പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ നേരിട്ട് മെഡിക്കല്‍ സേവനം ലഭ്യമാക്കും: മന്ത്രി പി.കെ.ജയലക്ഷ്മി

July 5, 2012 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ നേരിട്ട് മരുന്നും മെഡിക്കല്‍ സേവനവും ലഭ്യമാക്കുന്നതിനായി കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുമെന്ന് പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി അറിയിച്ചു.  നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടിപറയുകയായിരുന്നു മന്ത്രി.  സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളുളള ജില്ലകളായ വയനാട്, പാലക്കാട്, കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയ ആംബുലന്‍സുകള്‍ വാങ്ങുമെന്നും ഇതുവഴി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സ്റ്റാഫുകളുടെയും മികച്ച സേവനം ലഭ്യമാക്കുവാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.  പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയില്‍ കണ്ടുവരുന്ന അരിവാള്‍ രോഗം ബാധിച്ച് ദുരിതം അനുഭവിക്കുന്നവര്‍ക്ക് മാസം 1000രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുമെന്നും ഇതിനായി 2 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പട്ടികവര്‍ഗ്ഗക്കാര്‍ക്കുളള ചികിത്സാ ധനസഹായമായി കഴിഞ്ഞവര്‍ഷം ആകെ 1.4 കോടി രൂപ ചെലവഴിച്ചതായി മന്ത്രി വ്യക്തമാക്കി.  മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് പറഞ്ഞ പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് കോഴ്‌സുകള്‍ പഠിക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കാലാനുസ്യതമായി പരിഷ്‌കരിച്ചിട്ടുണ്ടെന്നും സഭയെ അറിയിച്ചു.  എം.ബി.ബി.എസ്., എഞ്ചിനീയറിംഗ് കോഴ്‌സുകളില്‍ പഠിക്കുന്ന 128 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകളും 8ാം ക്‌ളാസ്സില്‍ പഠിക്കുന്ന 6224 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകളും വാങ്ങി നല്‍കി.  നടപ്പ് സാമ്പത്തിക വര്‍ഷം പ്രീമെട്രിക്,  പോസ്റ്റ് മെട്രിക് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്നതിന്  7 കോടി രൂപ  അധികമായി വേണ്ടിവരും.

ഭവന രഹിതരായ എല്ലാ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ഘട്ടംഘട്ടമായി വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.  ഈ പദ്ധതിക്കായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.  കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്കായി 120 ലക്ഷം രൂപയും തൊഴില്‍ അധിഷ്ടിത പരിശീലനങ്ങള്‍ നല്‍കുന്നതിനായി ആവശ്യത്തിനുളള തുകയും വകയിരുത്തിയിട്ടുണ്ട്.  തൊഴില്‍രഹിതരായ 500 പട്ടിക വര്‍ഗ്ഗ യുവതികള്‍ക്ക് ഓട്ടോറിക്ഷാ ഡ്രൈവിങ്ങ് പരിശീലനം നല്‍കുന്നതിനും അവര്‍ക്ക് ഓട്ടോ റിക്ഷാ വാങ്ങി നല്‍കുന്നതിനുമായി  801 ലക്ഷം രൂപയും പട്ടികവര്‍ഗ്ഗക്കാരുടെ അടിസ്ഥാന വിരശേഖരത്തിനായി 100 ലക്ഷം രൂപയും ചെലവ് പ്രതീക്ഷിക്കുന്നു.  കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ അഞ്ച് മാത്യകാ കോളനികള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് ആരംഭം കുറിച്ചതായി മന്ത്രി പറഞ്ഞു.  മദ്യത്തിനും മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ക്കും അടിമപ്പെട്ടവരെ ദുശ്ശീലങ്ങളില്‍ നിന്നും പിന്‍തിരിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും വേണ്ടി ഒരുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബ്യഹത്തായ ഒരു ബോധവത്കരണ പരിപാടിയ്ക്ക് വകുപ്പ് ലക്ഷ്യമിടുന്നതായും മന്ത്രി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം