രാമസേതുവിന് പകരം പാത പ്രായോഗികമല്ലെന്ന് കേന്ദ്രം

July 3, 2012 ദേശീയം

ന്യൂഡല്‍ഹി: രാമസേതുവിന് പകരം, ബദല്‍പാത സാമ്പത്തികമായും പാരിസ്ഥിതികമായും പ്രായോഗികമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.  സേതുസമുദ്രം പദ്ധതിക്കെതിരെ ജനതാപാര്‍ട്ടി അധ്യക്ഷന്‍ ഡോ. സുബ്രഹ്മണ്യംസ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഭാവിനടപടികള്‍ എട്ടാഴ്ചയ്ക്കകം അറിയിക്കാനും കോടതി നിര്‍ദേശിച്ചു.
പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍. കെ. പച്ചൗരി അധ്യക്ഷനായ ഉന്നതാധികാരസമിതിയെ കേന്ദ്രം നിയമിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിച്ചിട്ടില്ലെന്ന് ജസ്റ്റിസുമാരായ എച്ച്. എല്‍. ദത്തു, സി. കെ. പ്രസാദ് എന്നിവരെ സോളിസിറ്റര്‍ ജനറല്‍ റോഹിങ്ടണ്‍ നരിമാന്‍ അറിയിച്ചു.
സേതുസമുദ്രം പദ്ധതി നടപ്പാക്കിയാല്‍ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന രാമസേതുവിന്  പാരിസ്ഥിതിക തകര്‍ച്ച നേരിടുമെന്ന് ഹര്‍ജിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഈ ഭാഗത്ത് എണ്ണച്ചോര്‍ച്ച നികത്താന്‍ കഴിയാത്ത പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും സമിതി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ രാമസേതു സംബന്ധിച്ച് വ്യക്തമായ നിലപാടെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം