പെണ്‍കുട്ടിയെ ബൈക്കിടിപ്പിച്ച് കൊന്ന കേസില്‍ ബന്ധു പിടിയിലായി

July 2, 2012 കേരളം

തിരുവനന്തപുരം: വര്‍ക്കല മുണ്ടിയില്‍ പഴവിള വീട്ടില്‍ ലിജി(19)യെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. ലിജിയുടെ അടുത്ത ബന്ധു ബിജുവാണ് പോലീസിന്റെ കസ്‌റഡിയിലുളളത്.

ലിജിയുടെ മാതാവുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പോലീസിന് വിവരം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് കഴിഞ്ഞ ദിവസം ലിജിയുടെ മാതാവ് ലീനയെ ചോദ്യം ചെയ്തിരുന്നു. ആദ്യം പോലീസിനോട് ഇവര്‍ വിവരങ്ങള്‍ മറച്ച് വയ്ക്കുകയും അന്വേഷണത്തോട് വിമുഖത കാട്ടുകയും ചെയ്തുവെങ്കിലും പിന്നീട് ചോദ്യംചെയ്യലിനോട് സഹകരിക്കുകയായിരുന്നു. വിവാഹിതനായ യുവാവിന് ലിജിയോട് അടുപ്പം തോന്നിയിരുന്നു.

ഈ വിവരം ഇയാള്‍ ലിജിയോട് പറഞ്ഞെങ്കിലും ലിജി ഇയാളുടെ പ്രണയാഭ്യര്‍ഥന നിരസിച്ചിരുന്നു. തുടര്‍ന്ന് ലിജിയോട് ദേഷ്യം തോന്നിയ ഇയാള്‍ പലപ്പോഴും പരസ്യമായി അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ വിവരം ലിജി തന്റെ മാതാവിനോട് പറഞ്ഞെങ്കിലും അവര്‍ അത് ചെവിക്കൊണ്ടില്ലത്രെ, ലിജിയോടുളള വിരോധം ഉള്ളില്‍ സൂക്ഷിച്ച ബിജു ജോലി കഴിഞ്ഞ് മടങ്ങിവരവെ ലിജിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി അപമാനിക്കാന്‍ ശ്രമിക്കുകയും ലിജി അടുത്ത വീട്ടില്‍ അഭയം പ്രാപിക്കുകയും ചെയ്തു.

ഇയാള്‍ ബൈക്കുമായി പോയെന്ന് ഉറപ്പ് വരുത്തിയ ശേഷം പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങാനൊരുങ്ങവെയാണ് കാത്തുനിന്ന ഇയാള്‍ ബൈക്കിടിപ്പിച്ച് വീഴ്ത്തുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ലിജി മരണമടഞ്ഞത്. കുറ്റവാളിക്കു വേണ്ടി പോലീസ് വര്‍ക്കലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും പോലീസ് ഇയാളെ ആദ്യം സംശയിച്ചിരുന്നില്ല. ലിജിയുടെ വീട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും ഇയാള്‍ ഒപ്പം നിന്നതാണ് പോലീസ് സംശയിക്കാതിരിക്കാന്‍ കാരണമായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലീസ് സംഘം ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയും തെളിവുകള്‍ ശേഖരിക്കുകയുമായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം