മായാവതിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് സുപ്രീംകോടതി റദ്ദാക്കി

July 6, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് സുപ്രീംകോടതി റദ്ദാക്കി. തനിക്കെതിരായ നടപടി പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് 2008 ല്‍ മായാവതി സമര്‍പ്പിച്ച അപ്പീലിലാണ് വിധി. മായാവതിക്കെതിരേ തെളിവുകള്‍ ഇല്ലെന്നും സിബിഐയ്ക്ക് അന്വേഷണം തുടരാനാകില്ലെന്നും കോടതി വിലയിരുത്തി.

താജ് കോറിഡോര്‍ കേസില്‍ മായാവതിക്കെതിരേ അന്വേഷണം നടത്താന്‍ 2003 ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിനിടെയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിബിഐ അന്വേഷണം നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോടതി നിര്‍ദേശമില്ലാതെ മായാവതിക്കെതിരേ അന്വേഷണം നടത്തിയ സിബിഐ നടപടി ന്യായീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ആരോപണം തെളിയിക്കുന്ന യാതൊരു കണ്ടെത്തലോ വസ്തുതാപരമായ റിപ്പോര്‍ട്ടുകളോ മായാവതിക്കെതിരേ ഇല്ലെന്നും കോടതി വിലയിരുത്തി.

ജസ്റീസുമാരായ പി. സദാശിവം, രഞ്ജന്‍ ഗൊഗോയി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എന്നാല്‍ താജ് ഇടനാഴിക്കേസില്‍ മായാവതിക്കെതിരേ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. തന്റെ അക്കൌണ്ടിലുള്ള പണം പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഭാവനയായി നല്‍കിയതാണെന്നായിരുന്നു മായാവതിയുടെ വിശദീകരണം. ഇന്‍കം ടാക്സ് ട്രിബ്യൂണലും ഇക്കാര്യം അംഗീകരിച്ചിരുന്നു. ഈ വിധി പിന്നീട് ഡല്‍ഹി ഹൈക്കോടതിയും ശരിവെച്ചിരുന്നു. 2003 ല്‍ ഒരു കോടി രൂപയായിരുന്ന മായാവതിയുടെ സമ്പാദ്യം 2007 ല്‍ 50 കോടി രൂപയായെന്നായിരുന്നു സിബിഐയുടെ വാദം. മായാവതിക്കും ബന്ധുക്കള്‍ക്കും ക്രിമിനല്‍ ബന്ധങ്ങളുണ്ടെന്നും ആദായനികുതി വകുപ്പിന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തല്‍ കേസ് അവസാനിപ്പിക്കരുതെന്നും കഴിഞ്ഞ സെപ്തംബറില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സിബിഐ സൂചിപ്പിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം