പരിധിയില്ലാത്ത ദീര്‍ഘദര്‍ശനം

June 28, 2012 പാദപൂജ

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

വര്‍ത്തമാനകാലഘട്ടത്തിന്റെ പച്ചപ്പരപ്പില്‍നിന്ന് സങ്കീര്‍ണമായ ഭാവിയുടെ മറകള്‍ കടന്ന് സൂക്ഷ്മ ചിന്തനം നടത്തുന്നതിന് എന്റെ ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ക്കുണ്ടായിരുന്ന അന്യാദൃശപാടവം ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. തുണ്ടത്തില്‍ മാധവവിലാസം ഹൈസ്‌ക്കൂളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കേ എനിക്കുണ്ടായിരുന്ന ഒരനുഭവം വിവരിക്കാം. ഉദ്ദേശം രണ്ടു കിലോമീറ്ററോളം ദൂരമുണ്ട് ആശ്രമത്തില്‍ നിന്നും സ്‌കൂളില്‍ചെന്നെത്തുന്നതിന്. പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയം. ഒരുദിവസം പ്രത്യേക സൂചനയൊന്നും നല്കാതെ സ്വാമിജി  എന്നോടിങ്ങനെപറഞ്ഞു.” ഇന്നിനി സൈക്കിളു കൊണ്ടുപോകണ്ടെടോ”. കൊണ്ടുപോകുന്നില്ലെന്നു ഞാന്‍ ഉടന്‍തന്നെ തീരുമാനിച്ചു. (സൈക്കിളിലാണ് ഞാന്‍ സാധാരണ സ്‌കൂളില്‍ പോയികൊണ്ടിരുന്നത്) ”തിരുവായ്ക്ക് എതിര്‍വായി”ല്ലെന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാകത്തക്കരീതിയില്‍ വളരെപ്പെട്ടെന്നാണ് വിചാരിച്ചിരിക്കാതെ ഇത്തരമൊരഭിപ്രായം പറഞ്ഞതെങ്കിലും ഞാനതുശരിസാവഹിച്ചു. പരീക്ഷയുടെ ചോദ്യപേപ്പര്‍ പൊട്ടിക്കേണ്ട ചുമതല എന്നില്‍ നിക്ഷിപ്തമായിരുന്നു. എന്തുതന്നെയായാലും സൈക്കിളെടുക്കുന്നില്ലെന്ന തീരുമാനത്തിന് മാറ്റമുണ്ടായില്ല. പതിവില്‍ കവിഞ്ഞ് അന്ന് സമയം താമസിക്കുകയും ചെയ്തിരുന്നു. കുട്ടികളും മറ്റദ്ധ്യാപകരും പോയിക്കഴിഞ്ഞിരുന്നു. ഞാന്‍ കാല്‍നടയായി സ്‌കൂളിലേക്ക് തിരിച്ചു. ചേങ്കോട്ടുകോണം കവലയില്‍ എത്തി. ഒരു വലിയ ജനക്കൂട്ടം സ്‌കൂളിലേക്കുപോകുന്ന റോഡില്‍ നിറഞ്ഞിരുന്നു. ആകാംക്ഷയോടെ ഞാന്‍ സ്ഥലത്തെത്തി. സ്‌കൂളിലേക്കുള്ള സര്‍വീസ് ബസ്സ് എതിരേവന്ന ലോറിയുമായി കൂട്ടിമുട്ടി ചേങ്കോട്ടുകോണം തുണ്ടത്തില്‍റോഡില്‍ കിടക്കുകയായിരുന്നു. ആളപായമൊന്നും ഇല്ലെന്നറിഞ്ഞ സമാധാനത്തോടുകൂടി ഞാന്‍ സ്‌കൂളിലേക്കുതന്നെ നടന്നു. താമസിച്ചതിന്റെ മന:പ്രയാസവും ചോദ്യപേപ്പര്‍ പൊട്ടിക്കേണ്ട ഉത്തരവാദിത്വവും എന്റെമനസ്സില്‍ തിങ്ങിനിറഞ്ഞിരുന്നു. സ്‌കൂളിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ മറ്റദ്ധ്യാപകരാരുംതന്നെ എത്തിയതായി കണ്ടില്ല. ഇടിച്ചുകിടക്കുന്ന ബസ്സിനുള്ളിലധികവും പരീക്ഷക്കെത്തിച്ചേരേണ്ട അദ്ധ്യാപകരായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. പരീക്ഷയെപ്പറ്റി അന്വേഷിക്കാന്‍ എത്തേണ്ട ഉദ്യോഗസ്ഥനും ആ ബസ്സില്‍തന്നെ കുടുങ്ങിയിരുന്നു. ഏതായാലും പരീക്ഷ മറ്റൊരു സമയത്തേക്ക് മാറ്റിവയ്‌ക്കേണ്ടിവന്നു. അന്ന് സൈക്കിള്‍ കൊണ്ടുപോയിരുന്നുവെങ്കില്‍ തലയില്‍ ചുമന്നുമാറ്റേണ്ടിവരുമായിരുന്നു. അതില്‍ കവിഞ്ഞ് മറ്റൊരുസത്യം കൂടിയുണ്ട്. ഒരുപക്ഷേ കൂട്ടിയിടിക്കലിന്റെ സമയമായിരുന്നോ സൈക്കിളില്‍ അവിടെ എത്തേണ്ടിയിരുന്നതെന്ന് അറിയില്ല. ദീര്‍ഘവീക്ഷണത്തോടെയുള്ള സ്വാമിജിയുടെ തിരുവായ്‌മൊഴികള്‍ ഒരു മഹാവിപത്തൊഴിവാക്കിയെന്നുതന്നെ പറയാം. അദ്ധ്യാപകരെല്ലാം അല്പംകഴിഞ്ഞു വന്നുചേര്‍ന്നു. പരീക്ഷ തല്ക്കാലികമായി നിര്‍ത്തിവച്ചതായി അറിയിക്കുകയും ചെയ്തു. ഇത്തരത്തില്‍ സൂക്ഷ്മമായ ഈക്ഷണശക്തി സ്വാമിജിക്ക് സ്വായത്തമായിരുന്നുവെന്ന് ഇതില്‍നിന്നും മനസ്സിലാക്കാവുന്നതാണല്ലോ.
പലസംഭവങ്ങളും ഇത്തരത്തിലുള്ള ദീര്‍ഘവീക്ഷണത്തിനുദാഹരണമായി പറയുവാനുണ്ട്. ജാംബവാനെന്ന് മുമ്പ് പ്രസ്താവിച്ചിട്ടുള്ള ശ്രീ കുഞ്ഞുകൃഷ്ണപിള്ള അല്പംപ്രയാസപ്പെട്ട് മണ്ഡപത്തിലേക്കുള്ള പടികയറുന്നതുകണ്ട് അദ്ദേഹത്തോട് സ്വാമിജി ഇപ്രകാരം പറഞ്ഞു. ”എന്താ ജാംബവാന്‍ പടികയറാന്‍ വിഷമംതന്നെ അല്ലേ” സാരമില്ല ഭാവിയിലിത് ഒരു പടിയേ കാണൂ”. അന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ആശ്രമമുറ്റത്തിന് വരുത്തിയ ഉയരവ്യത്യാസവും മുഖമണ്ഡപവും നിമിത്തം രണ്ടുപടിയിലൊന്നു നികത്തേണ്ടതായിവന്നു. ഇപ്പോള്‍ ഒരു പടിമാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് അവശേഷിക്കുന്നുള്ളൂ.
”ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കും” എന്ന് മുന്‍ തിരു-കൊച്ചി മുഖ്യമന്ത്രി ശ്രീ.സി.കേശവന്‍ ഒരിക്കല്‍ പറയുകയുണ്ടായി. ഭക്തന്മാരിലാരോ പറഞ്ഞ് ഇക്കാര്യമറിഞ്ഞ സ്വാമിജിയുടെ പ്രതികരണമിങ്ങനെയായിരുന്നു. ”ക്ഷേത്രം ശരീരമാണല്ലോ. അത് നശിച്ചാല്‍ അന്ധവിശ്വാസം നീങ്ങുമോ?. അങ്ങനെയെങ്കില്‍ മകന്റെ കാര്യത്തില്‍തന്നെ അദ്ദേഹത്തിന് ശ്രദ്ധവയ്‌ക്കേണ്ടിവരും”. ഈ പറഞ്ഞ വാക്കിന്റെ വ്യാപ്തിയും ആഴവും എത്രത്തോളമുണ്ടെന്നു പിന്നിടാണ് മനസ്സിലായത്. ശ്രീ.സി.കേശവന്റെ മകന്‍ ഭദ്രന്‍ വിമാനപകടത്തില്‍ മരിച്ചുപോയ ദയനീയവാര്‍ത്ത അടുത്തദിവസംതന്നെ പത്രത്തില്‍ വായിച്ചപ്പോഴാണ് ”ക്ഷേത്രം ശരീരമാണല്ലോ അത് നശിച്ചാല്‍ അന്ധവിശ്വാസം നീങ്ങുമോ” എന്നുള്ള ചോദ്യത്തിന്റെ അര്‍ത്ഥവ്യാപ്തി ലോകര്‍ക്ക് മനസ്സിലായത്.
ആശ്രമഗേറ്റിലൂടെ പ്രവേശിച്ച് കിണറ്റിനരികിലൂടെ പടിഞ്ഞാറോട്ട് തിരിഞ്ഞാല്‍ എതിര്‍വശത്ത് മുകള്‍ഭാഗത്തായി സ്വാമിജിയുടെ ഇരിക്കുന്ന രീതിയിലുള്ള ഒരു പൂര്‍ണകായ പ്രതിമ കാണാന്‍കഴിയും. പ്രതിമയിരിക്കുന്ന സ്ഥലത്തിന് തൊട്ടുതാഴെ മുന്‍പ് ഒരു വലിയ പൂമരമുണ്ടായിരുന്നു. അതിനു മുകളില്‍ ധാരാളമായി പൂക്കുന്ന ഒരുതരം മുല്ല പടര്‍ത്തിയിട്ടാല്‍ സ്വാമിജിക്കിരിക്കുന്നതിന് ധാരാളം തണല്‍ കിട്ടുമെന്ന ചിന്ത എന്നിലുണ്ടായിരുന്നു. ആ മുല്ല നടുന്നതിനുള്ള സങ്കല്പവുമായിട്ട് ഞാന്‍ സ്വാമിജിയുടെ അടുത്തെത്തി. ഉടന്‍തന്നെ പ്രതികരണമുണ്ടായി. ”ആങ്! അതുകൊള്ളാമെടാ. ഞങ്ങള്‍ക്ക് കയറി ഇരിക്കാന്‍ കൊള്ളാം”. അതിനുശേഷം മാസങ്ങള്‍ കഴിഞ്ഞാണ് സ്വാമിജിയുടെ മഹാസമാധിയുണ്ടായത്. അക്കാലത്ത് ഇന്നുപ്രതിമയിരിക്കുന്ന കെട്ടിടമോ അതിനുവേണ്ട സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് പുതിയകെട്ടിടവും സ്വാമിജിയുടെ പ്രതിമപ്രതിഷ്ഠിക്കുന്നതിനുള്ള സൗകര്യവുമുണ്ടായി. പ്രതിമയുടെ മുകളില്‍ ഇന്നുംപടര്‍ന്നുകിടക്കുന്ന ഒരു പൂച്ചെടിയുണ്ട്. ഉദ്ദേശം ഒരുവര്‍ഷംമുമ്പാണ് സ്വാമിജിയുടെ ആ വാക്ക് പെട്ടെന്ന് ഞാനോര്‍ത്തത്. ”ഞങ്ങള്‍ക്ക് കയറിയിരിക്കാന്‍ കൊള്ളാമെടോ” – എന്ന് പറഞ്ഞ സ്ഥലത്താണ് ഇന്ന് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - പാദപൂജ