ഭക്തിയുടെ മാഹാത്മ്യം

July 3, 2012 സനാതനം

*രാജൂ*
വളരെക്കാലങ്ങള്‍ക്ക് മുന്‍പ് ഒരു രാജ്യത്ത് ഒരു ഭാര്യയേയും ഭര്‍ത്താവും ഉണ്ടായിരുന്നു. അവര്‍ക്ക് കുട്ടികളില്ലാതെ വ്യസനിച്ച് കഴിയുമ്പോള്‍ ഒരു സന്യാസി അതുവഴി വന്നു. ഇവര്‍ ഇരുന്നു കരയുന്നതു കണ്ട് വ്യസനത്തിന്റെ കാരണം എന്തെന്ന് തിരക്കിയപ്പോള്‍ ‘പുത്രദുഃഖമാണ് കാരണം’ എന്ന് സന്യാസിയോട് പറഞ്ഞു.

‘എന്നാല്‍ നിങ്ങള്‍ വ്യസ്യനിക്കേണ്ട നിങ്ങള്‍ കൈലാസത്ത് പോയി പരമശിവനെ തപസ്സുചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകുമെന്ന് സന്യാസി പറഞ്ഞു. അപ്രകാരം അവര്‍ ഒരു ശുഭമൂഹൂര്‍ത്തത്തില്‍ ചെന്നു പരമശിവനെ തപസ്സു ചെയ്യാന്‍ തുടങ്ങി.

അങ്ങനെ വളരെ കാലങ്ങള്‍ക്കുശേഷം പരമശിവന്‍ പ്രത്യക്ഷപ്പെട്ടു. ‘നിങ്ങള്‍ക്ക് എന്തു വരം വേണമെന്ന് ചോദിച്ചു. ഞങ്ങള്‍ക്ക് ഒരു പുത്രന്‍ വേണമെന്ന് അപേക്ഷിച്ചു. നിങ്ങള്‍ക്ക് സമര്‍ത്ഥനായ പുത്രനെ വേണോ അതോ ഭോഷനെ വേണോ എന്നു ചോദിച്ചു.

സമര്‍ത്ഥനാണെങ്കില്‍ 15 വയസ്സുവരെയും ഭോഷനാണെങ്കില്‍ ദീര്‍ഘായുസ്സുള്ളവനായും ഇരിക്കും എന്നു പറഞ്ഞു. ഇതുകേട്ട് അവര്‍ പറഞ്ഞു. തങ്ങള്‍ക്ക് ഉണ്ടാകുന്ന കുട്ടി സമര്‍ത്ഥനായിരിക്കണം. അപ്രകാരം സമര്‍ത്ഥനായ കുട്ടിയെ കൊടുത്തു. ആ കുട്ടിക്ക് 15വയസ്സുവരെ ആയുസ്സ് ഉള്ളെന്ന് അരുളിചെയ്തതിനു ശേഷം ശിവന്‍ അപ്രത്യക്ഷനായി. അങ്ങനെ അവര്‍ക്ക് ഒരു കുട്ടി ഉണ്ടായി. ആ കുട്ടിക്ക് അവര്‍ ശിവദാസ് എന്ന് നാമകരണം ചെയ്തു.

ആ കുട്ടി വളര്‍ന്ന് വളരെ സമര്‍ത്ഥനായിതീര്‍ന്നു. കുട്ടി വളര്‍ന്ന് 12 വയസ്സ് ആയപ്പോള്‍ മാതാപിതാക്കന്മാര്‍ക്ക് ദുഃഖം തുടങ്ങി. പലനാള്‍ ദുഃഖിക്കുന്നതുകണ്ട് കുട്ടി കാരം തിരക്കിയപ്പോള്‍ അവര്‍ കാരണം പറഞ്ഞു കേള്‍പ്പിച്ചു. നിനക്ക് 16 വയസ്സുവരേ ജീവിതം ഉള്ളൂ. എന്ന് ശിവന്‍ പ്രത്യക്ഷനായി അരുളിചെയ്തു. അതാണ് ദുഃഖത്തിന് കാരണം. അതു കേട്ട് കുട്ടി നിങ്ങള്‍ സമാധാനമായി ഇരിക്കുക. ഞാന്‍ അതിനു പരിഹാരം കണ്ടുപിടിക്കാം.’ എന്നു മാതാപിതാക്കളോട് ധൈര്യസമേതം പറഞ്ഞു. അവരുടെ അനുവാദത്തോടുകൂടി കുട്ടി പരമശിവന്റെ അടുക്കല്‍ തപസ്സുചെയ്യാന്‍ പുറപ്പെട്ടു.

അങ്ങനെ കൈലാസത്തില്‍ ചെന്നു. ശിവനെ ധ്യാനിക്കാന്‍ തുടങ്ങി. 16 വയസ്സു തികഞ്ഞ ദിവസം യമധര്‍മ്മന്‍ ദൂതന്മാരെ അയച്ചു. അവര്‍ അവിടെ ചെന്നപ്പോള്‍ ശിവദൂതന്മാര്‍ നില്ക്കുന്നതു കണ്ടു. അവര്‍ വന്നു വിവരം അവരെ അറിയിച്ചു. എന്നിട്ട് അവര്‍ ശിവദാസിനെ വിളിച്ചു. അപ്പോള്‍ ശിവദൂതന്മാര്‍ ‘ഞങ്ങള്‍ കാത്തുനില്ക്കുന്ന ഈ കുട്ടിയെ വിട്ടുതരികയില്ലെന്നും നിങ്ങള്‍ വന്നവഴി പോകുവിന്‍ എന്നറിയിച്ചു. ഇതുകേട്ട് അവര്‍ നിരാശരായി യമനെ വിവരം അറിയിച്ചു. യമന്‍ കോപിച്ച് വീണ്ടും ദുതന്‍മാരെ അറിയിച്ചു.

ഇപ്രാവശ്യവും ഇവര്‍ നിരാശരായി മടങ്ങേണ്ടിവന്നു. അവര്‍ വീണ്ടും വന്ന് യമധര്‍മ്മനെ വിവരം അറിയിച്ചു. ഞങ്ങളെ ഒരുവിധത്തിലും അടുപ്പിക്കുന്നില്ല. ഞങ്ങളാല്‍ ഈ സംഗതി സാദ്ധ്യവുമല്ല. ഇതുകേട്ട് യമധര്‍മ്മന്‍ കോപിച്ചു. താന്‍ നേരിട്ട് പൊയ്ക്കളയാമെന്ന് കരുതി തന്റെ വാഹനമായ കരിംപോത്തിന്റെ പുറത്തുകയറി പാശവും കുന്തവുമായി പുറപ്പെട്ട് കൈലാസത്തു ചെന്നു. ശിവദാസിനെയും ശിവലിംഗത്തെയും കൂടി ഒന്നിച്ച് പാശംകൊണ്ട് കെട്ടാന്‍ ഭാവിച്ചു.

അപ്പോള്‍ ശിവദാസ് ഭയന്ന് ശിവലിംഗത്തെ കെട്ടിപ്പുണര്‍ന്ന് നിലവിളിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ പരമശിവന്‍ പ്രത്യക്ഷനായി. ഉടന്‍തന്നെ യമധര്‍മ്മന്‍ ശിവന്റെ കാല്‍ക്കല്‍ വീണു. അതു കണ്ട് ശിവന്‍ യമനെ വിളിച്ചു. ‘എന്റെ ഭക്തന്മാരെ നിനക്കോ നിന്റെ അനുയായികള്‍ക്കോ വിളിക്കാനും കൊണ്ടുപോകാനും അവകാശം ഇല്ല’. എന്നു പറഞ്ഞു. കോപാക്രാന്തനായ യമധര്‍മ്മന്‍ ശിവദാസ്സിനെ എന്നും 16വയസ്സായിരിക്കട്ടെ എന്നു ശപിച്ചശേഷം മടങ്ങിപ്പോയി. അപ്പോള്‍ സന്തോഷത്തോടുകൂടി ശിവന്‍ ‘നിനക്ക് ഒരു നാളും മരണം ഉണ്ടാകുകയില്ല.’ എന്ന് അനുഗ്രഹിച്ചു.

ശിവദാസ് ഉടനെതന്നെ തന്റെ മാതാപിതാക്കളെ വിവരം അറിയിച്ചു. അവരെ സന്തോഷിപ്പിച്ച് സുഖമായി ദീര്‍ഘകാലം ജീവിച്ചു.

ശിവദാസിന്റെ ഭക്തിയും ധ്യാനവും കൊണ്ടാണ് ഇപ്രകാരം ആയുസ്സു കൂടിയത്. കുട്ടികള്‍ ഭക്തിയുള്ളവരായിത്തീരണം. എന്നും പ്രാര്‍ത്ഥിക്കണം. ‘പ്രഭാത പ്രാര്‍ത്ഥന ദൈവത്തിന്റെ കാരുണ്യത്തിലേക്കുള്ള കവാടം തുറക്കുന്ന താക്കോലാണ്’.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം