ഭക്തരാമദാസ്

June 29, 2012 സനാതനം

*പി.കെ. വാസുദേവന്‍നായര്‍*
ആദ്ധ്യാത്മികമായ പ്രവണതയും പാരമ്പര്യവുമാണ് ഭാരതത്തിന്റെ മേന്മ. ഗീതയെ പെററമണ്ണിന്, സീതയെ പ്രസവിച്ച നാടിന്ന്, ആ സുവിശേഷം വന്നതില്‍ അതിശയിക്കേണ്ടതില്ല. യശസ്‌കാമമില്ലാത്ത സത്യാന്വേഷികളാണ് നമ്മുടെ ജീവിതമാതൃകകള്‍.

ലോകശാന്തിയുടെ സന്ദേശവാഹകരായ ആ മഹദ് വ്യക്തികള്‍ എല്ലാകാലഘട്ടങ്ങളിലും ജീവരാശിയെ നേര്‍വഴിക്കു നയിക്കുവാന്‍ ഈ മണ്ണില്‍ ഉദിച്ചുയര്‍ന്നിട്ടുള്ളതായി കാണാം. ആ പരമ്പരയില്‍ അവതരിച്ച ഒരു ദിവ്യയോഗിയായിരുന്നു ഭക്തരാമദാസ്. പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് വ്യക്തവും വിശദവും സൂക്ഷ്മവുമായ വിവരങ്ങള്‍ നമുക്കു ലഭിച്ചിട്ടില്ല.

ചില ഐതിഹ്യങ്ങള്‍ മാത്രമാണ് രാമദാസിന്റെ അപദാനങ്ങള്‍ക്ക് അവലംബമായി അവശേഷിക്കുന്നത്. അത്ഭുതകരമായ ആ സംഭവങ്ങള്‍ യുക്തിവാദികള്‍ക്ക് ഒരുപക്ഷേ അവിശ്വാസ്യമായി തോന്നിയേക്കാം. എങ്കിലും അഷ്ടാംഗയോഗത്തില്‍ സിദ്ധിപ്രാപിച്ച് ദേഹാത്മബുദ്ധി വെടിഞ്ഞ് ദ്വന്ദ്വാതീതനായ യോഗീശ്വരന്ന് അസാദ്ധ്യമായി ഒന്നുംതന്നെയില്ലെന്നുള്ളത് നിഷേധിക്കാനാവാത്ത ഒരു യാഥാര്‍ത്ഥ്യമാണല്ലോ. ഐതിഹ്യത്തിന്റെ വെളിച്ചത്തിലൂടെ ഭക്തരാമദാസിന്റെ ജീവിതത്തിലേക്ക് ഒന്നു കണ്ണോടിക്കാം.

ഗോപണ്ണാ എന്നായിരുന്നു ഭക്തരാമദാസിന്റെ യഥാര്‍ത്ഥനാമധേയം. ആന്ധ്രാപ്രദേശിലെ ഒരു കുഗ്രാമത്തില്‍ ലിംഗണ്ണായുടെ പുത്രനായിട്ടാണ് ഗോപണ്ണാ ജനിച്ചത്. ചെറുപ്പത്തില്‍തന്നെ ഗോപണ്ണാ പ്രവചനങ്ങള്‍ ശ്രവിക്കുന്നതില്‍ അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

ഭക്തിപരമായ വിഷയങ്ങളെക്കുറിച്ച് ആരു പ്രസംഗിച്ചാലും ഗോപണ്ണായെ ശ്രോതാക്കളുടെ മുന്‍പന്തിയില്‍ കാണാമായിരുന്നു. ശ്രീരാമനും സീതാദേവിയുമായിരുന്നു ഗോപണ്ണായുടെ ആരാധനാമൂര്‍ത്തികള്‍. ശ്രീരാമന്റേയും സീതയുടേയും ലക്ഷ്മണന്റേയും ഏതാനും വിഗ്രഹങ്ങള്‍ ഗോപണ്ണായിക്കു പൈതൃകസമ്പാദ്യമായി ലഭിച്ചിരുന്നു. പ്രസ്തുത വിഗ്രഹങ്ങള്‍ ആ കുടുംബക്കാര്‍ തലമുറ തലമുറകളായി ആരാധനയ്ക്കും പൂജയ്ക്കും ഉപയോഗിച്ചിരുന്നവയായിരുന്നു.

വിഗ്രഹപൂജയിലും രാമനാമജപത്തിലുമായിരുന്നു ഗോപണ്ണായുടെ ജീവിതത്തിലെ അധികസമയവും ചെലവഴിച്ചിരുന്നത്. ഗോപണ്ണാ കബീര്‍ ദാസിന്റെ സമകാലീനനായിരുന്നു. ഹിന്ദുമുസ്ലീം വിദ്വേഷം മൂര്‍ദ്ധന്യത്തിലെത്തിയിരുന്ന അക്കാലത്ത് സമുദായ ഐക്യത്തിനും അന്ധവിശ്വാസങ്ങളെ തുടച്ചുനീക്കുന്നതിനും വേണ്ടി കബീര്‍ ചെയ്തിട്ടുള്ള സേവനങ്ങള്‍ കൃതജ്ഞതയോടെ സ്മരിക്കേണ്ടവയാണ്. ഏകദൈവവിശ്വാസത്തിനും വിഗ്രഹപൂജ ഉപേക്ഷിക്കുന്നതിനും വേണ്ടി കബീര്‍ ശക്തമായി വാദിച്ചു.

കബീര്‍ദാസിന്റെ അനശ്വരഗ്രന്ഥമാണ് ‘ബീജക്’ ജീവിതത്തിന്റെ ശാശ്വതമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിശിഷ്ടഗ്രന്ഥം. അതില്‍ ശില്പസൗകുമാര്യമില്ല; പ്രാസഭംഗിയില്ല; അലങ്കാരധോരണിയില്ല. എങ്കിലും അത് കാമ്യമാണ്. മാനവസമുദായത്തിനുള്ള സന്ദേശവും ഉല്‍ബോധനവുമാണ് ആ കാവ്യത്തില്‍ പ്രധാനം. അതിലാണ് ‘ബീജകി’ന്റെ മേന്മയും.  ഹിന്ദീസാഹിത്യത്തിന്റെ പുറംവാതിലുകളില്‍കൂടിയെങ്കിലും എത്തിനോക്കിയിട്ടുള്ളവര്‍ കബീറിന്റെ ഏതാനും ഈരടികളെങ്കിലും കേള്‍ക്കാതിരിക്കുകയില്ല.

കബീര്‍ദാസ് ഗോപണ്ണായുടെ ഭക്തിമാര്‍ഗ്ഗത്തില്‍ ആകൃഷ്ടനായി. വിഗ്രഹാരാധനയില്‍ ഗോപണ്ണായ്ക്കുള്ള ഭക്തിയും വിശ്വാസവും ഒന്നു പരീക്ഷിച്ചറയുന്നതിനു കബീര്‍ദാസന്‍ തീരുമാനിച്ചു. കബീര്‍ദാസിന്റെ അത്ഭുത ശക്തികൊണ്ട് ഗോപണ്ണായുടെ പൂജാവിഗ്രഹങ്ങള്‍ അടക്കം ചെയ്തിരുന്ന പേടകം സമീപത്തുള്ള കിണറ്റില്‍ നിക്ഷേപിക്കപ്പെട്ടു.

വിഗ്രഹങ്ങള്‍ തിരോധാനം ചെയ്തപ്പോള്‍ ഗോപണ്ണായ്ക്കുണ്ടായ നിരാശയും ദുഃഖവും അവര്‍ണ്ണനീയമായിരുന്നു. ആവശ്യമുള്ള പുതിയ വിഗ്രഹങ്ങള്‍ എത്രവേണമെങ്കിലും നല്‍കാമെന്ന് പറഞ്ഞ് കബീര്‍ദാസന്‍ ഗോപണ്ണായെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. പക്ഷേ തന്റെ വിഗ്രഹങ്ങള്‍ തിരിച്ചു കിട്ടുന്നതുവരെ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുകയില്ലെന്നും വിഗ്രഹങ്ങള്‍ കിട്ടാതെ വന്നാല്‍ തന്റെ ജീവിതംതന്നെ അവസാനിപ്പിക്കുമെന്നും ഗോപണ്ണാ ദൃഢപ്രതിജ്ഞ നടത്തി.

ഗോപണ്ണാ തന്റെ നിശ്ചയത്തില്‍നിന്ന് പിന്‍മാറുകയില്ലെന്ന് ബോദ്ധ്യമായതിനെതുടര്‍ന്ന് കബീര്‍ദാസ് ദിവ്യശക്തികൊണ്ട് വിഗ്രഹങ്ങള്‍ കിണറ്റില്‍നിന്ന് വീണ്ടെടുത്ത് ഗോപണ്ണായ്ക്കു നല്‍കി. വിഗ്രഹങ്ങള്‍ തിരിച്ചുകിട്ടിയപ്പോള്‍ ഗോപണ്ണായ്ക്കുണ്ടായ ആനന്ദം അവര്‍ണ്ണനീയമായിരുന്നു.

കബീര്‍ദാസിന് ഗോപണ്ണായില്‍ വലിയതാല്പര്യം ജനിച്ചു. ആവശ്യമുള്ളപ്പോള്‍ തന്നെ സ്മരിച്ചാല്‍ താന്‍ പ്രത്യക്ഷനാകുമെന്നും വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും ധരിപ്പിച്ചിട്ടുണ്ട്. കബീര്‍ദാസന്‍ ഗോപണ്ണയായോട് യാത്രചോദിച്ചിട്ട് പിരിഞ്ഞു. അന്നുമുതല്‍ ഗോപണ്ണാ കബീര്‍ദാസിന്റെ ശിഷ്യനായിത്തീര്‍ന്നു.

യൗവനത്തിലേക്കു കാലൂന്നിയ ഉടനെ ഗോപണ്ണാ ദാമ്പത്യജീവിതത്തിലേക്കു പ്രവേശിച്ചു. പക്ഷേ ഓരോ ദിവസവും മുന്നോട്ടു നീങ്ങിയതോടുകൂടി ഗോപണ്ണായുടെ ശ്രീരാമനോടുള്ള ഭക്തി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ലോകം തന്നെ രാമമയമായി സര്‍വ്വജീവികളേയും ആ ശ്രീരാമചൈതന്യ സ്വരൂപമായി വീക്ഷിക്കുവാന്‍ തുടങ്ങി. എന്നാല്‍ ആ ശ്രേഷ്ഠ മേഖലകളില്‍ സഞ്ചരിച്ചിട്ടും ആ ജീവിതം തൃപ്തിപ്പെട്ടില്ല.

താന്‍ തേടിയിരുന്ന ആ നിധി ഇനിയും വിദൂരതയിലാണെന്നും ആലക്ഷ്യപ്രാപ്തി വരാതെ താന്‍ മടങ്ങുന്നതല്ലെന്നമുള്ള ആ ദൃഢ നിശ്ചയത്തെ സഫലീകരിക്കുവാന്‍ അതിതീവ്രമായ ഒരു പ്രേരണാശക്തി അനുനിമിഷം ആ ഹൃദയത്തില്‍ കത്തിജ്വലിച്ചു. ഗോപണ്ണാ കബീര്‍ദാസിനെ സമീപിച്ച് തനിക്ക ശ്രീരാമദര്‍ശനം ലഭിക്കുന്നതിന്ന് സഹായിക്കണമെന്ന് അപേക്ഷിച്ചു.

നെടുനാളായി ഉഗ്രതപസ്സു ചെയ്തുകൊണ്ടിരിക്കുന്ന തപോധനന്മാര്‍ക്കുപോലും രാമദര്‍ശനം ലഭിച്ചിട്ടില്ലെന്നും ആ നിലക്ക് ഒരൊറ്റ രാത്രികൊണ്ട് ശ്രീരാമദര്‍ശനം ലഭിക്കുന്നത് സുഗമമായ കാര്യമല്ലെന്നും കബീര്‍ദാസ് ശിഷ്യനെ ധരിപ്പിച്ചു. പക്ഷേ ശ്രീരാമദര്‍ശനം ലഭിക്കാത്തപക്ഷം തന്റെ ജീവിതം ഇനിയും ദീര്‍ഘിപ്പിക്കുവാന്‍ സാദ്ധ്യമില്ലെന്നായിരുന്നു ശിഷ്യന്റെ നിലപാട്. ഗത്യന്തരമില്ലാതായപ്പോള്‍ അടുത്തദിവസം ഗോപണ്ണായ്ക്കു ശ്രീരാമദര്‍ശനം ലഭിക്കുന്നതിന് സന്ദര്‍ഭമുണ്ടാക്കാമെന്ന് പറഞ്ഞ് ഗോപണ്ണായെ സാന്ത്വനപ്പെടുത്തി.

കബീര്‍ദാസന്‍ തന്റെ ശിഷ്യന്റെ കാമിതം നിറവേറ്റിക്കൊടുക്കണമെന്ന് ശ്രീരാമനോട് പ്രാര്‍ത്ഥിച്ചു. ഗോപണ്ണായ്ക്ക് ദര്‍ശനം നല്‍കേണ്ട സന്ദര്‍ഭം ആയിട്ടില്ലെന്നും സമയമാകുമ്പോള്‍ അതു നിര്‍വഹിക്കാമെന്നും ശ്രീരാമന്‍ കബീര്‍ദാസിനെ ധരിപ്പിച്ചു. ശ്രീരാമദര്‍ശനം ലഭിക്കാത്തപക്ഷം ഗോപണ്ണാ ആത്മാഹുതി ചെയ്യുമെന്നും അതിനാല്‍ ഉടനടി ദര്‍ശനം കൊടുത്തേ മതിയാവൂ എന്നും കബീര്‍ദാസന്‍ നിര്‍ബന്ധിച്ചു.

അവസാനം ശ്രീരാമന്‍ ഭക്തന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു. അടുത്തദിവസം ഗോപണ്ണായ്ക്കു ദര്‍ശനം നല്‍കാമെന്നും ഭഗവാന്‍ കനിഞ്ഞരുളി. ശ്രീരാമനേയും സീതാദേവിയേയും സ്വീകരിക്കുന്നതിന് ഗോപണ്ണാ വിപുലമായി അലങ്കിരിച്ച് വിശിഷ്ടങ്ങളായ പുഷ്പഫലമൂലാദികളും ഭക്ഷ്യപേയാദികളും സംഭരിച്ചുവെച്ചു.

ശ്രീരാമദര്‍ശനം ലഭിക്കുന്നതിനുവേണ്ടി ഭക്തജനങ്ങള്‍ ഗോപണ്ണായുടെ ഗൃഹത്തിലേക്കു പ്രവഹിച്ചു. അവര്‍ ഓരോരുത്തരും ശ്രീരാമന്റെ ആഗമനം അക്ഷമയോടെ കാത്തിരുന്നു. പക്ഷേ കാത്തിരുന്നവര്‍ക്കെല്ലാം നിരാശയാണ് അനുഭവപ്പെട്ടത്. അതിനിടയില്‍ എവിടെനിന്നോ ഒരു കാള സ്വീകരണമുറിയില്‍ പാഞ്ഞുകയറി അവിടെ സജ്ജീകരിച്ചുവെച്ചിരുന്ന സാധനങ്ങളെല്ലാം തിന്നു തീര്‍ത്തു. ക്ഷുഭിതരായ ജനങ്ങള്‍ ആ കാളയെ ക്രൂരമായി മര്‍ദ്ദിച്ച് വിരട്ടിയോടിച്ചു.

ഗോപണ്ണായുടെ ഗൃഹത്തില്‍ കാളയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത് ശ്രീരാമന്‍ തന്നെയാണെന്നു അവരാരും ധരിച്ചില്ല. ശ്രീരാമന്‍ കബീര്‍ദാസിന് പ്രത്യക്ഷപ്പെട്ട് ഗോപണ്ണായുടെ ഗൃഹത്തില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ വിശദീകരിച്ചു. ശ്രീരാമന്റെ ശരീരം മുഴുവന്‍ മുറിവുപറ്റി രക്തം സ്രവിച്ചുകൊണ്ടിരുന്നു. കാളയുടെ രൂപത്തില്‍ ചെന്നതുകൊണ്ടാണ് ഗോപണ്ണായ്ക്കു ശ്രീരാമനെ തിരിച്ചറിയുവാന്‍ കഴിയാതെ വന്നതെന്നും ഗോപണ്ണായുടെ അപരാധം ക്ഷമിക്കണമെന്നും കബീര്‍ദാസന്‍ അപേക്ഷിച്ചു കബീര്‍ദാസന്റെ അപേക്ഷ ഭഗവാന്‍ സ്വീകരിക്കുകയും ചെയ്തു.

ഗോപണ്ണാ ഭദ്രാചലത്തിലെ തഹസില്‍ദാരായി നിയമിക്കപ്പെട്ടു. ഭദ്രാചലത്തിലെ ശ്രീരാമക്ഷേത്രത്തിന് ജീര്‍ണ്ണതസംഭവിച്ചപ്പോള്‍ അതു പുനരുദ്ധാരണം നടത്തണമെന്ന് ഗോപണ്ണാ തീരുമാനിച്ചു. ഭണ്ഡാരത്തിലുണ്ടായിരുന്ന നൂറുലക്ഷം തങ്കക്കാശുകള്‍ മുഴുവനെടുത്ത് ഗോപണ്ണാ ക്ഷേത്രം പുതുക്കിപ്പണിയുന്നതിന് വിനിയോഗിച്ചു.

ഹൈദ്രാബാദിലെ രാജാവിയിരുന്ന ഷാ-ഇന്‍-ഷായുടെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു ഗോപണ്ണാ രാജാവിന്റെ അനുമതി കൂടാതെ പൊതു മുതലെടുത്ത് ധൂര്‍ത്തിടിച്ചതിന് രാജാവ് ഗോപണ്ണായെ തടവിലാക്കുന്നതിന് കല്പനപുറപ്പെടുവിച്ച് രാജകിങ്കരന്മാര്‍ ഗോപണ്ണായെ പൈശാചികമായി മര്‍ദ്ദിക്കുകയും ഇരുമ്പഴിക്കുള്ളില്‍ അടച്ചുപൂട്ടുകയും ചെയ്തു. ഏകദേശം 12വര്‍ഷം ഗോപണ്ണാ നാരകീയമായ തടവുശിക്ഷ അനുഭവിച്ചു.

പക്ഷേ ജയില്‍വാസക്കാലം മുഴുവന്‍ ഗോപണ്ണാ ശ്രീരാമ ഭജനത്തിനുവേണ്ടി ചെലവഴിച്ചു. എത്രതന്നെ പ്രാര്‍ത്ഥിച്ചിട്ടും ഗോപണ്ണായ്ക്കു ഭഗവല്‍ ദര്‍ശനം ലഭിച്ചില്ല. അവസാനം നിരാശനായിത്തീര്‍ന്ന ഗോപണ്ണാ ഏതാണ്ട് ഇപ്രകാരം ചിന്തിച്ചു. അല്ലയോ ഭഗവാനെ ഞാന്‍ അങ്ങയെ ആ ജീവനാന്തം ഭജിച്ചു; പൂജിച്ചു. ഞാന്‍ ഈ ക്ലേശങ്ങളും ദുരിതങ്ങളും സഹിക്കേണ്ടിവന്നത് അവിടുത്തേക്കുവേണ്ടി ഒരു ക്ഷേത്രം പുതുക്കിപ്പണിഞ്ഞതുകൊണ്ടാണ്.

പൊതുമുതലില്‍നിന്ന് എന്റെ ജീവിതസുഖത്തിനോ ആനന്ദത്തിനോവേണ്ടി ഒരു പൈസപോലും ചെലവഴിച്ചിട്ടില്ല. സത്യാവസ്ഥയെല്ലാം അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ. എന്നിട്ടും അവിടുന്ന് കാരുണ്യത്തിന്റ കണികപോലും കാണിച്ചിട്ടില്ല. എന്നോടു മാത്രമല്ല അങ്ങയുടെ പ്രാണാപ്രയസിയോടുപോലും നിര്‍ദ്ദയവും ക്രൂരവുമായിട്ടാണല്ലോ അങ്ങ് പെരുമാറിയിട്ടുള്ളത്.

പരമപവിത്രയായിരുന്ന സീതാദേവിയോട് അങ്ങ് അഗ്നിപീക്ഷണം നടത്തുവാന്‍ നിര്‍ബന്ധിച്ചില്ലേ? ഗര്‍ഭിണിയായിരുന്ന ആ ദേവിയെ ഘോരവനാന്തരത്തില്‍ കൊണ്ട് ചെന്നു തള്ളുവാന്‍ ലക്ഷ്മണനെ നിയോഗിച്ചില്ലേ? പരമഭക്തനായിരുന്ന ബാലിയെ ഒളിയമ്പ് എയ്തു കൊലപ്പെടുത്തിയില്ലേ? അങ്ങ് അനാഥരക്ഷകനും ആപല്‍ബാന്ധവനും ആര്‍ത്തത്രാണപരായണനുമല്ലെന്ന് അനുഭവം ബോദ്ധ്യപ്പെടുത്തിയിരിക്കുന്നു. എന്റെ വിശ്വാസം എന്നെ വഞ്ചിച്ചു. ജീവിതത്തില്‍ എനിക്കുള്ള പ്രതീക്ഷകളെല്ലാം തകര്‍ന്നു. ഇനിയും മരണം മാത്രമേ എനിക്ക് ശാന്തിയും സമാധാനവും നല്കുകയുള്ളൂ. അതിനാല്‍ മരണത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു.

നിരാശയുടെ നീര്‍ച്ചുഴിയില്‍ക്കിടന്നു വീര്‍പ്പുമുട്ടിയ ഗോപണ്ണാ ആത്മഹത്യചെയ്യുന്നതിന് അവസാനമായി തീരുമാനിച്ചു. ഒരു കപ്പുനിറയെ ഉഗ്രമായ വിഷം പകര്‍ന്ന് അതു ചുണ്ടിനോട് അടുപ്പിച്ചപ്പോള്‍ ഗോപണ്ണാ പ്രഞ്ജയറ്റ് നിലംപതിച്ചു. പെട്ടെന്നെങ്ങും ആ അബോധാവസ്ഥയില്‍നിന്ന് ആ ഭക്തഗ്രണി ഉണര്‍ന്നില്ല. ലക്ഷ്മീദേവി ഗോപണ്ണായുടെ ദയനീയാവസ്ഥയില്‍ അനുകമ്പാര്‍ദ്രയായി ആ ഭക്തന് ദര്‍ശനംനല്‍കണമെന്ന് മഹാവിഷ്ണുവിനോട് അപേക്ഷിച്ചു.

അടുത്തദിവസം ഷാ-ഇന്‍-ഷായെ ദര്‍ശിച്ച് ഗോപണ്ണായുടെ ഋണബാദ്ധ്യത പരിഹരിച്ച് ജയിലില്‍ നിന്ന് മോചിപ്പിക്കാമെന്ന് ഭഗവാന്‍ സമാശ്വസിപ്പിച്ചു. ആജീവനാന്തം ശ്രീരാമനെതന്നെ ഭജിച്ചു കഴിയുന്ന ഗോപണ്ണായ്ക്കു ദര്‍ശനം നല്കാതെ ഭഗവാന്‍ ഷാ-ഇന്‍-ഷായ്ക്കു ദര്‍ശനം നല്കുന്നത് ധര്‍മ്മമല്ലെന്നു ലക്ഷ്മീദേവി അനുസ്മരിപ്പിച്ചു. അപ്പോഴാണ് ഭഗവാന്‍ ദേവിയോട് യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു പറഞ്ഞത്.

ഗോപണ്ണാ മുജ്ജന്മത്തില്‍ ഒരു തത്തയെ പിടിച്ച് കൂട്ടിലിട്ട് പന്ത്രണ്ടുവര്‍ഷം വളര്‍ത്തി, ആ പാപകര്‍മ്മം അനുഷ്ഠിച്ചതുകൊണ്ടാണ് ഗോപണ്ണാ ഇജ്ജന്മത്തില്‍ പന്ത്രണ്ടുവര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നത്. പാപഫലം അവനവന്‍ അനുഭവിക്കാതെ ഗത്യന്തരമില്ല. ഹൈദ്രാബാദിലെ രാജാവായിരുന്നു ഷാ-ഇന്‍-ഷായും കഴിഞ്ഞജന്മത്തില്‍ ഒരു പരമഭക്തനായിരുന്നു.

ആയിരം കുടങ്ങളില്‍ ഗംഗാജലം നിറച്ച് ആഭക്തന്‍ ശിവലിംഗത്തില്‍ അഭിഷേകം ആരംഭിച്ചു. 999 കുടങ്ങളിലെ ഗംഗാജലംകൊണ്ടും ശിവലിംഗത്തില്‍ അഭിഷേകം ചെയ്തു. എന്നിട്ടും പരമശിവന്‍ പ്രത്യേക്ഷപ്പെട്ടില്ല. കോപിഷ്ഠനായിത്തീര്‍ന്ന ആ ഭക്തന്‍ ആയിരാമത്തെ കുടമെടുത്ത് ശിവലിംഗത്തില്‍ അടിച്ചുടച്ചു.

ആ പാപകര്‍മ്മം ചെയ്തതുകൊണ്ടാണ് അടുത്ത ജന്മത്തില്‍ ഷാ-ഇന്‍-ഷായായി ജന്മമെടുക്കേണ്ടിവന്നത്. പക്ഷേ ഷാ-ഇന്‍-ഷായുടെ ജന്മമെടുക്കുമ്പോള്‍ വിഷ്ണുവിന്റെ ദര്‍ശനം ലഭിക്കുമെന്ന് പരമശിവന്‍ അനുഗ്രഹം നല്കിയിരുന്നു. പരമശിവന്റെ അനുഗ്രഹം സാക്ഷാത്കരിക്കുന്നതിനു ഷാ-ഇന്‍-ഷായിക്കു ദര്‍ശനം നല്കാതെ ഗത്യന്തരമില്ലെന്നും ലക്ഷ്മീദേവിയെ മഹാവിഷ്ണു ധരിപ്പിച്ചു.

അടുത്തദിവസം ഷാ-ഇന്‍-ഷാ ഉറക്കുമുണര്‍ന്നപ്പോള്‍ കൊട്ടാരത്തില്‍ തേജസ്വികളായ രണ്ടു യുവാക്കള്‍ രാജാവിനെ മുഖം കാണിക്കുന്നതിന് കാത്തു നില്ക്കുന്നുണ്ടായിരുന്നു. അവര്‍ ആരെന്നു രാജാവു അന്വേഷിച്ചപ്പോള്‍ തങ്ങള്‍ ഗോപണ്ണായുടെ ദാസന്മാരാണെന്നും തങ്ങളുടെ യജമാനനായിരുന്ന ഗോപണ്ണായെ ഋണബാദ്ധ്യതയില്‍നിന്ന് മോചിപ്പിക്കുന്നതിന് ചെന്നവരാണെന്നും തങ്ങളുടെ പേരുകള്‍ രാമന്‍ എന്നും ലക്ഷ്മണന്‍ എന്നുമാണെന്നും അറിയിച്ചു.

അവര്‍ കൊണ്ടുചെന്ന ആറുലക്ഷം തങ്കക്കാശുകളും രാജാവിനെ ഏല്പിച്ചിട്ട് പണം തിരിച്ചു കിട്ടിയതിനു രസീതു നല്കുവാന്‍ ആവശ്യപ്പെട്ടു. രാജാവ് ഉടനെതന്നെ രസീതു നല്കി. രസീതു വാങ്ങിക്കൊണ്ട് ആഗതര്‍ അപ്രത്യക്ഷരായി. തങ്കക്കാശു പരിശോധിച്ചപ്പോള്‍ അവയില്‍ ശ്രീരാമന്റെ മുദ്ര അങ്കിതമായിരിക്കുന്നതുകണ്ടു. അപ്പോഴാണ് തന്നെ കാണുവാന്‍ ചെന്നിരുന്നവര്‍ യഥാര്‍ത്ഥത്തില്‍ ശ്രീരാമനും ലക്ഷ്മണനുമാണെന്നു രാജാവിന് ബോദ്ധ്യമായത്.

രാജാവ് തികഞ്ഞ അപരാധബോധത്തോടെ ഗോപണ്ണാ കിടന്നിരുന്ന ജയില്‍മുറിയിലേക്കു തിരിച്ചു. അതിനിടയില്‍ ശ്രീരാമനും ലക്ഷ്മണനുംകൂടി ഗോപണ്ണാ പ്രജ്ഞയറ്റു കിടന്ന ജയില്‍ മുറിയില്‍ചെന്ന് അവിടെ ആത്മഹത്യക്കു കരുതിവച്ചിരുന്ന വിഷം എടുത്തു നിലത്തു ഒഴിച്ചു. ഋണബാദ്ധ്യതതീര്‍ത്ത രസീത് അവിടെ വച്ചിട്ട് അവര്‍ തിരോധാനം ചെയ്തു.

ഗോപണ്ണാ ഉറക്കത്തില്‍നിന്നു ഉണര്‍ന്നപ്പോള്‍ വിഷം നിറച്ചുവെച്ചിരുന്ന പാത്രം കമിഴ്ന്നു കിടക്കുന്നതുകണ്ടു. ആത്മഹത്യക്കുള്ള ശ്രമംപോലും പരാജയപ്പെട്ടതിനെക്കുറിച്ച് പരിതപിച്ചുകൊണ്ടിരുന്നപ്പോഴാണ് രാജാവ് അവിടെ ആഗതനായത്. രാജാവ് തന്റെ അപരാധങ്ങള്‍ പൊറുക്കുന്നതിനും, ക്ഷമിക്കുന്നതിനും ഗോപണ്ണായോട് അപേക്ഷിച്ചു. ഗോപണ്ണാ അത്ഭുതസ്തബ്ദ്ധനായി. രാജാവ് വിവരമെല്ലാം ഗോപണ്ണായെ ധരിപ്പിച്ചു.

ഋണബാദ്ധ്യതതീര്‍ത്ത രസീത് എടുത്ത് ഗോപണ്ണാ പരിശോധിച്ചു നോക്കി. അപ്പോഴാണ് വിഷപാത്രം കമഴ്ത്തിയതും രസീതുകൊണ്ടുവെച്ചതും ശ്രീരാമലക്ഷ്മണന്മാര്‍ തന്നെയെന്നു ഗോപണ്ണായ്ക്കു ബോദ്ധ്യമായത്. ഗോപണ്ണാ! ആനന്ദബാഷ്പം പൊഴിച്ചുകൊണ്ട് ശ്രീരാമനെ പാടിപ്പുകഴ്ത്തി. ഗോപണ്ണാനിമിത്തം തനിക്ക് രാമലക്ഷ്ണന്മാരുടെ അസുലഭദര്‍ശനം ലഭിച്ചതില്‍ രാജാവ് കൃതജ്ഞത പ്രകടിപ്പിച്ചു.

ഗോപണ്ണായാണ് ഏറ്റവും വലിയ ശ്രീരാമഭക്തനെന്നു രാജാവ് അനുസ്മരിപ്പിച്ചു. അന്നു മുതല്‍ ഗോപണ്ണായുടെ പേര് ‘ഭക്തരാമദാസ്’ എന്നായിരിക്കുമെന്നും രാജാവ് പ്രഖ്യാപിച്ചു. അതിനുശേഷം രാമദാസ് വളരെക്കാലം ജീവിച്ചിരുന്ന് ശ്രീരാമദേവനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്തു. അവസാനം സ്വര്‍ഗ്ഗത്തില്‍നിന്ന് ഭഗവാന്‍ ഒരു സ്വര്‍ണ്ണരഥം അയച്ചുകൊടുത്തുവെന്നും അതില്‍ കയറി രാമദാസ്സ് സ്വര്‍ഗ്ഗം പൂകിയെന്നുമാണ് ഐതിഹ്യം.

പുരന്ദരദാസ്, ഭക്തപോതന. ത്യാഗരാജസ്വാമികള്‍ എന്നിവരെപ്പോലെ സദാ രാമനാമം ജപിച്ച് ജീവന്മുക്തിനേടിയ ഒരു അത്ഭുതസിദ്ധയോഗിയായിരുന്നു ഭക്തരാമദാസ്, ഭക്തജനങ്ങള്‍ക്ക് രാമദാസിനെ ഒരിക്കലും വിസ്മരിക്കുക സാദ്ധ്യമല്ല.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം