സംസ്ഥാനത്തു നാളെ മുതല്‍ രണ്ടു പുതിയ ട്രെയിനുകള്‍ ഓടിത്തുടങ്ങും

June 30, 2012 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തു സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമം പരിഷ്കരിച്ചു. മിക്കവാറും എല്ലാ ട്രെയിനുകളുടെയും സമയത്തില്‍ മാറ്റമുണ്ട്. സംസ്ഥാനത്തു നാളെ മുതല്‍ ഒരു മെമു ട്രെയിന്‍ ഉള്‍പ്പെടെ രണ്ടു പുതിയ ട്രെയിനുകള്‍ ഓടിത്തുടങ്ങും. യശ്വന്ത്പൂര്‍-കൊച്ചുവേളി-യശ്വന്ത്പൂര്‍ എസി പ്രതിവാര ട്രെയിനും എറണാകുളം-തൃശൂര്‍-എറണാകുളം മെമു ട്രെയിനുമാണു പുതുതായി ഓടിത്തുടങ്ങുന്നത്. ഇവയുടെ സമയം പിന്നീട് അറിയിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

മെമു ട്രെയിന്‍ ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ ആറു ദിവസം സര്‍വീസ് നടത്തും. തൃശൂരില്‍ നിന്നു രാവിലെ 10.50നു പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.55നു എറണാകുളത്തെത്തും. തിരികെ ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളത്തു നിന്നു പുറപ്പെട്ടു വൈകുന്നേരം 4.50നു തൃശൂരില്‍ തിരിച്ചെത്തും. എറണാകുളത്തിനും തൃശൂരിനും മധ്യേയുള്ള എല്ലാ സ്റേഷനിലും സ്റോപ്പുകളുണ്ട്.

യശ്വന്ത്പുര്‍-കൊച്ചുവേളി എക്സ്പ്രസ്(16651-16652) വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 1.25ന് യശ്വന്ത്പൂരില്‍ നിന്നു പുറപ്പെട്ടു വെള്ളിയാഴ്ച രാവിലെ 6.50നു കൊച്ചു വേളിയിലെത്തും. തിരികെ ഉച്ചയ്ക്കു 12.50നു പുറപ്പെടുന്ന ട്രെയിന്‍ ശനിയാഴ്ചകളില്‍ പുലര്‍ച്ചെ 4.30നു യശ്വന്ത്പൂരിലെത്തും.

മംഗലാപുരം-തിരുവനന്തപുരം പരശുറാം എക്സ്പ്രസ് നാഗര്‍കോവിലിലേക്കു നീട്ടി. തീയതി പിന്നീട് അറിയിക്കും. മംഗലാപുരത്തു നിന്നു പുലര്‍ച്ചെ 4.45നു പുറപ്പെടുന്ന ട്രെയിന്‍ വൈകുന്നേരം 6.30നു തിരുവനന്തപുരത്തെത്തും. രാത്രി 8.40നു നാഗര്‍കോവിലിലെത്തും. നാഗര്‍കോവിലില്‍ നിന്നു പുലര്‍ച്ചെ നാലിനു പുറപ്പെടുന്ന ട്രെയിന്‍ 6.15നു തിരുവനന്തപുരത്തെത്തും. 6.25നു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു രാത്രി 8.20നു മംഗലാപുരത്തെത്തും.

ബാംഗളൂര്‍- കൊച്ചുവേളി ട്രെയിന്‍ എല്ലാ ദിവസവുമുണ്ടാകും. നേരത്തെ ആഴ്ചയില്‍ മൂന്നു ദിവസമാണു സര്‍വീസ് നടത്തിയിരുന്നത്. സമയക്രമം പിന്നീട് അറിയിക്കും. കന്യാകുമാരി- നിസാമുദീന്‍ പ്രതിവാര ട്രെയിന്‍ ആഴ്ചയില്‍ രണ്ടു ദിവസമാക്കി. പുതിയ ട്രെയിന്‍ ബുധനാഴ്ച കന്യാകുമാരിയില്‍ എത്തിച്ചേര്‍ന്നു വെള്ളിയാഴ്ച ഇവിടെ നിന്നു പുറപ്പെടും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം