ശ്രീപത്മനാഭസ്വാമി ക്ഷേത്രം: എ നിലവറ അടുത്തയാഴ്ച തുറക്കും

June 30, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ എ നിലവറ അടുത്തയാഴ്ച തുറന്നുപരിശോധിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച മൂല്യനിര്‍ണയ സമിതി തീരുമാനിച്ചു. പരിശോധനയ്ക്ക് മൂന്നുമാസം മുതല്‍ ആറുമാസംവരെ വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. എത്ര സമയംകൊണ്ട് കണക്കെടുപ്പു പൂര്‍ത്തിയാക്കുമെന്ന് അറിയാന്‍ നിലവറ വീണ്ടും തുറന്ന് വര്‍ക്ക് പ്‌ളാന്‍ തയാറാക്കേണ്ടിവരും.

പരിശോധന ആരംഭിക്കുന്ന തീയതി പിന്നീടു തീരുമാനിക്കും. രത്‌നങ്ങളുടെ കാരറ്റ് പരിശോധനയ്ക്കായി കെല്‍ട്രോണ്‍ വഴി വാങ്ങിയ ഉപകരണം അടുത്തയാഴ്ചയില്‍ സ്ഥാപിക്കും. ഇതു കഴിഞ്ഞാവും കണക്കെടുപ്പ് ആരംഭിക്കുന്നത്.

രത്‌നപരിശോധനാ ഉപകരണം സ്ഥാപിക്കുന്നതോടെ കണക്കെടുപ്പ് വേഗത്തിലാകും. ഇതുവരെ കണക്കെടുപ്പു നടത്തിയതിന്റെ സി ഡി സുപ്രീംകോടതിയുടെ അനുവാദത്തോടെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റും. സെര്‍വറില്‍ സൂക്ഷിച്ചിട്ടുള്ള പരിശോധനാഫയലുകള്‍ വിഎസ്എസ്സിയുടെ അതീവ സുരക്ഷാ ഫയലിലേക്കു മാറ്റിയിട്ടുണ്ട്.

സി നിലവറയിലെ കണക്കെടുപ്പു പൂര്‍ത്തിയായി. കഴിഞ്ഞവര്‍ഷം ജൂണിലാണ് എ നിലവറ തുറന്ന് പത്തുലക്ഷം കോടി രൂപയുടെ അമൂല്യശേഖരം കണ്ടെത്തിയത്.

27.5 കിലോയുടെ സ്വര്‍ണ ഉരുളി, പൂജയ്‌ക്കെടുക്കാനുള്ള 360 സ്വര്‍ണക്കുടങ്ങള്‍, 3000 ശരപ്പൊളിമാലകള്‍ തുടങ്ങിയവയാണ് അമൂല്യ ശേഖരത്തിലുള്ളത്. ശരപ്പൊളിമാലയില്‍ പലതിനും രണ്ടര കിലോയോളം തൂക്കവും 18 അടി നീളവുമുണ്ട്്.

സ്വര്‍ണ അരപ്പട്ട, രത്‌നപാത്രം, ചുവപ്പു നിറത്തിലുള്ള വലിയ മാണിക്യക്കല്ലുകള്‍, ഇന്ദ്രനീലക്കല്ലുകള്‍, വൈഢൂര്യം തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. സ്വര്‍ണ അങ്കികള്‍, തങ്കക്കുടകള്‍, സ്വര്‍ണപാദങ്ങള്‍, രത്‌നകിരീടം തുടങ്ങിയവയും ശേഖരത്തില്‍പ്പെടും. സ്വര്‍ണ ഉരുപ്പടികള്‍ മാത്രം 4500 കിലോയോളം വരുമെന്നാണു കണക്കാക്കിയത്.

കോടതി നിര്‍ദേശപ്രകാരം നിലവറ തുറന്നപ്പോള്‍ നിലവറയ്ക്കുള്ളില്‍ പലയിടത്തായി കൂട്ടിയിട്ടിരുന്ന സ്വര്‍ണ, വജ്രശേഖരം, ഇരുമ്പ് ട്രങ്ക് പെട്ടികള്‍, ചാക്ക് എന്നിവയിലാക്കി നിലവറയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. നിലവറ തുറന്ന് കൂട്ടിയിട്ടിരിക്കുന്ന ആഭരണ ശേഖരത്തിന്റെ കണക്കെടുപ്പ് നടത്തും. നിധിശേഖരത്തിന്റെ ത്രിമാന ചിത്രങ്ങള്‍, ഭാരം, കാരറ്റ്, പഴക്കം, പുരാവസ്തുമൂല്യം എന്നിവയാണുരേഖപ്പെടുത്തുന്നത്.

കെല്‍ട്രോണിന്റെ സാങ്കേതിക വിദഗ്ധരാണു പരിശോധന നടത്തുന്നത്. ഫെബ്രുവരി മുതലാണ് നിലവറകളിലെ കണക്കെടുപ്പ് ആരംഭിച്ചത്. നാലു നിലവറകളാണ് ക്ഷേത്രത്തിലുള്ളത്. ഇവ പ്രധാന പ്രതിഷ്ഠ നിലകൊള്ളുന്ന മതിലിനു പുറത്താണ്. ഈ ഭാഗത്തു നരസിംഹമൂര്‍ത്തി, വ്യാസര്‍, ഭീഷ്മര്‍ എന്നിവര്‍ക്കു ക്ഷേത്രമുണ്ട്. വ്യാസര്‍ കോണിനടുത്താണ് ബി നിലവറ. കട്ടികൂടിയ കരിങ്കല്‍ മതിലാണ് നിലവറകളുടെ ചുറ്റും. ഈ മതിലിനു രണ്ടടിമാറി വീണ്ടും ഒരു മതിലുണ്ട്്. ഇതിനു വെളിയിലാണു ശാസ്താക്ഷേത്രം.

പ്രധാന ക്ഷേത്രത്തില്‍നിന്നു കുറച്ചകലെയാണ് ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള തിരുവമ്പാടി ക്ഷേത്രം. ഇതിനു പുറത്താണ് ക്ഷേത്രത്തിന്റെ വന്‍മതിലും നാലു കവാടങ്ങളും സ്ഥിതി ചെയ്യുന്നത്. എ നിലവറയിലെ കണക്കെടുപ്പു തീര്‍ന്നാല്‍ ബി നിലവറ തുറക്കും. സ്വര്‍ണത്തില്‍ തീര്‍ത്ത അമ്മി, സ്വര്‍ണത്തില്‍ തീര്‍ത്ത ഉരുളികള്‍, വലിയ സ്വര്‍ണക്കട്ടികള്‍ എന്നിവയാണു ബി നിലവറയില്‍ പ്രതീക്ഷിക്കുന്നത്. ബി നിലവറയില്‍ അമ്പതു ലക്ഷം കോടി രൂപയുടെയെങ്കിലും അമൂല്യശേഖരമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം