കല്ലൂപ്പാറ ദേവീക്ഷേത്രത്തില്‍ കവര്‍ച്ച; കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടു

July 4, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

പത്തനംതിട്ട: മല്ലപ്പള്ളി കല്ലൂപ്പാറ ദേവീക്ഷേത്രത്തില്‍ ഇന്നലെ രാത്രി മോഷണത്തിനിടെ കാവല്‍ക്കാരിലൊരാള്‍ കൊല്ലപ്പെട്ടു. 10 ലക്ഷത്തോളം രൂപ വില മതിക്കുന്ന താഴികക്കുടം മോഷണം പോയി. കാണികാട്ട് ഗോപാലകൃഷ്ണന്‍(കൈമള്‍- 65) ആണ് കൊല്ലപ്പെട്ടത്. ദേവസ്വം ഏര്‍പ്പെടുത്തിയ സെക്യൂരിറ്റിക്കാരന്‍ പാറയില്‍ പുത്തന്‍വീട്ടില്‍ ചന്ദ്രശേഖരപിള്ളയെയും കൈമളെയും ബന്ധിച്ചശേഷമാണ് മോഷണം നടത്തിയത്.

ചന്ദ്രശേഖരന്റെ അലര്‍ച്ച കേട്ട് പുലര്‍ച്ചെ നാലരയയോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. അപ്പോഴേക്കും കൈമള്‍ മരിച്ചിരുന്നു. കൈമളിന്റെ തലയ്ക്ക് അടിയേറ്റ പാടുണ്ടായിരുന്നു. എന്നാല്‍, ശ്വാസം മുട്ടിയാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ചന്ദ്രശേഖരന്റ വായില്‍ ടേപ്പ് ഒട്ടിച്ചിട്ടുണ്ടായിരുന്നു. ക്ഷേത്രത്തില്‍ നിന്ന് 280 മീറ്റര്‍ മാറി കനാലിന്റെ തൂണുകളിലാണ് ഇവരെ കെട്ടിയിട്ടിരുന്നത്. കൈമളിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. എസ് പി കെ.കെ. ബാലചന്ദ്രന്‍, ഡിവൈഎസ്പി സാബു ഇടിക്കുള എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലത്തെത്തി. ചന്ദ്രശേഖര പിള്ളയെ കുമ്പനാട് ഫെലോഷിപ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ ബിജെപി, വിശ്വഹിന്ദു പരിഷത്, ആര്‍എസ്എസ് എന്നീ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കടകള്‍ അടഞ്ഞുകിടക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം