കൊച്ചി മെട്രോ: നിര്‍മാണച്ചുമതല ഡിഎംആര്‍സിക്കെന്ന് മുഖ്യമന്ത്രി

July 5, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചി മെട്രോയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം അടുത്ത ചൊവ്വാഴ്ച തിരുവനന്തപുരത്തു ചേരും. ഇ. ശ്രീധരനും യോഗത്തില്‍ പങ്കെടുക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. കൊച്ചി മെട്രോയുടെ നിര്‍മാണ ച്ചുമതല ഡിഎംആര്‍സിക്കു തന്നെയായിരിക്കുമെന്ന് നേരത്തെ തീരുമാനിച്ചതാണെന്നു മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

ഇക്കാര്യത്തില്‍ ഒരു ആശയക്കുഴപ്പവുമില്ല. മെട്രോയുടെ ഇപ്പോഴത്തെ സംവിധാനത്തില്‍ മാറ്റം വരുത്തേണ്ടതായി വരും. അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ നമ്മുടെ ഭാഗത്തുനിന്നു ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കും. എമര്‍ജിംഗ് കേരളയ്ക്ക് പ്രധാനമന്ത്രി കൊച്ചിയിലെത്തുമ്പോള്‍ പദ്ധതിക്കു തുടക്കമിടണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറെനാളത്തെ കാത്തിരിപ്പിനുശേഷം കൊച്ചി മെട്രോ റെയിലിനു കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചെങ്കിലും അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) പങ്കാളിയാകുമോയെന്ന കാര്യത്തില്‍ വീണ്ടും ആശങ്കയുയര്‍ന്ന പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ വിശദീകരണം.

ഡിഎംആര്‍സിയെ പദ്ധതി ഏല്‍പ്പിക്കുന്ന കാര്യത്തില്‍ നടപടി ആവശ്യപ്പെട്ടു ഡിഎംആര്‍സി ഉപദേഷ്ടാവായ ഡോ.ഇ.ശ്രീധരന്‍ തന്നെ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസിനെ ടെലിഫോണില്‍ ഇന്നലെ വൈകുന്നേരം ബന്ധപ്പെട്ടതായി സൂചനയുണ്ട്. പദ്ധതി എങ്ങനെ നടപ്പാക്കണമെന്നു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) തീരുമാനിക്കുമെന്ന കേന്ദ്ര നഗരവികസന മന്ത്രാലയം സെക്രട്ടറി ഡോ. സുധീര്‍കൃഷ്ണയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണു ഡിഎംആര്‍സി സ്ഥിരീകരണം തേടിയത്. കൊച്ചി മെട്രോ റെയില്‍ നിര്‍മാണം ഡിഎംആര്‍സിയെ ഏല്‍പ്പിക്കുമോ എന്ന ചോദ്യം ഉയര്‍ന്നപ്പോഴാണ് അക്കാര്യം പുതിയ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കുമെന്നു സുധീര്‍കൃഷ്ണ വിശദീകരിച്ചത്. കഴിഞ്ഞ ദിവസം കൊച്ചി മെട്രോയ്ക്കു കേന്ദ്രാനുമതി ലഭിച്ച ഘട്ടത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ഡിഎംആര്‍സിയുമായും ഇ. ശ്രീധരനുമായും ചര്‍ച്ച ചെയ്യുമെന്നു കെഎംആര്‍എല്‍ എംഡി ടോം ജോസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

അതിനുശേഷവും ഡോ. സുധീര്‍ കൃഷ്ണയുടേതായി വന്ന പ്രസ്താവനയും ഡിഎംആര്‍സിയെ ചുമതലയേല്‍പ്പിച്ചുകൊണ്ടുള്ള നടപടികള്‍ ഇനിയും ഉണ്ടായിട്ടില്ലെന്നതും പല കേന്ദ്രങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കി. കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിഎംആര്‍സിയെ തന്നെ ഏല്‍പ്പിക്കുമെ ന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാദങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നു കഴിഞ്ഞ ജനുവരിയില്‍ കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനുശേഷമാണു മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം