ആദ്യ സ്വര്‍ണം നൈജീരിയക്ക്; വെള്ളിയും വെങ്കലവും ഇന്ത്യയ്ക്ക്‌

October 4, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍വേട്ടയ്ക്ക് വെള്ളി, വെങ്കല മെഡല്‍ ലബ്ധിയോടെ തുടക്കം. വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ സോണിയ ചാനു വെള്ളിയും സന്ധ്യറാണി വെങ്കലവും നേടി. ഗെയിംസിലെ ആദ്യ സ്വര്‍ണത്തിന്റെ അവകാശി നൈജീരിയയുടെ ഭാരോദ്വാഹക അഗസ്റ്റിന കെം വാകോളയാണ്. പുതിയ ഗെയിംസ് റെക്കോഡ് സൃഷ്ടിച്ചാണ് വകോള സ്വര്‍ണം നേടിയത്.
മൊത്തം 171 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് അഗസ്റ്റിന സ്വര്‍ണം നേടിയത്. ഇന്ത്യയുടെ സോണിയ ചാനു സ്‌നാച്ചില്‍ 73 ഉം ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 94 ഉം അടക്കം മൊത്തം 167 കിലോഗ്രാം ഭാരം ഉയര്‍ത്തി. സ്‌നാച്ചില്‍ ആദ്യം 73 കിലോ ഉയര്‍ത്തിയ സോണിയ പിന്നീട് രണ്ടാമത്തെയും മൂന്നാമത്തെയും ശ്രമത്തില്‍ 76 കിലോ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ ആദ്യ ശ്രമത്തില്‍ തന്നെ 94 കിലോ ഉയര്‍ത്തി സോണിയ മത്സരം അവസാനിപ്പിച്ചു.
വെള്ളി നേടിയ സന്ധ്യാറാണി സ്‌നാച്ചില്‍ ആദ്യ രണ്ടു ശ്രമങ്ങളില്‍ 70 കിലോയും രണ്ടാം ശ്രമത്തില്‍ 73 കിലോയും ഉയര്‍ത്തി. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ ആദ്യ ശ്രമത്തില്‍ 90 കിലോ ഉയര്‍ത്തിയ സന്ധ്യാറാണി രണ്ടാം ശ്രമത്തില്‍ 95 കിലോ ഉയര്‍ത്തി മെഡല്‍ ഉറപ്പിച്ചു. മൊത്തം 165 കിലോയാണ് ഈ മുപ്പതുകാരി ഉയര്‍ത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം