മണി സുപ്രീംകോടതിയെ സമീപിക്കുന്നു

July 2, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തൊടുപുഴ: വിവാദപ്രസംഗവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനായി സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണി പ്രത്യേക അന്വേഷണസംഘത്തിനു മുന്‍പാകെ ഹാജരായില്ല.രാവിലെ 10ന് തൊടുപുഴ ഡിവൈഎസ്പി ഓഫിസില്‍ എത്താനാണ് മണിക്ക് നോട്ടിസ് നല്‍കിയിരുന്നത്. എന്നാല്‍ പത്തുദിവസത്തെ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അന്വേഷണസംഘത്തിന് അപേക്ഷ നല്‍കി.

പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണി സുപ്രീംകോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് അവധി ആവശ്യപ്പെടുന്നതെന്ന് അപേക്ഷയില്‍ പറയുന്നു. ഇതിനായി ഇന്ന് മണി ഡല്‍ഹിയിലേക്കു പോവുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് രണ്ടാം തവണയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മണിക്ക് നോട്ടിസ് നല്‍കിയത്.

ജാമ്യമില്ലാത്ത വകുപ്പുകള്‍പ്രകാരം കേസെടുത്ത സാഹചര്യത്തില്‍ അറസ്റ്റുണ്ടാകുമെന്നും ചോദ്യംചെയ്യലിനായി ഹാജരാകുന്നതാണ് ഉചിതമെന്നും നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ മണി ഇന്ന് ഹാജരാകുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. വീട്ടില്‍ നിന്ന് മണി തൊടുപുഴയിലേക്ക് രാവിലെ തിരിച്ചതോടെ അദ്ദേഹം ഇന്നു തന്നെ ഹാജരാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. സുപ്രീം കോടതിയിലെ അഭിഭാഷകരുടെ നിര്‍ദേശത്തെത്തുടര്‍ന്നു പൊടുന്നനെ തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് സൂചന.മണിക്കു വേണ്ടി നാല് അഭിഭാഷകരാണ് തൊടുപുഴ ഡിവൈഎസ്പി ഓഫിസില്‍ ഹാജരായത്.

ജൂണ്‍ ആറിന് ഹാജരാകണമെന്നാവശ്യപ്പെട്ടെങ്കിലും അന്നും മണിയുടെ അഭിഭാഷകനാണ് അദ്ദേഹത്തിനു പകരം തൊടുപുഴ ഡിവൈഎസ്പി ഓഫിസിലെത്തിയത്.

അതേസമയം വിവാദപ്രസംഗത്തിന്റെ പേരില്‍ എം.എം. മണിയെ അറസ്റ് ചെയ്യാന്‍ അധികാരമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം. ചോദ്യം ചെയ്യലിന് രണ്ടാം തവണയും മണി ഹാജരാകാഞ്ഞ സാഹചര്യത്തില്‍ തൊടുപുഴയില്‍ ചേര്‍ന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിന് ശേഷം സംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐജി പത്മകുമാറാണ് ഇക്കാര്യം അറിയിച്ചത്. കോടതിയില്‍ പോകാന്‍ ആര്‍ക്കും അധികാരമുണ്ട്. എന്നാല്‍ കോടതിയില്‍ പോകുന്നുവെന്നതിന്റെ പേരില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം അനുവദിക്കാന്‍ നിയമവ്യവസ്ഥയില്ല. കേസിന്റെ അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ല. അതിന് ഒരു സമയപരിധിയുണ്ടെന്നും ഇപ്പോള്‍ തന്നെ വളരെ പഴക്കമുള്ള കേസാണിതെന്നും ഐജി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പോലീസിന് നിയമം അനുവദിക്കുന്ന ചില അധികാരങ്ങളുണ്ട്. അത് ശരിയായ സമയത്തും ശരിയായ രീതിയിലും വിനിയോഗിക്കുമെന്നും ഐജി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം