ശ്രീപത്മനാഭസ്വാമി ക്ഷേത്രം: എ നിലവറ തുറന്നു; കണക്കെടുപ്പ് ആരംഭിച്ചു

July 5, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ശതകോടികളുടെ അമൂല്യസമ്പത്ത്‌ശേഖരം സൂക്ഷിക്കുന്ന ശ്രീ ഭണ്ഡാര നിലവറ (എ) യിലെ കണക്കെടുപ്പ് തുടങ്ങി. തിരുവനന്തപുരം ജില്ലാകോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ സീല്‍ചെയ്ത നിലവറ തുറന്നു കൊടുത്തു. പിന്നീട് നിലവറയുടെ ചുമതല സമിതി ഏറ്റെടുത്തു.

പുരാവസ്തുവിദഗ്ധനായ എം.വേലായുധന്‍ നായരുടെ നേതൃത്വത്തിലുള്ള മൂല്യനിര്‍ണ്ണയ സമിതിയും ജസ്റ്റിസ് കൃഷ്ണന്‍ അദ്ധ്യക്ഷനായ മേല്‍നോട്ടസമിതിയും യോഗംചേര്‍ന്ന് എല്ലാ സാങ്കേതിക സംവിധാനങ്ങളും വിലയിരുത്തിയശേഷമാണ് നിലവറ തുറക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. ഇരുമ്പിലെയും ഈട്ടിത്തടിയിലെയും രണ്ട് വാതിലുകള്‍ തുറന്ന് കല്ലുകൊണ്ടുള്ള അടപ്പ് മാറ്റിയാണ് എ നിലവറയ്ക്കകത്തേക്ക് പ്രവേശിക്കുന്നത്.ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവരുടെ പ്രത്യേകസജ്ജീകരണത്തോടെയായിരിക്കും അറകള്‍ക്കുള്ളില്‍ പ്രവേശിക്കുന്നത്.

ക്ഷേത്രത്തിലെ നിലവറകള്‍ക്കകത്ത് കണ്ടെത്തിയ ഒരു ലക്ഷം കോടിയുടെ ആസ്തിയില്‍ തൊണ്ണൂറായിരം കോടിയും എ നിലവറയിലായിരുന്നു. ഇവിടത്തെ അമൂല്യശേഖരത്തിന്റെ പരിശോധനയ്ക്കായി പ്രത്യേക മാര്‍ഗരേഖയും തയാറാക്കിയിട്ടുണ്ട്. നിലവറയിലെ ശേഖരം പരിശോധന കഴിഞ്ഞ് ഇരുമ്പു പെട്ടികളിലാക്കിയാണ് തിരികെ വെയ്ക്കുക.

രത്‌നങ്ങളുടെ പരിശോധനയ്ക്കുള്ള ആധുനിക ഉപകരണങ്ങള്‍ ശനിയും ഞായറും കൊണ്ട് ക്ഷേത്രത്തിലെ പരിശോധനാ കേന്ദ്രത്തില്‍ സ്ഥാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ജിയോളജി വിഭാഗത്തിന്റെ ലാബാണ് തുടക്കത്തില്‍ പരിശോധനാ കേന്ദ്രത്തിലെത്തിച്ചത്. കണക്കെടുപ്പ് വേഗത്തിലാക്കാനുള്ള തീരുമാന പ്രകാരമാണ് പുതിയ ഉപകരണങ്ങള്‍ വാങ്ങിയത്. എ നിലവറയിലെ ശേഖരത്തിന്റെ കണക്കെടുപ്പിന് മൂന്ന് മാസത്തിലേറെ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൂജാ ഉപകരണങ്ങളും ഉത്സവാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന സ്വര്‍ണക്കുടങ്ങളടക്കമുള്ളവയും സൂക്ഷിച്ചിരുന്ന ഡി നിലവറയുടെ പരിശോധന തിങ്കളാഴ്ച പൂര്‍ത്തിയാക്കി. ഇതോടെ ക്ഷേത്രത്തിലെ ആറ് അറകളില്‍ രണ്ടെണ്ണത്തിലെ ശേഖരങ്ങളുടെ ശാസ്ത്രീയമായ കണക്കെടുപ്പ് കഴിഞ്ഞു.

ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള ഡി നിലവറ വര്‍ഷത്തില്‍ അഞ്ചുപ്രാവശ്യം തുറക്കുന്നതാണ്. പൈങ്കുനി, അല്‍പ്പശി ഉത്സവങ്ങള്‍ക്കും രണ്ടുകളഭങ്ങള്‍ക്കും കലശാഭിഷേകത്തിനുമാണ് ഈ അറയില്‍ നിന്നും പൂജാ സാധനങ്ങള്‍ എടുക്കുന്നത്. അടുത്ത രണ്ടുദിവസങ്ങളില്‍ ഇ, എഫ് നിലവറകളില്‍ ബാക്കിയുള്ള ആഭരണങ്ങളുടെ പരിശോധന നടത്തി.

ക്ഷേത്രത്തിലെ നിത്യോപയോഗ പൂജാസാധനങ്ങളും വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്ന കിരീടങ്ങള്‍, സ്വര്‍ണത്തിലെയും വെള്ളിയിലെയും ചതുര്‍ബാഹു അങ്കികള്‍, സ്വര്‍ണ പനിനീര്‍ക്കുപ്പികള്‍, ചന്ദനത്തിരി സ്റ്റാന്‍ഡ്, മണികള്‍, സ്വര്‍ണം പൊതിഞ്ഞ ശംഖുകള്‍ തുടങ്ങിയവയാണ് ഈ രണ്ട് നിലവറകളിലുള്ളത്. ഇതില്‍ രത്‌നങ്ങള്‍ പതിച്ച കിരീടങ്ങളും അങ്കികളും അടക്കുമള്ളവയുടെ പരിശോധനയാണ് ബാക്കിയുള്ളത്. ഇ നിലവറയുടെ താക്കോല്‍ പെരിയനമ്പിയും എഫ് നിലവറയുടെ താക്കോല്‍ തെക്കേടത്ത് നമ്പിയുമാണ് സൂക്ഷിക്കുന്നത്. പൂജകള്‍ക്കു ശേഷം നമ്പിമാരുടെ സാന്നിധ്യത്തിലാണ് ഇവ തുറന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം