ചട്ടമ്പിസ്വാമികളെ ക്കുറിച്ചുള്ള ഗ്രന്ഥം ഉടന്‍ പുറത്തിറങ്ങും

June 28, 2012 കേരളം

തിരുവനന്തപുരം: പ്രൊഫ.എ.വി.ശങ്കരന്‍ രചിച്ച തീര്‍ത്ഥപാദപുരാണം എന്ന സംസ്‌കൃതഗ്രന്ഥം ഉടന്‍ പുറത്തിറങ്ങും. 65,000 ശ്ലോകങ്ങളടങ്ങിയ ഗ്രന്ധം 11 വാല്യങ്ങളായാണ് പുറത്തിറങ്ങുക. പുസ്തകപ്രകാശനത്തിനായി സംസ്ഥാനസര്‍ക്കാര്‍ 30 ലക്ഷം രൂപ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്.  1994-ല്‍ പ്രൊഫ.എ.വിശങ്കരന്‍ ഗ്രന്ഥത്തിന്റെ കയ്യെഴുത്തുപ്രതി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയെ ഏല്‍പ്പിച്ചെങ്കിലും ഭാരിച്ച ചെലവുവരുന്നതിനാല്‍ പ്രസിദ്ധീകരണം നടന്നില്ല.

ഗ്രന്ഥകര്‍ത്താവ് പാലക്കാട് ജില്ലയിലെ ആലത്തൂര്‍ അത്തിപ്പറ്റ വാര്യത്ത് ശങ്കരന്‍ വിക്ടോറിയാ കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലും രസതന്ത്രം വിഭാഗം പ്രൊഫസറായിരുന്നു. സംസ്‌കൃതത്തിലും അപാരമായ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം 2000-ല്‍ മരണമടഞ്ഞു.

ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്താണ് പ്രസിദ്ധീകരണനടപടികള്‍ വേഗത്തിലാക്കിയത്. ഒരുയോഗിവര്യന്റെ ജീവിതത്തെയും അപദാനങ്ങളെയും കുറിച്ചുള്ള സംസ്‌കൃതത്തിലെ ബൃഹത്തായ ഗ്രന്ഥമായിരിക്കും ‘തീര്‍ത്ഥപാദപുരാണം’.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം