പോലീസുകാരനെ കൊന്നകേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു

June 30, 2012 കേരളം

കൊല്ലം: വാഹനപരിശോധനയ്ക്കിടെ പാരിപ്പള്ളി പോലീസ്‌ സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുപ്രസിദ്ധ മോഷ്‌ടാവ്‌ ആട്‌ ആന്റണിയെന്നറിയപ്പെടുന്ന കുണ്ടറ നെടുവിള വടക്കതില്‍ വര്‍ഗീസ്‌ ആന്റണി (48) ആണെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചു. അതേസമയം ആട് ആന്റണിക്കായി പോലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

കൊച്ചിക്ക നാസര്‍, പുട്ടുകുഞ്ഞുമോന്‍, തമിഴ്‌നാട്‌ സ്വദേശി വേല്‍ മുരുകന്‍ ,ആട്‌ ആന്റണി തുടങ്ങിയ 20 ഓളം പേരേ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഫിംഗര്‍ പ്രിന്റ്‌ പരിശോധനയിലാണ്‌ പ്രതി ആട്‌ ആന്റണിയാണെന്ന്‌ വ്യക്തമായത്‌. ഓയൂരില്‍ വീട്ടില്‍ മയക്ക്‌ സ്‌പ്രേ അടിച്ച്‌ കവര്‍ച്ച നടത്തിയ വീടുകളിലും പോലീസുകാരനെ കുത്തികൊലപ്പെടുത്തിയ ജീപ്പിലും വര്‍ക്കലയ്ക്ക്‌ സമീപം ഉപേക്ഷിക്കപ്പെട്ട മാരുതി വാനിലും നിന്ന്‌ ലഭിച്ച വിരലടയാളങ്ങള്‍ ആട്‌ ആന്റണിയുടേതാണെന്ന്‌ ഉറപ്പായതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവായി.

ആട്‌ ആന്‍റണിയുടെ കുത്തേറ്റ്‌ ആശുപത്രിയില്‍ കഴിയുന്ന അഡിഷണല്‍ എസ്‌.ഐ ജോയി ഇയാളെ തിരിച്ചറിഞ്ഞതും സുപ്രധാന തെളിവായി. ഇയാള്‍ ഉപയോഗിച്ച ഒമ്‌നിവാന്‍ തമിഴ്‌നാട്‌ രജിസ്‌ട്രേഷനിലായത്‌ മോഷ്‌ടാവിന്റെ തമിഴ്‌നാട്‌ ബന്‌ധം വെളിപ്പെടുത്തി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ആട്‌ ആന്റണി ഏറെ നാളായി തമിഴ്‌നാട്ടിലാണ്‌. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായ ആന്റണി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌.

കേസന്വേഷണവുമായി ബന്ധപ്പെട്ട്‌ അഞ്ച്‌ ടീമുകളാണ്‌ പ്രവര്‍ത്തിച്ചുവന്നത്‌. അതേസമയം അക്രമികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമയെ കണ്ടെത്താന്‍ തമിഴ്‌നാട്ടിലെ അന്വേഷണസംഘത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. വാഹനങ്ങള്‍ കൂടുതല്‍ പേര്‍ക്ക്‌ കൈമാറ്റം ചെയ്യപ്പെട്ടതാണ്‌ അന്വേഷണ സംഘത്തിന്‌ തലവേദനയായത്‌. അന്വേഷണ പുരോഗതി വിലയിരുത്താന്‍ തിരുവനന്തപുരം റേഞ്ച്‌ ഐ.ജി ഷേക്‌ ദര്‍വേശ്‌ സാഹിബ്‌ ഇന്നലെ കൊല്ലത്തെത്തിയിരുന്നു. ജില്ലയില്‍ അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്ന ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുമായി അദ്ദേഹം ആശയവിനിമയം നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം