ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ കാണിക്കവഞ്ചി പൊളിച്ച് പണം കവര്‍ന്നു

June 29, 2012 ക്ഷേത്രവിശേഷങ്ങള്‍

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ പടിഞ്ഞാറേനടയിലുള്ള ചെറിയ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ദേവസ്വം കാവല്‍ക്കാരന്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.  വാതിലിന്റെ പൂട്ട് തകര്‍ത്ത് മുറികളില്‍ കയറി കാണിക്കവഞ്ചി തകര്‍ക്കുകയായിരുന്നു. നോട്ടുകള്‍ മാത്രമാണ് അപഹരിക്കപ്പെട്ടത്. ചില്ലറനാണയങ്ങള്‍ കൂട്ടിവച്ച നിലയില്‍ കണ്ടെത്തി. മൂന്നാഴ്ച മുമ്പ് ഈ കാണിക്കവഞ്ചി തുറന്ന് അധികൃതര്‍ പണമെടുത്തിരുന്നതിനാല്‍ വലിയ നഷ്ടം ഉണ്ടാകാന്‍ സാധ്യത  ഇല്ലെന്ന് കരുതുന്നു. വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ജി.അനില്‍ കുമാര്‍, ഏറ്റുമാനൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.എ.രാധികാദേവി എന്നിവരുടെ സാന്നിധ്യത്തില്‍ പടിഞ്ഞാറേ നടയിലുള്ള വലിയ കാണിക്കവഞ്ചി തുറന്ന് പണം തിട്ടപ്പെടുത്തി. ഒന്നര വര്‍ഷം മുമ്പ് ക്ഷേത്രമതില്‍ക്കെട്ടിനകത്തെ കാണിക്കവഞ്ചി കുത്തിത്തുറന്ന് വന്‍ മോഷണം നടന്നിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല.  പോലീസും വിരലടയാളവിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍