മന്ത്രങ്ങളും മന്ത്രസിദ്ധിയും

June 30, 2012 സനാതനം

കെ.ജി. മുരളീധരന്‍ നായര്‍
മനനം ചെയ്യുന്നവനെ മരണത്തില്‍ നിന്നു രക്ഷിക്കുന്നതും സകലവിധ അറിവുകളും നല്‍കി ഭൗതികമായ ആശാപാശങ്ങളില്‍ നിന്നും മുക്തനാക്കി അമൃതമയ ലോകത്തില്‍ എത്തിക്കുന്നവയുമായ അനേകം മന്ത്രങ്ങളുണ്ട്.

”മനനാത് വിശ്വവിജ്ഞാനം ത്രാണം സംസാരബന്ധനാത്
യതഃ കരോതി സംസിദ്ധിം മന്ത്രിഇത്യുച്യതേ തതഃ”

മന്ത്രങ്ങള്‍ പരമാത്മാവിന്റെ നാമങ്ങളാണ്. പഞ്ചാക്ഷരി, ഷഡക്ഷരി, ദ്വാദശാക്ഷരി ഇവയെല്ലാം പരമാത്മാവിന്റെ മന്ത്രങ്ങള്‍ തന്നെയാണ്.

മന്ത്രം പ്രത്യക്ഷ ദൈവമാണ്. സംസാര ഭയം അകറ്റുന്നതിനും ജരാമരണങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനും മറ്റു മരുന്നുകള്‍ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ഭോഗമോക്ഷങ്ങള്‍ സാധകന് നല്‍കുന്നതിന് മന്ത്രത്തിനു കെല്പുണ്ട്.

ബൃഹദ്ഗന്ധര്‍വ്വ തന്ത്രം അഞ്ചാം അദ്ധ്യായത്തില്‍ മഹേശ്വരന്‍ ദേവിയോട് മന്ത്രത്തിന്റെ മാഹാത്മ്യം വര്‍ണ്ണിക്കുന്നുണ്ട്.

”ശൃണു ദേവി വിവക്ഷ്യാമി ബീജാനാം ദേവരൂപതാം
മന്ത്രോച്ചാരണ മാത്രേണ ദേവരൂപം പ്രജയാതേ”

വിരക്തനും ഭക്തനുമായവന്‍ മന്ത്രാക്ഷരങ്ങള്‍ പുരശ്ചരണം ചെയ്യുമ്പോള്‍ ദേവത അന്തഃകരണത്തില്‍ പ്രത്യക്ഷപ്പെടും.

ഈ ദേവത സാധകന് ഇഷ്ടഫലങ്ങള്‍ നല്‍കി അനിഷ്ടങ്ങള്‍ ദുരീകരിക്കും. ദേവസ്വരൂപവും സ്വഭാവവും മന്ത്രാക്ഷരങ്ങളിലുണ്ട്.

”സാധകനാം ഫലം ദാതും തത്ത ദ്രൂപം ധൃതം സുരൈഃ
മുഖ്യസ്വരൂപം തേഷാംതു മന്ത്ര ഏവന ചേതനം”
(പുരശ്ചര്യാര്‍ണ്ണവം)

പരമാത്മ സ്വരൂപം ഉപാസനയിലൂടെ പ്രത്യക്ഷമാക്കിയവരാണ് ഋഷികള്‍, അവര്‍ സത്യം, ധര്‍മ്മം, അഹിംസ, ബ്രഹ്മചര്യം, ഇന്ദ്രിയനിഗ്രഹം, ഭൂതദയ, ക്ഷമ ഇങ്ങനെയുള്ള വ്രതാനുഷ്ഠാനങ്ങളുള്ളവരായിരുന്നു. യജ്ഞ ചിന്തകൊണ്ട് അവരുടെ അന്തഃകരണം നിര്‍മ്മലമായിരുന്നു.

മന്ത്രം, മന്ത്രാക്ഷരങ്ങള്‍, ഋഷി, ഛന്ദോ ദേവതാന്യാസങ്ങള്‍, ദേവതയുടെ അംഗങ്ങള്‍, ആഭരണങ്ങള്‍, ആയുധങ്ങള്‍, പരിവാരങ്ങള്‍ ഇവയെ അറിഞ്ഞവരാണ് ഋഷിമാര്‍. തപസ്സും, ധ്യാനവും കൊണ്ട് ഇവര്‍ ദര്‍ശിച്ച സത്യത്തെ പ്രവചിക്കുകയും ചെയ്തിരുന്നു.

”ഋഷയോ മന്ത്രദ്രഷ്ടാരഃ”
ഋഷിമാര്‍ ശിഷ്യന്മാര്‍ക്ക് മന്ത്രദീക്ഷ നല്‍കിയിരുന്നു. മന്ത്രജപം, മാര്‍ജ്ജനം, തര്‍പ്പണം, ഹോമം, അന്നദാനം ഇവ മന്ത്ര സിദ്ധിക്കു കാരണമാണ്.

”ശിഷ്യോഭ്യോ മന്ത്രദാനേന പാപം ക്ഷപയതീതിവാ
ദീയതേ കൃപയാ ശിഷ്യേ ക്ഷീയതേ പാപസഞ്ചയ
തേനദീക്ഷേതി കഥിതാ” (പരനന്ദ തന്ത്രം)

മന്ത്രജപം കൊണ്ട് ദുരിതങ്ങള്‍ക്കും പാപങ്ങള്‍ക്കും അറുതി വരും. പുനര്‍ജ്ജന്മ മറ്റ് മന്ത്ര ദേവതയുമായി ഐക്യപ്പെടുകയും ചെയ്യും. നാസ്തികനും, സേവനബുദ്ധിയില്ലാത്തവനും മന്ത്രം ഉപകാരപ്പെടില്ല. മറ്റുള്ളവരോട് ക്രോധം, അസൂയ ഇവയുള്ളവര്‍ക്കും മന്ത്രസിദ്ധി ലഭിക്കില്ല. ബ്രഹ്മചര്യം, തപസ്സ് ഇവയാണ് മന്ത്രസി
ദ്ധിക്കു കാതല്‍.

”ഇദം തേ നാതപസ്‌കായ നാഭക്തായ കദാചന
നചാ ശുശ്രൂഷവേ വാച്യം നചമാംയോ ള ഭ്യസൂയതി”
(ഭഗവത്ഗീത 18.67)

മനസ്സടക്കമില്ലാത്തവനും, പുത്രന്മാരില്ലാത്തവനും, ഗുരുശുശ്രൂഷയില്‍ താത്പര്യമില്ലാത്തവനും മന്ത്രദീക്ഷ നല്‍കികൂടാ എന്ന് ശ്വേതാശ്വതരോപനിഷത്തിലുമുണ്ട്.

”നാ പ്രശാന്തായ ദാദവ്യം, നാ പുത്രായാശിഷ്യായവാ പുനഃ”
സത്യം തുടങ്ങിയ വ്രതനിഷ്ഠയും (യത് സത്യം വ്രതസ്യരൂപം), സദാചാരനിരതന്മാരായവര്‍ക്കും മാത്രമേ മന്ത്രസിദ്ധി ലഭിക്കുകയുള്ളു. ശ്രദ്ധയുള്ള ബ്രഹ്മനിഷ്ഠന്മാര്‍ മന്ത്രസിദ്ധിയുള്ളവരാണ് വ്രതനിഷ്ഠയില്ലാത്തവര്‍ മന്ത്രാര്‍ത്ഥം പഠിക്കരുതെന്നുംകൂടി മൂണ്ഡകോപനിഷത്ത് 3.2.10,11 ഈ മന്ത്രങ്ങളില്‍ നിര്‍ദ്ദേശിക്കുന്നു.

”ജകാരോ ജന്മ വിച്ഛേദഃ പകാര പാപനാശനഃ” എന്ന് ജപ ശബ്ദത്തിനര്‍ത്ഥമുണ്ട്. അതിനാല്‍ ജപത്തിനു വേണ്ടി ആസനങ്ങള്‍ തയ്യാറാക്കുമ്പോഴും കരുതല്‍ ആവശ്യമാണ്. കൃഷ്ണ മൃഗത്തോലും, പുലിത്തോലും, ആട്ടിന്‍തോലും, പട്ടും, ചൂരല്‍ ഇരിപ്പിടങ്ങളും, കമ്പിളിയും ഇരിപ്പിടത്തിനു യോജിച്ചവയാണ്. മൃദുലമായ ഇരിപ്പിടം മനസ്സിനെ പെട്ടെന്ന് അന്തര്‍മുഖമാക്കും. മരം, മുള, കല്ല്, പുല്ല്, തളിര്, വെറും തറ ഇവ രോഗം, ദാരിദ്ര്യം, ദുഃഖം ഇവയുണ്ടാകും.

”കൃഷ്ണാജിനേ ജ്ഞാനസിദ്ധി, ര്‍മ്മോക്ഷ ശ്രീര്‍വ്യാഘ്രചര്‍മ്മണി
സ്യാല്‍ പൗഷ്ടികം ചകൗശേയം, ശാന്തികം വേത്രവിഷ്ടരം
ബസ്താജിനേ വ്യാധിനാശഃ കംബളേ ദുഃഖമോചനം”
(ആചാരരത്‌നം)

ജ്ഞാനസിദ്ധിയാണ് കൃഷ്ണമൃഗത്തോലിലിരുന്നു ജപിച്ചാല്‍ ഫലം. പുലിത്തോലിലിരുന്നു ജപിച്ചാല്‍ മോക്ഷം ലഭിക്കും. പട്ടിലിരുന്നു ജപിച്ചാല്‍ സംതൃപ്തിയും, ചുരല്‍ സാധനങ്ങളിലിരുന്നു ജപിച്ചാല്‍ ശാന്തിയും, ആട്ടിന്‍ തോലിലിരുന്നു ജപിച്ചാല്‍ രോഗശാന്തിയുമുണ്ടാകും. കമ്പിളി മേലിരുന്നു ജപിച്ചാല്‍ ദുഃഖമോചനമുണ്ടാകും. മുളകൊണ്ടുള്ള ആസനം ദാരിദ്ര്യഹേതുവാകുന്നു. കല്ലിലിരുന്നു ജപിച്ചാല്‍ വ്യാധിയും, ഭൂമിയിലിരുന്നു ജപിച്ചാല്‍ ദുഃഖവും, മരംകൊണ്ടുള്ള ആസനം ദൗര്‍ഭാഗ്യവും വരുത്തും. പുല്‍പ്പായയില്‍ ഇരുന്ന് ജപിച്ചാല്‍ കീര്‍ത്തി നശിക്കും. തളിര്‍മെത്തയില്‍ ഇരുന്നു ജപിച്ചാല്‍ മനോരോഗങ്ങളുണ്ടാകും.

മന്ത്രസിദ്ധി അടുക്കുമ്പോള്‍ പല അടയാളങ്ങളും കാണാന്‍ കഴിയും. മനഃസ്സിനു പ്രസാദം സന്തോഷം ഇവയുണ്ടാകും. പെരുമ്പറയുടെ ശബ്ദം കേള്‍ക്കും. നല്ല ലയത്തോടെ സംഗീതം ശ്രവിക്കാം. ഗന്ധര്‍വ്വന്മാര്‍ ദര്‍ശനം നല്‍കും. ഓജസ്സ്, തേജസ്സ്, ബലം ഇവ വര്‍ദ്ധിക്കും. ആരോഗ്യം വര്‍ദ്ധിക്കും. ക്രോധം, ലോഭം, കാമം, നിദ്ര, വിശപ്പ് ഇവ കുറയും. വളരെയേറെ ജപിച്ചു കഴിഞ്ഞു; അതുകൊണ്ട് കുറച്ചു ജപിച്ചാല്‍ മതി എന്നു തോന്നും. ഇതൊക്കെ ദേവതയുടെ അനുഗ്രഹ ദൃഷ്ടികൊണ്ടുണ്ടാകുന്ന നേട്ടങ്ങളാണ്. ജ്ഞാനലബ്ധിക്ക് കൂടുതല്‍ ശ്രദ്ധയോടെ കൂടുതല്‍ ജപിക്കേണ്ടതാണ്.

”ലബ്ധജ്ഞാന കൃതാര്‍ത്ഥ സ്യാല്‍ സംസാരാല്‍ പ്രതിമുച്യതേ
ജ്ഞാത്വാത്മാനം പരംബ്രഹ്മ വേദാന്തൈ പ്രതിപാദിതം
തം വന്ദേ പരമാത്മനം സര്‍വ്വവ്യാപി നമീശ്വരം
യോ നാനാ ദേവതാ രുപോ നൃണാമിഷ്ടം പ്രയശ്ചതി”

ജ്ഞാനം ലഭിച്ചാല്‍ കൃതകൃത്യനായി. വേദ, വേദാംഗ, വേദാന്താദികളില്‍ പറഞ്ഞിട്ടുള്ളതും ജ്ഞാനികള്‍ പ്രവചനം നടത്തുന്നതും ആയ പരമാത്മാവ് സ്വന്തം ഹൃദയത്തിലിരിക്കുന്ന ജീവാത്മാവാണെന്നും

”ഭേദമേതുമേയില്ല രണ്ടും ഒന്നത്രേ നൂനം
ഭേദമുണ്ടെന്നു കല്പിക്കുവോരജ്ഞാനികള്‍”

എന്നിങ്ങനെ ബോധിക്കും ജീവപരയോരൈക്യത്തില്‍ സര്‍വ്വ വ്യാപിയായ ഭഗവാന്‍ വിവിധ ദേവീദേവന്മാരുടെ രൂപത്തില്‍ ഇരിക്കുന്നതായി ബോധിച്ച് സമാധാനിക്കും. അങ്ങനെയുള്ള സമാധാനം നല്‍കുന്ന പരമാത്മാവിനു വന്ദനം. കരുണാമൂര്‍ത്തിയായ ഇതേ ഭഗവാന്‍ തന്നെ മര്‍ത്യന്മാരുടെ സര്‍വ്വാഭീഷ്ടങ്ങളും സാധിച്ചു കൊടുത്ത് മുക്തി നല്‍കുന്നു. ആ സര്‍വ്വേശ്വരന് നമസ്‌കാരം. ഇതാണ് മന്ത്രസിദ്ധിയുടെ രൂപം.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം