ഇന്ത്യയും പാകിസ്ഥാനും സെക്രട്ടറിതല ചര്‍ച്ച ആരംഭിച്ചു

July 4, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി:  ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി രഞ്ജന്‍ മത്തായിയുടെയും പാക് വിദേശകാര്യസെക്രട്ടറി ജലീല്‍ അബ്ബാസ് ജീലാനിയുടെയും  നേതൃത്വത്തില്‍ ഇന്ത്യാ- പാകിസ്താന്‍ സെക്രട്ടറിതല ചര്‍ച്ച ആരംഭിച്ചു.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനപ്രക്രിയ മുന്നോട്ടുകൊണ്ടുപോകാന്‍ ചര്‍ച്ചകളിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ജീലാനി പറഞ്ഞു.  ജമ്മുകശ്മീര്‍, സമാധാനവും സുരക്ഷയും, സൗഹൃദപരമായ ആശയവിനിമയം തുടങ്ങിയവയാണ് സംഭാഷണത്തിനായി നേരത്തേ നിശ്ചയിച്ച വിഷയങ്ങള്‍. എന്നാല്‍, മുംബൈ ആക്രമണങ്ങളില്‍ പങ്കുള്ള ഭീകരന്‍ സബിയുദ്ദീനെ സൗദി അറേബ്യയില്‍നിന്ന് ഇന്ത്യക്ക് വിട്ടുകിട്ടിയ സാഹചര്യത്തില്‍, ഇതുസംബന്ധിച്ചും സംഭാഷണം നടക്കും. പാക് തടവറയില്‍നിന്ന് സരബ്ജിത് സിങ്ങിനെ വിട്ടുകിട്ടുന്ന കാര്യവും ഇന്ത്യ ഉന്നയിച്ചേക്കും.
കശ്മീര്‍ വിഘടനവാദികളായ സയ്യിദ് അലി ഷാ ഗീലാനി, മിര്‍വെയ്‌സ് ഉമര്‍ ഫാറൂഖ്, യാസിന്‍ മാലിക് തുടങ്ങിയവരെ പാക് വിദേശസെക്രട്ടറി കാണുമെന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം