ഗെയിംസിന് ഇനി മണിക്കൂറുകള്‍ മാത്രം

October 3, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഇന്ത്യാ മഹാരാജ്യത്തെ മഴവില്‍ സംസ്‌കാരത്തിന്റെ പ്രതിഫലനമാവുന്ന കലാ വിരുന്നോടെ പത്തൊന്‍പതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് വൈകീട്ട് തുടക്കമാകും. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ ചാള്‍സ് രാജകുമാരന്റെ സാന്നിധ്യത്തില്‍ രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ ഗെയിംസ് ആരംഭിച്ചതായി പ്രഖ്യാപിക്കും.
ഇന്ത്യന്‍ ജനതയ്ക്കും കായികതാരങ്ങള്‍ക്കും വലിയൊരു അവസരമാണിത്. ജാതി, മത, സംസ്‌കാര ഭേദങ്ങള്‍ക്കപ്പുറം ഒറ്റമനസ്സോടെ നിലകൊള്ളുന്ന വിസ്മയ പ്രതിഭാസമാണ് ഇന്ത്യയെന്ന് പുറംലോകത്തെ അറിയിക്കാനുള്ള അവസരമാണ് ഇന്ത്യന്‍ ജനതയ്ക്ക് ലഭിച്ചിരിക്കുന്നത്. ഒപ്പം കായികരംഗത്ത് കഴിഞ്ഞ നാലഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ എത്ര മുന്നോട്ട് പോയെന്ന് ലോകത്തെ അറിയിക്കാനും ഇതുതന്നെ സന്ദര്‍ഭം.
ലോക ജനസംഖ്യയുടെ ആറിലൊന്ന് അധിവസിക്കുന്ന മഹാരാജ്യമാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യം വഹിക്കുന്നതെന്ന് അതിഥികളായെത്തിയവര്‍ക്ക് ബോധ്യംവന്നു കഴിഞ്ഞു. നൂറുകോടി മനുഷ്യരുടെ ഇച്ഛാശക്തിയില്‍ എന്തും സാധ്യമെന്ന് തെളിയിക്കാന്‍ ഡല്‍ഹി ഇനിയും വെമ്പല്‍കൊള്ളുന്നു. സുരക്ഷിതവും പ്രൗഢഗംഭീരവുമായ ഒരു ലോകകായികമേളയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു.
വിദേശമാധ്യമങ്ങളും നിരീക്ഷകരും പരാതിപ്പെട്ടിയടച്ച മട്ടാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എങ്ങനെയാണ് ഇത്ര വേഗത്തില്‍ പ്രതിസന്ധികള്‍ അതിജീവിക്കുന്നതെന്ന്, ഗെയിംസ് നടത്തിപ്പിനെ ചൊല്ലിയുള്ള ചീത്ത വര്‍ത്തമാനങ്ങള്‍ മാത്രം കേട്ട് ഡല്‍ഹിയിലെത്തിയവര്‍ അദ്ഭുതപ്പെടുന്നുണ്ട്. ”മികച്ച സുരക്ഷ, മികച്ച സൗകര്യങ്ങള്‍”- ഗെയിംസ് വില്ലേജിലെത്തിയ കായിക താരങ്ങളും പരിശീലകരും സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ ലഭിക്കുന്ന മെഡലുകള്‍ തുച്ഛമാണ്; ലോക ചാമ്പ്യന്‍മാര്‍ വിരലിലെണ്ണാവുന്നതും. എങ്കിലും വിവിധ കായിക ഇനങ്ങളില്‍ ലോകത്തെ മികച്ച പത്തിനുള്ളില്‍ വരാവുന്ന എത്രയോ കായിക താരങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് തെളിയിക്കാന്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ കഴിയും. ഒളിമ്പിക്‌സിലെ പ്പോലെ അമേരിക്കയോ ചൈനയോ ഇല്ലെങ്കിലും ലോക കായിക വേദിയിലെ വന്‍ ശക്തികളായ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും കാനഡയുമെല്ലാം മത്സരിക്കാനെത്തുന്നതു കൊണ്ട് മിക്ക ഇനങ്ങളിലും ലോക നിലവാരമുള്ള പോരാട്ടം തന്നെ പ്രതീക്ഷിക്കണം.
അങ്ങനെയൊരു ഗെയിംസില്‍ കൈനിറയെ മെഡലുകള്‍ നേടാനായാല്‍ നമുക്ക് തല ഉയര്‍ത്തിപ്പിടിക്കാം. ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളെയും ലോക ചെസ് ചക്രവര്‍ത്തി വിശ്വനാഥന്‍ ആനന്ദിനെയും മാറ്റി നിര്‍ത്തിയാല്‍ കായിക ഇന്ത്യയുടെ അഭിമാനഭാജനങ്ങളെല്ലാം നാടിന്റെ കരുത്ത് ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ഇന്ദ്രപ്രസ്ഥത്തില്‍ സമ്മേളിക്കുന്നുണ്ട്. അഭിനവ് ബിന്ദ്ര, സുശീല്‍ കുമാര്‍, വിജേന്ദര്‍, ലിയാന്‍ഡര്‍ പേസ് എന്നിങ്ങനെ നാല് ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍.
ഗഗന്‍ നരംഗും സുമ ഷിരൂരും(ഷൂട്ടിങ്) ഉള്‍പ്പെടെയുള്ള ലോകറെക്കോഡ് ഉടമകള്‍, സൈന നേവാളും (ബാഡ്മിന്റണ്‍), ഡോള ബാനര്‍ജിയും(അമ്പെയ്ത്ത് ) ഉള്‍പ്പെടെ ലോക റാങ്കിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന താരങ്ങള്‍. തീര്‍ന്നില്ല, മഹേഷ് ഭൂപതി, സാനിയ മിര്‍സ, രോഹന്‍ ബൊപ്പണ്ണ(ടെന്നീസ്) ജ്വാല ഗുട്ട(ബാഡ്മിന്റണ്‍) കൃഷ്ണ പുനിയ, രഞ്ജിത്ത് മഹേശ്വരി(അത്‌ലറ്റിക്‌സ്) തുടങ്ങി താരമൂല്യമുള്ള കളിക്കാര്‍ വേറെയും. ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ ശക്തി പ്രഖ്യാപനത്തിനും ഗെയിംസ് വേദിയാവുമെന്നാണ് ശുഭപ്രതീക്ഷ.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം