കര്‍ക്കടക വാവിന് തിരുവല്ലത്ത് മെച്ചപ്പെട്ട സേവനമൊരുക്കും: മന്ത്രി വി.എസ്.ശിവകുമാര്‍

June 30, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കര്‍ക്കടക വാവിനോടനുബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ തിരുവല്ലത്തെ പരശുരാമസ്വാമി ക്ഷേത്രത്തിലും മറ്റ് പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളിലും കഴിഞ്ഞ തവണത്തെക്കാള്‍ മെച്ചപ്പെട്ട സേവനമൊരുക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. വിവിധവകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകനയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശംഖുംമുഖത്തും കഴിഞ്ഞതവണത്തെപ്പോലെ പന്തല്‍ ഒരുക്കും. ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്തര്‍ക്ക് കുളിക്കാനുളള ശുദ്ധജല ലഭ്യത തടയണകെട്ടി ഉറപ്പാക്കും.  ശുദ്ധജലവിതരണം കാര്യക്ഷമമാക്കാനായി ബോര്‍വെല്ലുകളും പി.വി.സി സ്റ്റോറേജ് ടാങ്കുകളും പന്തലുകളും ടിക്കറ്റ് വിതരണത്തിനും പ്രസാദ വിതരണത്തിനും കൂടുതല്‍ കൗണ്ടറുകളും തുറക്കും.  താല്‍ക്കാലിക ഡ്രയിനേജ് സംവിധാനവും ഒരുക്കും. വാവിന്റെ തലേന്ന് മുതല്‍ പ്രധാനപ്പെട്ട എല്ലാ ബലിതര്‍പ്പണ സ്ഥലങ്ങളിലേക്കും കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തും.

സിറ്റി പൊലീസ് കമ്മീഷണര്‍ ടി.ജെ.ജോസ്, തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസു, ഡെപ്യൂട്ടി കളക്ടര്‍ കെ.എസ്.പദ്മകുമാരി അമ്മ, തഹസില്‍ദാര്‍ ഹരി എസ്. നായര്‍, ദേവസ്വം ചീഫ് എന്‍ജിനീയര്‍ ജോളി ഉല്ലാസ്, കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ഒരാഴ്ചയ്ക്കുശേഷം വീണ്ടും അവലോകനം ചേരും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍