സുര്‍ജിത് സിങ് പാക് ജയിലില്‍നിന്ന് മോചിതനായി

June 28, 2012 പ്രധാന വാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ഇസ്‌ലാമാബാദ്: മൂന്നു ദശാബ്ദക്കാലമായി പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ സുര്‍ജിത് സിങ്(69)മോചിതനായി. പാക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയില്‍ രാവിലെ പത്തുമണിയോടെ വാഗാ അതിര്‍ത്തിയില്‍ എത്തിച്ചസുര്‍ജിത്തിനെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു.

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ചാരപ്പണി നടത്തിയെന്ന പേരില്‍ 1982ല്‍ പ്രസിഡന്റ് സിയാവുല്‍ ഹഖിന്റെ കാലത്താണ് സുര്‍ജിത് പാക് തടവിലാകുന്നത്. ലഹോറിലെ കോട്ട് ലഖ്പത് ജയിലില്‍ കഴിയുകയായിരുന്ന സുര്‍ജിത് സിങ്ങിന് വധശിക്ഷയാണു വിധിച്ചിരുന്നതെങ്കിലും 1989ല്‍ ബേനസീര്‍ ഭൂട്ടോയുടെ കാലത്തു തന്നെ ശിക്ഷ ജീവപര്യന്തമാക്കി ചുരുക്കുകയായിരുന്നു.

വിവാദങ്ങള്‍ക്കിടയിലാണ് സുര്‍ജിത്തിന്റെ മോചനം.
പാക് തടവില്‍ കഴിയുന്ന സരബ്ജിത് സിങ്ങിനെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് എട്ടു മണിക്കൂറിന് ശേഷം പാകിസ്ഥന്‍ സര്‍ക്കാര്‍ സരബ്ജിത്തിനെയല്ല സുര്‍ജിത് സിങ്ങിനെയാണ് വിട്ടയക്കുന്നതെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അന്നത്തെ പ്രസിഡന്റ് ഗുലാം ഇസ്ഹാഖ് ഖാന്റെ ഉത്തരവ് ഇപ്പോള്‍ നടപ്പാക്കുക മാത്രമാണെന്നാണു പാക്കിസ്ഥാന്റെ വിശദീകരണം.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍