മുംബൈ ഭീകരാക്രമണത്തെ കുറിച്ച് സംയുക്ത അന്വേഷണത്തിന് തയാറാണെന്ന് പാകിസ്ഥാന്‍

July 5, 2012 ദേശീയം

ന്യൂഡല്‍ഹി: 26/11ലെ മുംബൈ ഭീകരാക്രമണത്തെ കുറിച്ച് സംയുക്ത അന്വേഷണത്തിന് തയാറാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ് ജിലാനി. ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. ആക്രമണത്തില്‍ പാകിസ്ഥാനിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പങ്കില്ലെന്നും പാക് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. ഭീകരവാദം ഇന്ത്യയും പാക്കിസ്ഥാനും ഒരുപോലെ ഭീഷണിയാണ്. ഇരുരാജ്യങ്ങളും സഹകരണം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അബു ജുന്‍ഡാലിന്റെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിട്ടുണ്ട്.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ പരസ്പരവിശ്വാസം വളര്‍ത്തുന്നതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമെന്ന് വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി പറഞ്ഞു.  ഇന്ത്യ – പാക്ക് സെക്രട്ടറിതല ചര്‍ച്ചയ്ക്കു ശേഷം  സംയുക്ത പ്രസ്താവന നടത്തുകയായിരുന്നു ഇരുവരും.

സെപ്റ്റംബറില്‍ ഇന്ത്യ-പാക്ക് വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചയ്ക്കു മുന്നോടിയായി ഇരുവരും വീണ്ടും ഇസ്‌ലാമാബാദില്‍ കൂടിക്കാഴ്ച നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം