ആത്മസംസ്‌കാരത്തിന്റെ ചില മൂല്യതത്വങ്ങള്‍

June 30, 2012 സനാതനം

*ലളിതാംബിക*
ലോകത്തിലുള്ള എല്ലാ വസ്തുക്കള്‍ക്കും ജന്മനാ ചില മാലിന്യങ്ങള്‍ കാണും. അവയെ പരിശോധനചെയ്ത് ദൂരീകരിച്ച് ശുദ്ധങ്ങളാക്കുന്ന പ്രവൃത്തിക്കാണ് സംസ്‌കാരമെന്നു പറയുന്നത്. ഒരു ഉദാഹരണം പറയാം. നാം കടലില്‍നിന്നു രത്‌നങ്ങള്‍ എടുക്കുന്നു. എന്നാല്‍ ഇപ്രകാരം എടുക്കുന്ന രത്‌നങ്ങളില്‍ ചളി, പത മുതലായവ പുറമെ പറ്റിയിരിക്കുക സാധാരണയാണ്. വേറെയും പല കേടുകളുണ്ടായിരിക്കും. ഈ നിലയില്‍ അവ പ്രകാശിക്കുന്നില്ല. രത്‌നങ്ങള്‍ക്കുവേണ്ട പ്രകാശവും ശക്തിയും ലഭിക്കണമെങ്കില്‍ മുമ്പ്പറഞ്ഞ മാലിന്യങ്ങളെ അകറ്റണം. ഈ ക്രിയയ്ക്കാണ് സംസ്‌കാരം എന്നു പറയുന്നത്. ഇപ്രകാരം സംസ്‌കരിക്കപ്പെടുന്നതുവരെ രത്‌നങ്ങള്‍ നിഷ്പ്രയോജനങ്ങളും നിഷ്പ്രഭങ്ങളുമായി ഭവിക്കുന്നു. ഈ തത്വത്തെത്തന്നെ നമ്മോടും സംബന്ധിപ്പിക്കാം. കായികമായും അഭ്യന്തരമായും രണ്ടുവിധം മാലിന്യങ്ങള്‍ നമ്മെ ബാധിക്കുന്നു. ഇവയില്‍ അഭ്യന്തരങ്ങള്‍ പ്രധാനങ്ങളാകുന്നു.

രജസ്തമോദോഷങ്ങളാല്‍ നാം ബന്ധരാകുമ്പോള്‍ ആത്മാവിന് പ്രസാദവും ശക്തിയും ലഭിക്കുന്നില്ല. ഈ അസംസ്‌കൃതസ്ഥിതിയില്‍ നാം നിഷ്പ്രയോജനന്മാരും അശക്തന്മാരുമായി ഭവക്കുന്നു. അപ്പോള്‍ വസ്തുക്കള്‍ക്കെന്നപോലെ ആത്മാവിനും ശുദ്ധിയും പ്രസാദവും ലഭിക്കുന്നതിന് സംസ്‌ക്കാരം ആവശ്യമാണെന്നു വന്നുകൂടുന്നു. ആത്മാവിന്നു സ്വഭാവേന ശക്തിയും നൈര്‍മ്മല്യവുമുണ്ട്. ഈശ്വരന്‍, ബ്രഹ്മം എന്നൊക്കെ ശാസ്ത്രകാരന്മാര്‍ അതിനെ വ്യവഹരിക്കുന്നു. ഈ സ്ഥിതിക്ക് ആത്മാവ് എങ്ങിനെ മലിനമാകുന്നു? ഈ വിധം ഒരു ശങ്കയുണ്ടാകുവാന്‍ ന്യായമുണ്ട്. മുന്‍പറഞ്ഞ ദോഷങ്ങള്‍കൊണ്ട് ആത്മാവിന്നു പുറമേ ഒരു മറവുണ്ടാകുന്നുവെന്നേയുള്ളൂ. ഈ മറവുതന്നെ അശക്തിക്കും മാലിന്യത്തിനും കാരണം.

ആഭ്യന്തരമായി ആത്മാവിനുവേണ്ട ശക്തിയും പ്രസാദാദി ഗുണഭൂയിഷ്ഠതയുമുണ്ടെങ്കിലും ഈ മറവുനിമിത്തം ഫലമുണ്ടാകുന്നില്ല. അപ്പോള്‍ നാം നിഷ്പ്രയോജനന്മാര്‍. നമ്മുടെ ജീവതോദ്ദേശത്തെ അറിഞ്ഞു സാധിക്കുന്നതിന്നു വേണ്ട ശക്തിയില്ലാത്തവര്‍-ആയിഭവിക്കുന്നു. സര്‍വ്വപ്രകാരേണയും ആത്മസംസ്‌കാരം എല്ലാവര്‍ക്കും അത്യാവശ്യമുള്ള ഏറ്റവും പ്രാധാന്യമായ ഒരു ഗുണമാണെന്നു ഗ്രഹിക്കാവുന്നതാകുന്നു.

ആത്മസംസ്‌കാരത്തിന്ന് ആസ്പദങ്ങളായി ചില മൂല്യതത്വങ്ങളുണ്ട്. അവയില്‍ പ്രധാനമായ ഒന്നാണ് ശുചിത്വം. ഈ ഗുണം കൊണ്ടല്ലാതെ ആത്മസംസ്‌ക്കാരം സമ്പാദിക്കാവുന്നതല്ല. സ്ഥൂലമായും അഭ്യന്തരമായും ശുചിത്വം രണ്ടുവിധം. സ്‌നാനാദികളെക്കൊണ്ടു ശരീരത്തെ നിര്‍മ്മലമാക്കുന്നതു പുറമേയുള്ള ശുചിത്വമാകുന്നു. ഈശ്വരഭക്തി, സല്‍സംസര്‍ഗ്ഗം, ശാസ്ത്രവിചിന്തനം മുതലായവയാണ് ആഭ്യന്തരശുചിത്വത്തിനുള്ള മാര്‍ഗ്ഗങ്ങള്‍.

ധീധൈര്‍യ്യാത്മാദി വിജ്ഞാനം
മനോദോഷൌഷധം പരം.

എന്നു വാഗ്ഭടാചാര്‍യ്യര്‍ ഉപദേശിച്ചിരിക്കുന്നു. യോഗം, തപസ്സ് (സമാധി) മുതലായവ വിവിധങ്ങളായ ഈശ്വരഭജനമാര്‍ഗ്ഗങ്ങളാകുന്നു. ശക്തിയനുസരിച്ച് ഈ മാര്‍ഗ്ഗങ്ങളെ ആദരിക്കുന്നത് യുക്തം തന്നെ. പുറമെ പൊടിയും ഇരുട്ടും കഠിനമായി വര്‍ദ്ധിച്ചാല്‍ വസ്തുക്കളെ തിരിച്ചറിയുവാന്‍ പാടില്ലാതെ നാം അപകടത്തിലാകുന്നത് സാധാരണമാണ്. രജസ്സും, തമസ്സും ബാധിച്ചാല്‍ മനസ്സിന്റെ നിലയും ഇതുതന്നെ. വേണ്ടതു, വേണ്ടാത്തതു, തത്വം, അതത്വം, സത്യം, അസത്യം, സ്വാര്‍ത്ഥം, പരാര്‍ത്ഥം മുതലായവയൊന്നും രജസ്തമഃപങ്കിലമായ മനസ്സിന് അറിയുവാന്‍ സാധിക്കുന്നില്ല. ഈ അന്ധതയില്‍ അകപ്പെടുന്നവര്‍ തനിയെ നാശത്തെ വരിക്കുന്നു. ഈ ആപത്തില്‍നിന്ന് നമ്മെ രക്ഷിക്കുന്ന മഹത്തായ ദിവ്യൌഷധമാണ് ശുചിത്വം. ഈശ്വരഭജനം, സുജനസംസര്‍ഗ്ഗം മുതലായവകൊണ്ട് ആര്‍ക്കും അന്തശുചിത്വം സമ്പാദിക്കുവാന്‍ കഴിയും. സാധാരണക്കാരുമായി ഇണങ്ങുന്ന ഒന്നല്ല യോഗമാര്‍ഗ്ഗം.

ആത്മസംസ്‌കാരത്തിന്റെ മറ്റൊരു മൂലതത്വം ആചാരശുദ്ധിയാകുന്നു. ഇവിടെ ആചാരത്തിന് സദാചാരമെന്നര്‍ത്ഥം. ശിഷ്ടന്മാരായ ഗുരുജനങ്ങള്‍ പരമ്പരയാ അംഗീകരിച്ചുവന്നതും ഇന്നും ആവിധമുള്ളവര്‍ ആദരിക്കുന്നതും ശ്രേയസ്‌കരവുമായ കീഴ്‌നടപ്പിനെ സദാചാരമെന്നു പറയുന്നു. ഇപ്രകാരമുള്ള ആചാരങ്ങളെ വിധിയനുസരിച്ച് ശ്രദ്ധയോടുകൂടി അനുഷ്ഠിക്കുന്നതുകൊണ്ട് ലഭിക്കുന്ന അന്തഃശുദ്ധിയാണ് ആത്മശുദ്ധി. ഇതുതന്നെ ആചാരശുദ്ധി. ഭാരതീയര്‍ ഇതിനെ ഒരു വലിയ യോഗ്യതയാണ് മാനിക്കുന്നത്.

”ആചാരപൂതാം പവനസ്സിഷേവേ”
”ആചാരശുദ്ധോ ഭയവംശദീപം”

ഇത്യാദി സന്ദര്‍ഭങ്ങളില്‍ കാളിദാസന്‍ ‘ആചാരശുദ്ധപൂത’പദങ്ങളെ ഉപയോഗിച്ചിരിക്കുന്നതു നോക്കുക. ദീലീപനു ഭുജവീര്‍യ്യപ്രതാപാദി ഗുണങ്ങള്‍ വളരെയൊക്കെയുണ്ട്. എന്നാല്‍ പവനന്‍ ആ രാജാവിനെ സേവിച്ചത് ആ ഗുണങ്ങള്‍കൊണ്ടൊന്നുമല്ല. പിന്നെയോ? സദാചാരാനുഷ്ഠാനംകൊണ്ടു പൂതനാണെന്നുള്ള ഏകയോഗ്യതകൊണ്ടുമാത്രമാണ്. ഉഭയവംശങ്ങളിലുള്ള ആചാരശുദ്ധിയും വിശിഷ്ടഗുണമായി ഗണിക്കപ്പെടുന്നു. ഇപ്രകാരം ആത്മശുദ്ധി ലഭിച്ചിട്ടുള്ളവരെക്കൊണ്ടല്ലാതെ ഒരു ഗൃഹത്തിനോ സമുദായത്തിനോ പൊതുവേ ലോകത്തിനോ ഒരു പ്രയോജനവും ലഭിക്കുന്നില്ല. മലിനാത്മക്കള്‍ തങ്ങള്‍ക്കുതന്നെയും ഒരു പ്രയോജനമില്ലാതെയാണ് ജീവിക്കുന്നത്. പിന്നെ അവരെക്കൊണ്ടു മറ്റുള്ളവര്‍ക്ക് എങ്ങിനെ ഉപകാരമുണ്ടാകും?

”താനുണ്ണാത്തൊരു തേവര്‍വരത്തെ-
ദ്ദാനം ചെയ്യാനാളായ് വരുമോ”

എന്ന് മഹാകവിയായ കുഞ്ചന്‍നമ്പ്യാര്‍ പറഞ്ഞിരിക്കുന്നതില്‍ (ലൗകികദൃഷ്ട്യാ) ഒരു ഗംഭീരതത്വം അടങ്ങീട്ടുണ്ട്. വ്യക്തിയുടെ നിലയില്‍ തനിക്കുവേണ്ട ആത്മശ്രേയസ്സിനെ ആദ്യം സമ്പാദിക്കണം. അപ്രകാരമുള്ളവര്‍ക്ക് അന്യന്മാരെ നന്നാക്കി ലോകത്തെ ഉയര്‍ത്തുവാന്‍ കഴിയുന്നു. പ്രഥമമായി സദാചാരമാര്‍ഗ്ഗത്തിലേക്കാണ് നമ്മുടെ ദൃഷ്ടിയെ അധികം ശ്രദ്ധയോടുകൂടി നിപതിപ്പിക്കേണ്ടത്.
ഇന്ന് നമ്മുടെയിടയില്‍ ആചാരശുദ്ധിയെക്കുറിച്ച് ചിന്തിക്കുന്നവര്‍തന്നെ വളരെ ചുരുക്കം. ഇതു നിമിത്തം സദാചാരത്തിനു പൊതുവെ വലിയ ഇടിവുതട്ടിയിരിക്കുന്നു. ആത്മശുദ്ധിയെ സദാചാരം കൂടാതെ സമുദായത്തില്‍ പ്രതിഷ്ഠിക്കാമെന്നു ചിലര്‍ക്ക് അഭിപ്രായമുള്ളതായി തോന്നുന്നു; എന്നാല്‍ അത് ഒരിക്കലും സാധിക്കാത്ത കാര്യമാണ്. വ്യക്തിയെയാകട്ടെ സമുദായത്തെയാകട്ടെ വീഴാതെ താങ്ങിനിര്‍ത്തിപ്പരിരക്ഷിക്കുന്ന തൂണ് സദാചാരമാകുന്നു.

ഇന്നു സ്വദശികളുടേയും വിദേശികളുടേയും ആചാരങ്ങള്‍ തമ്മില്‍ ക്രമവും ആവശ്യവും ഔചിത്യവുമില്ലാതെ കൂടിച്ചേര്‍ന്നുണ്ടായിട്ടുള്ള ഒരു മിശ്രിതം (സാങ്കര്യം) എല്ലാ സമുദായത്തേയും ബാധിച്ചുകാണുന്നു. ഭാഷ, വ്യവഹാരം മുതലായവയിലെല്ലാം ഈ സാങ്കര്യത്തിന്റെ ഭയങ്കരമായ വ്യാപാരം ബാധിച്ചിട്ടുണ്ട്. ഇവയൊക്കെ പുറമേയുള്ള നിസ്സാരകാര്യങ്ങളല്ലേ! എന്നു പലരും പറയുമായിരിക്കും.

എന്നാല്‍ ക്രമേണ ആഭ്യന്തരമായ സ്വതശുദ്ധിയേയും സത്വബുദ്ധിയേയും ഈ സാങ്കര്‍യ്യം ബാധിക്കുമെന്നു വിചാര ശീലന്മാര്‍ക്ക് അറിയാവുന്നതാണ്. ‘സങ്കരോനരകായൈവ’ എന്ന ഗംഭീരമായ ഗീതോപദേശത്തിന്റെ തത്വം ഇന്ന് ലോകത്തിന് അനുഭവപ്പെട്ടിരിക്കുന്നു. രോഗം, ദാരിദ്ര്യം, കലഹം മുതലായവ നമ്മുടെയിടയില്‍ എത്രമാത്രം വര്‍ദ്ധിച്ചിട്ടുണ്ടെന്നു നോക്കേണ്ടതാണ്. ഇതുതന്നെ ഗീതയില്‍ ഉപദേശിക്കുന്ന നരകം.

ഒരു പറമ്പില്‍ സസ്യങ്ങള്‍ നട്ടുപിടിപ്പിക്കണമെങ്കില്‍ വേലിയുറപ്പിച്ചുകെട്ടണം. വേലിക്ക് എത്രയെത്ര ഉറപ്പ് കുറയുന്നുവോ അത്രമാത്രം. ജന്തുക്കള്‍ അകത്തുകടന്നു സസ്യങ്ങള്‍ നശിപ്പിക്കുന്നു. ആരോഗ്യം, ഐശ്വര്യം, ജ്ഞാനം, ശാന്തി മുതലായ സസ്യങ്ങളെ നട്ടുവളര്‍ത്തേണ്ടതായ ശരീരക്ഷേത്രത്തിന് ചുറ്റും സദാചാരരൂപമായ വേലി ഉറപ്പോടുകൂടി കെട്ടുന്നതിന് മടികാണിച്ചാല്‍ രോഗം, ദാരിദ്ര്യം, കലഹം മുതലായ ജന്തുക്കള്‍ അതില്‍ കടന്ന് ഉപദ്രവം ചെയ്യുന്നു. അകാലമരണം, ഉഭയലോകഭ്രംശം മുതലായവ ഈ നിലയില്‍ ഉണ്ടാകുന്ന ഭയങ്കരഫലങ്ങളാകുന്നു. ഇന്നു മിക്ക സമുദായങ്ങളും ഈവിധമുള്ള ഒരു ശോചനീയാവസ്ഥയെ പ്രാപിച്ചിരിക്കുന്നു. സദാചാരപരിത്യാഗം തന്നെ ഈ ദുസ്ഥിതിയുടെ കാരണം.

നമ്മുടെ പഴയ നടപ്പുകള്‍ ആത്മശുദ്ധി സമ്പാദനത്തിന് എത്രമാത്രം സമര്‍ത്ഥങ്ങളാകുന്നു എന്ന് അല്പം ഒന്നു ചിന്തിയ്ക്കാം. വെളുപ്പാന്‍കാലത്ത് എഴുന്നേല്‍ക്കുക. ദേഹം ശുദ്ധമാക്കുക. (സ്‌നാനാദിയാല്‍) ക്ഷേത്രത്തില്‍ പോയി ഭഗവദ്ദര്‍ശനം ചെയ്യുക. പുരാണം വായിക്കുക, അതിഥിയെ പൂജിക്കുക, ആഹാരം കഴിക്കുക മുതലായവ നമ്മുടെയിടയില്‍ സദാചാരങ്ങളായി പരിണമിച്ചിട്ടുള്ള ചില കീഴ്‌നടപ്പുകളാകുന്നു ഇവ എത്രമാത്രം പ്രയോജനകരങ്ങളാണെന്നു നോക്കാം. തലേദിവസം രാത്രിയില്‍ നിദ്രാദികളെക്കൊണ്ടു ശരീരത്തിനും മനസ്സിനും ബാധിച്ചിട്ടുള്ള ജാഡ്യവും മാലിന്യവും നീങ്ങുന്നതിനു പ്രാതഃസ്‌നാനം അത്യാവശ്യമാകുന്നു.

ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും ജഡത്വം ബാധിച്ചിരിക്കുമ്പോള്‍ വേണ്ടവിധം പ്രവര്‍ത്തിക്കുന്നതിനു ശക്തിയുണ്ടായിരിക്കയില്ല. ക്ഷേത്രത്തില്‍പോകുക. പ്രദക്ഷിണംവെക്കുക എന്നിവ ചെയ്യന്നതുകൊണ്ട് ശരീരത്തിനു വ്യായാമത്തിനാലുണ്ടാകുന്ന ഗുണവും ലഭിക്കുന്നു.

വലിയ ശരീരക്ലേശമില്ലാതെ ആര്‍ക്കും ഈ കാര്യം സാധിക്കാം. നിര്‍ബ്ബാധമായി ഏകാഗ്രതയോടുകൂടി ഈശ്വരനെ സേവിക്കുന്നതിനു ക്ഷേത്രത്തില്‍ പോകുകതന്നെ വേണം. ഈശ്വരസ്മരണ സ്വന്തം ഭവനത്തിലിരുന്ന ചെയ്താല്‍ പോരായോ? എന്തിന് അമ്പലത്തില്‍ പോകുന്നു? എന്നു ചോദിക്കുന്നവര്‍ പലരും ഉണ്ട്. ഏതു പ്രവൃത്തി ചെയ്യുന്നതിനും അനുകൂലമായ പരിതഃസ്ഥിതികള്‍ ഉണ്ടായരിക്കണം. പ്രതികൂലങ്ങളുടെ ബാധ സംഭവിക്കുകയുമരുത്; എങ്കില്‍ മാത്രമേ ആ പ്രവൃത്തി വേണ്ടതുപോലെ ചെയ്യുവാന്‍ കഴിയുകയുള്ളൂ.

നാം കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിച്ചാല്‍ മതിയാകുകയില്ലെന്നു കരുതി പള്ളിക്കൂടങ്ങളിലേക്കു അയക്കുന്നു. അതുപോലെ കച്ചേരി സംബന്ധിച്ചുള്ള ജോലികള്‍ ചെയ്യുവാന്‍ കച്ചേരികളില്‍തന്നെ പോകുന്നു. കാരണം വിദ്യാഭ്യാസത്തിനും കച്ചേരി ജോലിക്കും ഭവനങ്ങള്‍ യോജിച്ചവയല്ലെന്നുള്ളതുതന്നെ. പള്ളിക്കൂടങ്ങളിലും കച്ചേരികളിലും ഉള്ള സൗകര്യം ഒന്നും വീട്ടില്‍ കിട്ടുകയില്ല. അതുതന്നെയോ? ഭവനത്തിലെ  പരിതഃസ്ഥിതികള്‍ പ്രതികൂലങ്ങളുമാകുന്നു. കുട്ടികള്‍ അടുത്തുവന്നു കളിക്കുക, ഭാര്യ വന്നു അതുമിതുമില്ലെന്നു പറയുക മുതലായവ സ്വന്തം ഭവനങ്ങളില്‍ കൂടെകൂടെ ഉണ്ടായിക്കൊണ്ടിരിക്കും.

അപ്പോള്‍ വിദ്യാഭ്യാസവും കച്ചേരിജോലിയും നിര്‍ബ്ബാധമായി ഏകാഗ്രതയോടെ ചെയ്യുവാന്‍ കഴിയുന്നില്ല. ഈ തത്വംതന്നെ ക്ഷേത്രത്തേയും ബന്ധിപ്പിക്കാം. ക്ഷേത്രത്തിലെ അന്തരീക്ഷംതന്നെ സര്‍വ്വഥാ ഭഗവത്സ്മരണയ്ക്ക് അനുകൂലമാകുന്നു. ഒരിടത്തു വേദോച്ചാരണം, മറ്റൊരിടത്തു പുരാണപാരായണം, വേറൊരിടത്തു ഭക്തന്മാരുടെ ഭഗവത്സ്‌തോത്രങ്ങള്‍ ഇപ്രകാരം ഈശ്വരസ്മരണയെ ജനിപ്പിക്കുന്ന വ്യാപാരങ്ങള്‍ മാത്രമേ ക്ഷേത്രങ്ങളില്‍ കാണുകയുള്ളൂ.

ശുചിയും ശാന്തവുമായ ആ അന്തരീക്ഷം ആര്‍ക്കും മനസ്സിനു നിര്‍മ്മലമായ ഒരു ആനന്ദത്തെ പ്രദാനം ചെയ്യുന്നതാണ്. സ്വന്തം ഭവനത്തില്‍ ഈവക ഗുണങ്ങളൊന്നും കിട്ടുകയില്ല. ഈശ്വരഭജന ചെയ്യണമെന്നുള്ളവര്‍ അതിന് അനുകൂലമായ ക്ഷേത്രത്തില്‍ പോകുകതന്നെയാണ് ചെയ്യേണ്ടത്, യഥാശക്തി വല്ല വഴിപാടു അമ്പലത്തില്‍ കഴിക്കുന്നതും ആവശ്യംതന്നെ. നമ്മുടെ കയ്യില്‍നിന്നും ധനത്തിന്റെ ഒരംശം ചിലവാക്കുന്നതുകൊണ്ട് വഴിപാടു ‘ത്യാഗം’ എന്ന ധര്‍മ്മമായി പരിണമിക്കുന്നു.

ഏതെങ്കിലു വിധത്തില്‍ അതിന്റെ ഒരു അശം ക്ഷേത്രകാര്യങ്ങള്‍ക്കുപയോഗിക്കപ്പെടുന്നു. അപ്പോള്‍ ക്ഷേത്രത്തിന്റെ നിലനില്‍പ്പിനു വഴിപാട് കഴിക്കുന്നവര്‍ സഹായിച്ചു എന്നും വന്നുകൂടി. ഗുരുജനങ്ങളേയും ഈശ്വരന്മാരേയും രിക്ത (ശൂന്യ) ഹസ്തന്മാരായി കാണരുതെന്നും. ശാസ്ത്രം ഉപദേശിക്കുന്നു. ഈ നിലയില്‍ ഒരു സദാചാരവും രക്ഷിതമായി. ഈ മാതിരി കാര്യങ്ങളില്‍ നമ്മുടെ ധര്‍മ്മം നാം ചെയ്യുന്നു എന്നു മാത്രമേ വിചാരിക്കുവാനുള്ളൂ.

വഴിപാട്, ദാനം, ധര്‍മ്മം മുതലായവയൊക്കെ ത്യാഗത്തിന്റെ രൂപാന്തരങ്ങളാകുന്നു. ഇവയെ പരിത്യജിച്ചുകൊണ്ട് ത്യാഗത്തെ ആരാധിക്കാവുന്നതല്ല. വഴിപാടുകഴിക്കുന്നവര്‍ക്ക് തങ്ങളുടെ ധനം ഒരു സത്പാത്രത്തിലാണല്ലോ ത്യാഗം ചെയ്തതെന്നുള്ള കൃതാര്‍ത്ഥതയ്ക്കും അവകാശമുണ്ട്.

പുരാണപാരായണം ഭഗവത്  ഭക്തിയെ വര്‍ദ്ധിപ്പിക്കുന്നു. അതോടുകൂടി മനസ്സിന്ന് അറിവും ശുദ്ധിയുമുണ്ടാക്കുന്നു. ഉല്‍കൃഷ്ടമായ ഒരു സാഹിത്യവുമായി പരിചയിക്കുമ്പോള്‍ അനുപമമായ ആനന്ദമാണ് പുരാണപരിശീലനത്തിന്റെ വേറെയൊരു ഫലം. അതിനാല്‍ രാമായണം, ഭാരതം മുതലായവ പാരായണം ചെയ്യുന്നതു സര്‍വ്വ പ്രകാരേണയും ഗുണകരംതന്നെ.

അതിഥിപൂജ ധര്‍മ്മശാസ്ത്രദൃഷ്ട്യാഗൃഹസ്ഥന് ഉപേക്ഷിക്കാന്‍ പാടില്ലാത്ത ഒരു യജ്ഞമാണ്. ഗുരുപൂജനം, സഹജീവിസ്‌നേഹം, ഭൂതദയ, പരോപകാരം മുതലായ ഗുണങ്ങള്‍ അതിഥിപൂജകൊണ്ട് ലഭിക്കുന്നു.

”സര്‍വ്വേഷ്വഭ്യാഗതോ ഗുരുഃ”

എന്നാണ് ആചാര്യന്മാരൂടെ ഉപദേശം. പുതിയതായി ഗൃഹത്തില്‍ വരുന്നവന്‍ ഗുരുവെന്നാകുന്നു ഈ വാക്യത്തിന്റെ അര്‍ത്ഥം. അപ്പോള്‍ ഗുരുവിനെപ്പോലെ വിചാരിച്ച് അതിഥിയേയും പൂജിക്കേണ്ടതു ധര്‍മ്മമാകുന്നതാണല്ലോ. അതിഥിപൂജയും ത്യാഗത്തിന്റെ മറ്റൊരു വേഷംതന്നെയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം