കാരായിമാരെ സി.ബി.ഐ കസ്റ്റഡിയില്‍ വിടാന്‍ അനുമതി

June 28, 2012 കേരളം

കൊച്ചി:  ഫസല്‍ വധക്കേസിനെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിനായി പ്രതികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാന്‍ സി.ബി.ഐക്ക് എറണാകുളം സി.ജെ.എം കോടതിഅനുമതി നല്‍കി. എത്രദിവസത്തേക്കാണ് കസ്റ്റഡി എന്ന് വ്യക്തമാക്കിയിട്ടില്ല. നാളെ ഇരുവരേയും കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഇവരെ പത്ത് ദിവസം തങ്ങളുടെ കസ്റ്റഡിയില്‍ വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം അഞ്ചിനാണ് ഇവരുടെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്.

കുറ്റകൃത്യം ആസൂത്രണം ചെയ്തതില്‍ മുഖ്യ പങ്ക് പ്രതികളായ കാരായി രാജനും ചന്ദ്രശേഖരനുമാണ്. ഇരുവരെയും തങ്ങളുടെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ അന്വേഷണത്തിന് കഴിയൂ എന്ന് സിബിഐ പറഞ്ഞു.

ഇവരെ സിബിഐ നേരത്തെ ചോദ്യംചെയ്തതാണെന്നും  ഇനിയും ചോദ്യം ചെയ്യണമെന്ന ആവശ്യം ന്യായീകരിക്കാന്‍ കഴിയില്ലെന്നും പ്രതികള്‍ക്ക് എതിരായ കുറ്റപത്രം നല്‍കിക്കഴിഞ്ഞെന്നും പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 22-നാണ് ഇരുവരും കോടതിയില്‍ കീഴടങ്ങിയത്.  തുടര്‍ന്ന് പ്രതികളെ കോടതി സബ് ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തത്. 2006-ല്‍ തലശ്ശേരിയില്‍ വെച്ചാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം