മനുഷ്യന്റെ സുഖാന്വേഷണം

June 29, 2012 സനാതനം

*കെ.ആര്‍. നമ്പൂതിരി*
മനുഷ്യരെല്ലാവരും ആഗ്രഹിക്കുന്നതും അനവരതം പരിശ്രമിക്കുന്നതും സുഖത്തിനുവേണ്ടിയാണല്ലോ. ദുഃഖം വരണമെന്നു ആരും വിചാരിക്കുന്നില്ല. ജീവിതത്തില്‍ ഒരധികപ്പറ്റായിട്ടാണ്, ദുഃഖത്തെ അവന്‍ കണക്കാക്കിയിരിക്കുന്നത്.

സുഖമാണ് നമ്മുടെ ദിവാസ്വപ്നം. എന്നാല്‍ യഥാര്‍ത്ഥമായ സുഖമെന്താണ്? അതെങ്ങിനെ സമ്പാദിക്കാം. ഈ വക വിഷയങ്ങളെ സംബന്ധിച്ച്, അധികമാരും ചിന്തിക്കാറുമില്ല. സുഖത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലില്‍, അതിനുള്ള സമയമോ, സാവകാശമോ എവിടെ? അതുകൊണ്ട് പ്രസ്തുത വിഷയത്തെ സംബന്ധിച്ച്, നമുക്കിവിടെ അല്പമൊന്നു ചിന്തിക്കാം.

‘അശാന്തസ്യ കുതഃ സുഖം,’! എന്ന ഗീതയില്‍ പറയുന്നുണ്ട്. അതായത്, അശാന്തന് സുഖമെവിടെ? സുഖം ശാന്തിയിലാണ്: ശാന്തി മനസ്സിന്റെ പ്രസന്നതയിലുമാണ് സ്ഥിതി ചെയ്യുന്നത്. മനസ്സിന്നു ശാന്തിയും സന്തോഷവും, പ്രസാദവുമുണ്ടാകണമെങ്കില്‍, ആഗ്രഹാഭിലാഷങ്ങളെ പരിത്യജിച്ചേ പറ്റൂ.

ഭൗതികവാദം സുഖത്തിനുവേണ്ടിയുള്ള അദമ്യമായ ആഗ്രഹത്തിന്റെ പ്രതീകമാണ്. ഭൗതികങ്ങളായ സുഖസാമഗ്രികള്‍ സമ്പാദിക്കാനും അവ ആവുന്നതും അങ്ങേയറ്റം സംഭരിച്ചുവക്കാനുമാണ് ഇന്നത്തെ മനുഷ്യര്‍ ബദ്ധശ്രദ്ധരായിരിക്കുന്നത്. നശ്വരങ്ങളായ ഇന്ദ്രിയസുഖങ്ങളെയാണ് നാമിന്നാഗ്രഹിക്കുന്നത്.

ഇന്ദ്രിയങ്ങളെക്കൊണ്ട് സുഖങ്ങളനുഭവിക്കുക; എന്നതാണ് നമ്മുടെ ലക്ഷ്യം. മനസ്സാണ്, ഇന്ദ്രിയങ്ങളെ പ്രേരിപ്പിക്കുന്നത്. മനസ്സ് സങ്കല്പവികല്പകാത്മകമത്രെ. എത്രയായാലും അവസാനിക്കാത്ത ഒന്നാണ് സങ്കല്പം. അതവിരാമവുമാണ്. അതാണ്, എത്രമാത്രം കഠിനാദ്ധ്വാനങ്ങള്‍ചെയ്താലും സുഖം അനുഭവപ്പെടാത്തത്.

മഹാരാജാവായിരുന്ന യയാതിയുടെ ചരിത്രം പരിശോധിച്ചുനോക്കുക. സകലവിധ സുഖസൗകര്യങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ഒന്നിനും യാതൊരു കുറവുമില്ലായിരുന്നു. എന്നിരുന്നാലും, ഇന്ദ്രിയാരാമനായിരുന്ന അദ്ദേഹം വിഷയഭോഗങ്ങളില്‍ സംതൃപ്തനായില്ല.

സ്വന്തം മകന്റെ യൗവ്വനത്തെപ്പോലും അദ്ദേഹം വായ്പവാങ്ങി സുഖിക്കാന്‍ ആഗ്രഹിച്ചു. അങ്ങിനെ അനേകകാലം, വിഷയസുഖങ്ങളില്‍ മുഴുകി അദ്ദേഹം കഴിച്ചുകൂട്ടി. എന്നിട്ടും ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

അദ്ദേഹത്തിന്റെ മനസ്സില്‍ പുതിയ പുതിയ സങ്കല്പങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു. അവയെയെല്ലാം പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിനെക്കൊണ്ടായില്ല. സുഖലോലുപനായ അദ്ദേഹം അവസാനം പറഞ്ഞു.

‘ന ജാതു കാമഃ കാമാനാ-
മുപഭോഗേന ശാമ്യതി,
ഹവിഷാ കൃഷ്ണവര്‍ത്മേവ
ഭൂയ ഏവാഭിവര്‍ദ്ധേത.’

‘അല്ലയോ, സുഖലോലുപരായ സുഹൃത്തുക്കളേ! ഭൗതികങ്ങളായ വസ്തുക്കള്‍ക്കൊന്നിനും തന്നെ നമുക്കു സ്ഥായിയായ സുഖത്തെ പ്രദാനം ചെയ്യാന്‍ സാധിക്കുന്നില്ല. കാരണം, അവ സ്വയം നശ്വരങ്ങളാണ്. അതിനാല്‍ അവയില്‍നിന്നു കിട്ടുന്ന സുഖവും അനിത്യമാണ്.

മനുഷ്യന്റെ വിചാരം താനാശിച്ച കാര്യം സാധിച്ചാല്‍, തനിക്കിഷ്ടപ്പെട്ട വസ്തു ലഭിച്ചാല്‍, സുഖമായിയെന്നാണ്. പക്ഷെ, ഒരാഗ്രഹം സാധിക്കുന്നതിനു മുമ്പുതന്നെ മറ്റൊരാഗ്രഹത്തിന്റെ പുറപ്പാടായി. അതും നിറവേറ്റുന്നതോടുകൂടി വേറൊന്നു തുടങ്ങിക്കഴിഞ്ഞു.

ഇങ്ങനെ മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും അടിക്കടി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. അതിനൊന്തവുമവസാനവുമില്ല. അതുകൊണ്ട്, മനസ്സിന്റെ സുഖസങ്കല്പങ്ങള്‍ കുറച്ചുകൊണ്ടുവരികയെന്നതാണ്. സുഖത്തിനുള്ള ഏകമാര്‍ഗ്ഗം. വിഷയഭോഗങ്ങള്‍ അനുഭവിക്കും തോറും അതിലുള്ള ആസക്തിയും അസംതൃപ്തിയും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും.

കത്തുന്ന തീയ്യില്‍ നെയ്യ് വീഴ്ത്തുമ്പോള്‍ അതൊന്നുകൂടി ആളിക്കത്തുന്നതുപോലെയാണ് ഭോഗസുഖങ്ങളുടെയും അവസ്ഥ. അതനുഭവിക്കുന്തോറും വര്‍ദ്ധിച്ചുവരുന്നതല്ലാതെ, ഒരിക്കലും ശാന്തമാകുന്നതല്ല. ഇതെന്റെ അനുഭവമാണ്; യയാതി പറഞ്ഞു.

ഭാവനാസമ്പന്നനായ ഭര്‍ത്തൃഹരി പറയുന്നത് ‘ഭോഗാ ന ഭുക്താ വയമേവ ഭുക്താഃ’ എന്നാണ്. അതായത്, ഭോഗങ്ങള്‍ നമ്മെ സുഖിപ്പിക്കുകയല്ല നേരെമറിച്ചു അവ നമ്മുടെ ശരീരത്തെ ഇരയാക്കുക നശിപ്പിക്കുക-യാണ് ചെയ്യുന്നത്.

ഇന്നത്തെ ഭൗതികവാദികള്‍-ഭോഗവാദികള്‍-ഈ തത്വം പ്രത്യേകം അറിഞ്ഞിരിക്കേണ്ടതാണ്. ഈ കാര്യം ഗീതയില്‍ ഭഗവാന്‍ എടുത്തുപറയുന്നുണ്ട്.

‘വിഹായു കാര്‍മാന്യഃ സര്‍വ്വാന്‍
പുമാംശ്ചരതി നിഃസ്പൃഹഃ
നിര്‍മ്മമോ നിരഹംകാരഃ
സ ശാന്തിമധി ഗച്ഛതി.’

നാം സുഖവും ശാന്തിയും ആഗ്രഹിക്കുന്നുവെങ്കില്‍, നമ്മുടെ ആഗ്രഹാഭിലാഷങ്ങളെ പൂര്‍ത്തീകരിക്കാനല്ല; നേരെമറിച്ചു അവയെ പരിത്യജിക്കാനാണ് നോക്കേണ്ടത്. മനസ്സിലെ സങ്കല്പവികല്പങ്ങളെ നശിപ്പിക്കണം.

ഇന്ദ്രിയങ്ങളെ കര്‍ക്കശമായി നിയന്ത്രിച്ചു പാട്ടില്‍ നിര്‍ത്തണം. വഴിതെറ്റി ദര്‍മ്മാഗ്ഗര്‍ത്തിലേക്കു കുതിച്ചോടുന്ന കുതിരകളെ, നേരുവഴിയായ ‘സന്മാര്‍ഗ്ഗത്തിലേക്ക് തിരിച്ചുവിടാന്‍ അവയുടെ കടിഞ്ഞാണ്‍ നല്ലവണ്ണം മുറുക്കിപിടിക്കുകതന്നെ വേണം. അല്ലാത്തപക്ഷം, തേരിനും തേരാളിക്കും രക്ഷയില്ലെന്നു പറയണമെന്നില്ലല്ലോ.

അതുപോലെ അപഥസഞ്ചാരം ചെയ്യുന്ന ഇന്ദ്രിയാശ്വങ്ങളെ ബുദ്ധിപൂര്‍വ്വം നിയന്ത്രിക്കാതിരുന്നാല്‍, ശരീരമാകുന്ന രഥത്തില്‍  സ്ഥിതിചെയ്യുന്ന ജീവാത്മാവിനും രക്ഷയില്ല. അതിനു അതിന്റെ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നില്ലെന്നു മാത്രമല്ല; ജീവിതപന്ഥാവില്‍ക്കിടന്നു അലഞ്ഞുതിരിഞ്ഞു, അവസാനം അപകടത്തില്‍പ്പെട്ടു അധഃപ്പതിക്കേണ്ടതായും വരും.

അതിനാല്‍ ലൗകികങ്ങളായ സുഖഭോഗാദികളിലുള്ള ആശയം, ആസക്തിയും ത്യജിക്കുകതന്നെ വേണം. അഹംകാരത്തെ നിശ്ശേഷം നശിപ്പിക്കണം. ജീവിതത്തിന്റെ ലക്ഷ്യം ഭോഗമല്ല; ത്യാഗമാണ്. ‘ത്യാഗത്തിന്റെ ലക്ഷ്യം ഭോഗമല്ല; ത്യാഗമാണ്. ‘ത്യാഗാശ്ചാന്തിരനന്തരം’ – ത്യാഗം കൊണ്ടേ, ശാന്തി കൈവരൂ എന്ന് ഗീത നിര്‍ദ്ദേശിക്കുന്നുണ്ട്.

‘ആപൂര്‍യ്യമാണമചല പ്രതിഷ്ഠം
സമുദ്രാമാപ; പ്രവിശന്തിയദ്വല്‍,
തദ്വല്‍ക്കാമായം പ്രവിശന്തി സര്‍വ്വേ
സ ശാന്തിമാപ്‌നോതി ന കാമകാമീ.’

പ്രസ്തുത ഗീതാമന്ത്രം, വളരെ ശ്രദ്ധേയമാണ്. പാനാര്‍ഹങ്ങളായ പല തത്വങ്ങളും ഭഗവാന്‍ അതിലുള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആഗ്രഹങ്ങള്‍ക്കടിമപ്പെട്ടവന്, ഒരിക്കലും സുഖമോ ശാന്തിയോ ഉണ്ടാകുന്നതല്ല. അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന ആഗ്രഹാഭിലാഷങ്ങളെ സംയമാംകുശത്താല്‍ അടക്കിനിര്‍ത്തുവാന്‍ മാത്രമേ സുഖത്തിന് അധികാരിയാകൂ.

അനേകം നദികള്‍ വന്നുചേര്‍ന്നാലും സമുദ്രം അതിന്റെ സീമ ലംഘിക്കുന്നില്ല; അതു അതിന്റെ നിലക്കുതന്നെ നില്ക്കുന്നതേയുള്ളൂ. അതുപോലെ ആഗ്രഹങ്ങളും ആവശ്യങ്ങളും അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരുന്നാലും മനുഷ്യര്‍ അമ്പരക്കുകയോ, അഹംകരിക്കുകയോ ചെയ്യരുത്.

പഴുപ്പിച്ചെടുത്ത ഇരുമ്പുപാരയില്‍ വെള്ളം തളിച്ചാല്‍, ആ ജലകണങ്ങള്‍ അതില്‍ വിലയം പ്രാപിക്കുന്നതുപോലെ, സംയമാഗ്നിയില്‍ ഇച്ഛാശക്തികളെ ദഹിപ്പിക്കുന്നവനാണ് യഥാര്‍ത്ഥമായും സുഖം സിദ്ധിക്കുന്നത്.

മനസ്സിനു ഹിതകരങ്ങളായ സാധനസാമഗ്രികള്‍ സിദ്ധിക്കുംതോറും. മനോവാഞ്ചിതഭോഗസുഖങ്ങള്‍ അനുഭവിക്കുംതോറും ഇന്ദ്രിയങ്ങള്‍ ബലിഷ്ഠങ്ങളായിത്തീരുന്നു. അവയെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഠിനമായ പ്രയത്‌നം അനിവാര്യമായിത്തീരുന്നു. അനിയന്ത്രിതങ്ങളായ ഇന്ദ്രിയങ്ങള്‍ മനുഷ്യന് ആപല്‍ക്കരങ്ങളത്രെ.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം