിക്കപ്പെടേണ്ട ഹര്‍ജിയായിരുന്നു അത്. ഇപ്പോള്‍ സുപ്രീംകോടതി അത് തള്ളി. പ്രശ്‌നത്തിലെ നിയമനടപടികളില്‍ മുന്നോട്ടുള്ള ചുവടുവെപ്പാണ് ഹൈക്കോടതിവിധി. ബാക്കി കാര്യങ്ങളെല്ലാം പിന്നീട് തീരുമാനിക്കപ്പെടും” – രാം മാധവ് പറഞ്ഞു.
ഹര്‍ജി തള്ളിയതിലൂടെ സുപ്രീംകോടതി രാജ്യത്തെങ്ങമുള്ള ഹിന്ദുക്കളുടെ വികാരം ഉയര്‍ത്തിപ്പിടിച്ചതായി വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷന്‍ അശോക് സിംഘല്‍ പ്രതികരിച്ചു. പ്രശ്‌നപരിഹാരത്തിനുള്ള ഏകമാര്‍ഗം പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ രാമക്ഷേത്രം പണിയുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധിയെ സ്വാഗതംചെയ്ത അദ്ദേഹം വിധി എതിരാണെങ്കില്‍ തങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നറിയിച്ചു. വിധിയെന്തായാലും ഹിന്ദുസമുദായാംഗങ്ങളോട് സംയമനം പാലിക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം