കോണ്‍ഗ്രസ് കേരളത്തെ മുസ്ലീംലീഗിന് തീറെഴുതി: ബി.ജെ.പി

June 28, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ ലീഗിന്റെ ബിനാമി മുഖ്യമന്ത്രിയാക്കിക്കൊണ്ട് കോണ്‍ഗ്രസ് കേരളത്തെ മുസ്ലീംലീഗിന് തീറെഴുതി കൊടുത്തിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഇതാണ് തെളിയിക്കുന്നതെന്ന് മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ബി.ജെ.പി നേരത്തെ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ശരിയാണെന്നാണ സമീപകാലസംഭവങ്ങള്‍ തെളിയിക്കുന്നത്. നിരവധി സര്‍ക്കാര്‍ തീരുമാനങ്ങള്‍ ലീഗിന്റെ സമ്മര്‍ദ്ദത്തിനും താല്പര്യത്തിനും വഴങ്ങിയാണ് കൈക്കൊണ്ടിട്ടുള്ളത്.

മലപ്പുറം ജില്ലയില്‍ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള തീരുമാനം ലീഗിന്റെ സമുദായ താല്പര്യം സംരക്ഷിക്കുന്നതിനല്ല. മറിച്ച് അദ്ധ്യാപക നിയമനത്തിലൂടെയും മറ്റും ലീഗ് നേതാക്കന്മാര്‍ക്ക് അഴിമതിയും കൊള്ളയും നടത്തുന്നതിനാണ്. എയ്ഡഡ് പദവി നല്‍കാനുള്ള തീരുമാനം ആദ്യം നിഷേധിച്ച മുഖ്യമന്ത്രി അടുത്തദിവസം അതു വിഴുങ്ങിക്കൊണ്ട് മലക്കംമറിയുകയായിരുന്നു.

വിദ്യാഭ്യാസമന്ത്രി പറഞ്ഞ തീരുമാനം ശരിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ തീരുമാനം പിന്‍വലിക്കുന്നതിന് ബി.ജെ.പിശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. ഇതിന്റെ ആദ്യപടിയായി ഈമാസം 30ന് ബി.ജെ.പി സെക്രെട്ടേറിയേറ്റ് മാര്‍്ച്ച് സഘടിപ്പിക്കും. അതിനുശേഷമുള്ള പരിപാടികള്‍ പിന്നീട് ആസൂത്രണം ചെയ്യും.

ന്യൂനപക്ഷ സമ്മര്‍ദ്ദവിഷയത്തില്‍ എസ്.എന്‍.ഡി.പി.യും എന്‍.എസ്.എസ്സും യോജിച്ചു നീങ്ങാനുള്ള തീരുമാനത്തെ ബി.ജെ.പി.സഹര്‍ഷം സ്വാഗതം ചെയ്യുന്നു. ഭൂരിപക്ഷഐക്യം ശക്തിപ്പെടുത്താന്‍ ഈ നടപടി സഹായകമാകും.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഭൂരിപക്ഷ സമുദായം ലീഗിന്റെ ആട്ടും തുപ്പും ഏറ്റുകഴിയാന്‍ തയ്യാറല്ല എന്നാണ് എസ്.എന്‍.ഡി.പിയുടെയും എന്‍.എസ്.എസ്സിന്റെയും സെക്രട്ടറിമാര്‍ നടത്തിയ പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കുന്നത്. ഈ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്സിലെ ചില നേതാക്കന്മാര്‍ നടത്തുന്ന പ്‌സ്താവന വെറും വാചകമടി മാത്രമാണ്.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞിടുപ്പില്‍നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്സിന് ഭാവിയില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു. കെ.പി.സി.സിയെ നോക്കുകുത്തിയാക്കി പാണക്കാട് തങ്ങള്‍ ഉമ്മന്‍ചാണ്ടിയെ നിയന്ത്രിക്കുകയാണ്.

മലപ്പുറം കേന്ദ്രമാക്കി നാലു സര്‍വ്വകലാശാലകള്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇന്ത്യന്‍ ആന്റ് ഫോറിന്‍ സര്‍വ്വകലാശാലയ്ക്ക് പാണക്കാട് നൂറേക്കര്‍ സ്ഥലം നല്‍കാനാണ് തീരുമാനം. ഈ സര്‍വ്വകലാശാലയുടെ ഹൈദരാബാദിലെ ആസ്ഥാനം 30ഏക്കര്‍ മാത്രം സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.

മലയാളം സര്‍വ്വകലാശാല മലപ്പുറത്തെ ആഴ്‌വാന്‍ചേരിയിലാണ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട് എന്നീ ജില്ലകളില്‍ സര്‍വ്വകലാശാല ആസ്ഥാനം ഇല്ലാത്തപ്പോഴാണ് മലപ്പുറത്ത് മലയാളം സര്‍വ്വകലാശാല സ്ഥാപിക്കാനുള്ള തീരുമാനം. അതിനുപിന്നാലെ സി.എച്ച്. മുഹമ്മദ്‌കോയ ട്രസ്റ്റിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംഭാവന നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

ഇതിന്റെ പ്രതിഷേധം കെട്ടടങ്ങുംമുമ്പ് വിദ്യാഭ്യാസമന്ത്രി അബ്ദുള്‍റബ്ബിന്റെ ഒരു ട്രസ്റ്റിനും സംഭാവന നല്‍കാന്‍ ഉത്തരവിറക്കുകയായിരുന്നു. പാണക്കാട് തങ്ങള്‍ നിയന്ത്രിക്കുകയും തങ്ങള്‍ പറയുന്നതിന് അനുസരിച്ച് തീരുമാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറി എന്ന് മുരളീധരന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം