മന്ത്രസിദ്ധി

July 6, 2012 സനാതനം

*എം.കൃഷ്ണന്‍പോറ്റി*
മന്ത്രങ്ങള്‍ അനുഭവസിദ്ധമാകണമെങ്കില്‍ പുരശ്ചരണം അഥവാ സിദ്ധിവരുത്തേണ്ടത് ഓരോ മന്ത്രാഭിലാഷിയുടേയും കടമയാകുന്നു. ഏതൊരുസ്ഥലത്ത് ഇരുന്നാല്‍ മനസ്സിനു ഏകാഗ്രതകിട്ടുന്നുവോ ആ സ്ഥലത്തെ പുരശ്ചരണത്തിനു തിരഞ്ഞെടുക്കണം. പര്‍വതങ്ങളുടെ കൊടുമുടി, നദീതീരം, വില്വവൃക്ഷത്തറ, കുളത്തിന്റെകര, അമ്പലം. അരയാല്‍ത്തറ, ഉദ്യാനം, വനം, തുളസിത്തോട്ടം, ഗുരുസന്നിധി, എന്നീസ്ഥലങ്ങള്‍ മന്ത്രപുരശ്ചരണത്തിന് ഉത്തമങ്ങളാണ്.

ഏതുമന്ത്രം സിദ്ധിവരുത്തണമെങ്കിലും പ്രാരംഭമായി പതിനായിരം സംഖ്യ ജപിച്ചിരിക്കണം. ഒരു മന്ത്രത്തില്‍ എത്ര അക്ഷരമുണ്ടോ അത്രയും ലക്ഷം സംഖ്യക്രമത്തില്‍ ജപിച്ചുതീര്‍ക്കണം. പഞ്ചാക്ഷരമന്ത്രത്തിന് അഞ്ചുലക്ഷവും. അഷ്ടാക്ഷരമന്ത്രത്തിന് എട്ടുലക്ഷവും. രാമഎന്ന മന്ത്രത്തിന് രണ്ടുലക്ഷവും. ഗായത്രിമന്ത്രത്തിന് ഇരുപത്തിനാലുലക്ഷവും ജപിച്ചിരിക്കണം. ജപത്തില്‍ പകുതി സംഖ്യ തര്‍പ്പണവും, അതില്‍ പകുതി സംഖ്യ ഹോമവും, അതില്‍പകുതിയോ പത്തിലൊന്നോ കാല്‍കുഴുകി ഊട്ടും നടത്തണം, എന്നാലേ പുരശ്ചരണം പൂര്‍ത്തിയാവൂ.

തര്‍പ്പണവും ഹോമവും, കാല്‍കഴുകി ഊട്ടും നടത്താത്തപക്ഷം ഇരട്ടി സംഖ്യ ജപിച്ചാലും മതി. അതായത് പഞ്ചാക്ഷരത്തിന് 10ലക്ഷം, മറ്റുമന്ത്രങ്ങള്‍ക്കും ഈ ക്രമത്തില്‍ കണ്ടുകൊള്ളണം. മന്ത്രശോധനക്കുമുമ്പായി ആത്മശോധനചെയ്യണം. ആത്മശോധനകഴിയുമെങ്കില്‍ മൂന്നലക്ഷമോ അഥവാ ഒരു ലക്ഷമോ എങ്കിലും അഭിലകഷിതമന്ത്രം ജപിച്ചതിനു ശേഷമേ പുരശ്ചരണത്തിന് ആരംഭിക്കാവൂ.

ക്ഷത്രിയന്‍ ബാഹുവീര്യത്തിനാലും, വൈശ്യന്‍ ധനത്തിനാലും, ശൂദ്രന്‍ തമോഗുണക്കാരന്‍, ദാസവേലചെയ്യുന്നവന്‍ ബ്രാഹ്മണപൂജനം കൊണ്ടും ആപത്തുകളില്‍ നിന്നു രക്ഷപ്പെടുന്നു. എന്നാല്‍ ബ്രാഹ്മണന്‍ കരകയറേണ്ടത് ജപഹോമാദികളെക്കൊണ്ടാണ്. മറ്റുവര്‍ണ്ണക്കാരും അവരവര്‍ക്കു വിധേയമായ പ്രവൃത്തികളാല്‍ രക്ഷപ്രാപിക്കാം.

മന്ത്രദീക്ഷകന്‍ ഭിക്ഷാന്നംകൊണ്ട് ആഹാരം പാകംചെയ്തുകഴിക്കണം. ആഹാരത്തില്‍ ഒരംശം ബ്രാഹ്മണാദികള്‍ക്കും. ഒരു ഭാഗം പശുക്കള്‍ക്കും ഒരുഭാഗം അതിഥികള്‍ക്കും ശേഷിച്ചഭാഗം ധര്‍മ്മപത്‌നിക്കും കൂടികഴിച്ചുകൊള്ളണം.

നല്ലദിവസം നോക്കിവേണം മന്ത്രപുരശ്ചരണം ആരംഭിക്കേണ്ടത്. മിഥുനം, കര്‍ക്കടകം. കന്നി, മകരം എന്നീ മാസങ്ങളും, ചൊവ്വാ ശനി എന്നീ ആഴ്ചകളും വ്യതീപാതം വൈധൃതി എന്നീയോഗങ്ങളും ചതുര്‍ത്ഥി, ഷഷ്ഠി, അഷ്ടമി, നവമി, ത്രയോദശി, ചതുര്‍ദശി, അമാവാസി എന്നീ തിഥികളും ഭരണി, കാര്‍ത്തിക, തിരുവാതിര, ആയില്യം, കേട്ട, അനിഴം, തിരുവോണം എന്നീ നക്ഷത്രങ്ങളും മേടം കര്‍ക്കടകം, തുലാം, മകരം, കുംഭം എന്നീ രാശികളും പ്രദോക്ഷദിവസവും രാത്രികാലവും ജന്മക്ഷത്രവും പുരശ്ചരണം ആരംഭിക്കുന്നതിനു ശുഭമല്ല. ശുക്ലപക്ഷത്തില്‍ ചന്ദ്രബലവും നക്ഷത്രബലവും കൂടിയദിവസം പുരശ്ചരണം ആരംഭിക്കുന്നതായാല്‍ എളുപ്പത്തില്‍ മന്ത്രസിദ്ധി ഉണ്ടാകും.

ഗുരുപദേശപ്രകാരം പരിശുദ്ധസ്ഥലങ്ങളില്‍ കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായിട്ട് ഇരുന്ന് പ്രഭാതം മുതല്‍ മദ്ധ്യാഹ്നം വരെ സംഖ്യകണക്കാക്കി ജപിക്കേണ്ടതാകുന്നു. ജപസംഖ്യയില്‍ പത്തില്‍ ഒരുഭാഗം ഹോമം ചെയ്യണമെന്നും വിധിയുണ്ട്. നെയ്യ്, പാല്, എള്ള്, പത്രം, പുഷ്പം, ധാന്യം, മധുരദ്രവ്യം ഇവകൊണ്ടെല്ലാം ഹോമം ചെയ്യാം. മദ്ധ്യാഹ്നത്തില്‍ മിതമായിമാത്രം ഭക്ഷിച്ചും മൗനം അവലംബിച്ചും മൂന്നുതരം സ്‌നാനം ചെയ്യുന്നവനായും മനസ്സിനെ മന്ത്രാര്‍ത്ഥത്തില്‍ തന്നെനിര്‍ത്തി ജലത്തില്‍നിന്നുകൊണ്ടു മൂന്നുലക്ഷം ഊരുജപിച്ചാല്‍ അവന്നു സര്‍വ്വാഭീഷ്ടങ്ങളും സാധിക്കും.

മന്ത്രജപം ആരംഭിച്ച് കുറച്ചുദിവസം കഴിഞ്ഞു ഉപേക്ഷിച്ചാല്‍ മന്ത്ര സിദ്ധിവരുന്നതല്ല. ദിവസംതോറും ആദിത്യന്‍ ഉദിക്കുന്ന സമയത്ത് കുളികഴിഞ്ഞ് ആയിരം ഉരൂവീതം ജപിച്ചാല്‍ ആയുസ്സും ആരോഗ്യവും ഐശ്വര്യവും ധനവും ഉണ്ടാകും. മന്ത്രത്തിലുള്ള അക്ഷരലക്ഷം ക്രമപ്പെടുത്തി യഥാക്രമം, മൂന്നുമാസമോ, ആറുമാസമോ, ഒരുവര്‍ഷമോ തുടര്‍ച്ചയായി ജപിച്ചാല്‍ മന്ത്രസിദ്ധവരും. പാപശക്തി കൂടുതലായിരുന്നാല്‍ ആവര്‍ത്തിച്ചു പുരശ്ചരണം ചെയ്താലേ മന്ത്രസിദ്ധി വരികയുള്ളൂ.

ഈ പുരശ്ചരണവിധി അവ്യവസ്ഥിതമായി ആരും അനുഷ്ഠിക്കാന്‍ പാടില്ല. എന്നാല്‍ മന്ത്രസിദ്ധകൈവരുന്നതല്ല. പതിതന്‍, ദീക്ഷയില്ലാത്തവന്‍, സംസ്‌കാരമില്ലാത്തവന്‍, നാസ്തികന്‍, അയോഗ്യന്‍, അശുദ്ധന്‍, ദേവബ്രാഹ്മണാദികളെ നിന്ദിക്കുന്നവന്‍, മാതാവ് പിതാവ് എന്നിവരെ ദ്വേഷിക്കുന്നവന്‍, എന്നിവരോടു സംഭാഷണം ചെയ്യാന്‍പാടില്ല. മനസാ വാചാ കര്‍മ്മണാ ബ്രഹ്മചര്യനിഷ്ഠനായിരിക്കണം. മൈഥുനകാര്യങ്ങള്‍ പറയുന്നിടത്തു ശ്രദ്ധിക്കരുത്.

ഉപ്പ്, എരിവ്, പുളിപ്പ്, ചുവന്നുള്ളി, വെളുത്തുള്ളി എന്നീ പദാര്‍ത്ഥങ്ങളെ ഉപേക്ഷിക്കണം. താംബൂലചവര്‍ണം, പുകവലി, ദുഷ്ടന്മാരോടുള്ള സംസര്‍ഗ്ഗം, മദ്യപാനം, വേദവിരുദ്ധകര്‍മ്മാനുഷ്ഠാനം എന്നിവ വര്‍ജ്ജിക്കേണ്ടതാണ്.

ഭൂതശയ്യാ, ബ്രഹ്മചര്യം, മൗനം ത്രികാലസ്‌നാനം, നിഷിദ്ധകര്‍മ്മവിവര്‍ജ്ജനം, നിത്യപൂജ, നിത്യദാനം. ആനന്ദസ്തുതി, കീര്‍ത്തനം, നൈമിത്തികാര്‍ജ്ജനം ഗുരുവിശ്വാസം, ദൈവവിശ്വാസം, ജപനിഷ്ഠ എന്നിവസിദ്ധകൈവരുത്തുന്നതിന് സഹായകമാണ്. ജപം , ധ്യാനം, ഹോമം, തര്‍പ്പണം, ഇവകളെല്ലാം ഫലേച്ഛകൂടാതെയാണു ചെയ്യേണ്ടത്, എന്നാല്‍ എല്ലാം ഈശ്വരനായി നിവേദിക്കുകയും ചെയ്യാം.

ജലത്തില്‍ ഒറ്റക്കാല്‍ ഊന്നി കൈകളെ മേല്‌പോട്ടുയര്‍ത്തിപ്പിടിച്ച് നിരാധാരനായി നിന്നുകൊണ്ടു ജപിക്കുകയും രാത്രിയില്‍മാത്രം ഹിവിസ്സു ഉപ്പുകൂട്ടാതെ ഭക്ഷിക്കുകയും ചെയ്താല്‍ ഒരു വര്‍ഷംകൊണ്ട് ശാപാനുഗ്രഹനായിത്തീരും. മൂന്നുവര്‍ഷം ജപിച്ചാല്‍ ത്രികാലജ്ഞാനമുണ്ടാകം. നാലുകൊല്ലംജപിച്ചാല്‍ ഭഗവാന്റെ ദര്‍ശനം സിദ്ധിക്കും. അഞ്ചുവര്‍ഷം ജപിച്ചാല്‍ അണിമാദി ഐശ്വര്യസിദ്ധികള്‍ ഉണ്ടാകും. ഏഴുവര്‍ഷം ജപിച്ചാല്‍ ദേവത്വം സിദ്ധിക്കും. പന്ത്രണ്ടുവര്‍ഷം ജപിച്ചാല്‍ ബ്രഹ്മാവിനു തുല്യനാകും. (ബ്രഹ്മത്വം)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം