ദൂരവും മറവുമില്ലാത്ത ബോധസ്വരൂപന്‍

July 6, 2012 ഗുരുവാരം,പാദപൂജ

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ സാമരസ്യത്തിലൂടെ പ്രപഞ്ചത്തെ കടുകിന്‍മണിയെന്നപോലെ തന്നില്‍തന്നെ ദര്‍ശിച്ച മഹാപ്രഭുവാണ്. അക്കാരണത്താല്‍ ദൂരെസംഭവിക്കുന്നതുകൊണ്ട് സ്വാമിജി അറിയുന്നില്ലെന്നും മറകള്‍ക്കുള്ളിലായാല്‍ അറിയുകയില്ലെന്നുമുള്ള ധാരണ അജ്ഞന്മാരുടെ സ്വഭാവമാണെന്ന് വന്നുകൂടുന്നു. ശ്രീമാന്‍ നാരായണന്‍ വൈദ്യന്റെ പുരയിടത്തില്‍ നടന്ന ഒരു സംഭവം മേല്‍പറഞ്ഞ സത്യത്തെ സാധൂകരിക്കുന്നതിന് അവതരിപ്പിക്കാം.

ശ്രീ നാരായണന്‍വൈദ്യനും അദ്ദേഹത്തിന്റെ മാതുലനായ ശ്രീ പരമേശ്വരന്‍വൈദ്യനും സഹോദരീപുത്രനായ ഡോ.സുകുമാരന്‍നായരും പരമ്പരയായി സ്വാമിജിയോട് ഭക്തിബഹുമാനങ്ങള്‍ അര്‍പിച്ചിരിക്കുന്നവരാണ്. ശ്രീ പരമേശ്വരന്‍വൈദ്യന്റെ മരണശേഷവും അതിനുമുമ്പുണ്ടായ പല സംഭവങ്ങളും നാരായണന്‍ വൈദ്യന്റെ ജീവിതവുമായി അഭേദ്യബന്ധമുള്ളതാകുന്നു. ഈ ഗ്രന്ഥം രചിക്കുന്നസമയത്ത് എണ്‍പത്തഞ്ചുകാരനായ ശ്രീ നാരായണന്‍വൈദ്യന്‍ ആരോഗ്യവാനായും സ്വാമിജിയോട് പൂര്‍വഭക്തിബഹുമാനങ്ങളുള്ളവനായും തന്റെ ചികിത്സാപാടവം തെളിയിച്ചുകൊണ്ട് ജീവിച്ചിരുന്നു.

ഒരുദിവസം ശ്രീരാമപട്ടാഭിഷേകം നടത്തുന്നതിനുവേണ്ടി അദ്ദേഹം ആശ്രമത്തിലെത്തി. പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ സമാരംഭിച്ചുകഴിഞ്ഞു. എല്ലാവരും സ്വാമിജിയുടെ വരവും കാത്തിരുന്നു. പതിവില്‍കവിഞ്ഞ് അല്പം നേരത്തെ സ്വാമിജി ഭക്തദര്‍ശനത്തിനെത്തി. എന്നിട്ട് നേരം പോക്കായി ഇപ്രകാരം പറഞ്ഞു

”ഞങ്ങളുടെ തെങ്ങില്‍നിന്ന് ആരോ തേങ്ങ അടര്‍ത്തുന്നല്ലോടോ. ഇപ്പോള്‍ ചെന്നാല്‍ പിടിക്കാം” എവിടെയാണ് ആരാണ്? എന്നൊന്നും ആര്‍ക്കും മനസ്സിലായില്ല. എങ്കിലും വൈദ്യനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ”എടോ നീ ചെല്ലുമ്പോ അവന്‍ തേങ്ങയുംകൊണ്ട് ഇറങ്ങിവരുകയായിരിക്കും. ഉപദ്രവിക്കാതെ പിടിച്ചുകൊണ്ടുവരണം, നീ വന്നതിനുശേഷമേ ഞങ്ങള്‍ ആരാധനയ്ക്കുകയറൂ”.

ഏത് തെങ്ങാണെന്നുള്ള ലക്ഷ്യവും പറഞ്ഞുകൊടുത്തു. കുറച്ചുപേര്‍ കള്ളനെപ്പിടിക്കാനുള്ള തയ്യാറെടുപ്പോടെ ഉദ്ദേശം മൂന്ന് കി.മി. അകലെയുള്ള തെങ്ങിന്‍തോട്ടത്തിലെത്തി. സ്വാമിജി പറഞ്ഞതുപോലെ ഒരു കുലത്തേങ്ങവെട്ടി തലയില്‍വച്ച് ഇറങ്ങിവരുന്നവനെ അവര്‍ കണ്ടു. സ്വാമിജിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് എല്ലാവരും നിശബ്ദം സാവധാനം നടന്നു. കള്ളന്റെ സമീപത്തെത്തി. മൂട്ടിലിറങ്ങുന്നതിനുമുമ്പു തന്നെ അവനെ ബന്ധിച്ചു. സ്വാമിജി പറഞ്ഞ നിര്‍ദ്ദേശമനുസരിച്ചുതന്നെ യാതൊരുപദ്രവും ചെയ്യാതെ തേങ്ങ അവനെകൊണ്ട് ചുമപ്പിച്ച് ആശ്രമാങ്കണത്തിലെത്തി. വിവരമറിഞ്ഞ് അനേകമാളുകള്‍ അതു കാണാനായി കൂടിനിന്നിരുന്നു. കള്ളനെ തൊണ്ടി സഹിതം സ്വാമിജിയുടെ മുന്നിലെത്തിച്ചു.

കരുണാമയനായ സ്വാമിജി അവന് വിഭൂതിദാനം ചെയ്തനുഗ്രഹിച്ചു. താരകമന്ത്രം, കാട്ടാളനായ രത്‌നാകരനെ മഹാമനീഷിയായ വാല്മീകിയാക്കിമാറ്റിയതുപോലെ, വിഭൂതി നല്കിയതോടെ അവന് മാറ്റം വന്നിരുന്നു. മാത്രമല്ല, ഒരു സാന്ത്വനവാക്കും പറഞ്ഞു ”അവന്‍ വിശപ്പുകൊണ്ടടുത്തതാണെടോ”. ”ആ തേങ്ങ അവനുതന്നെ കൊടുത്തേക്കൂ” എന്നു പറഞ്ഞിട്ട് സ്‌നേഹത്തോടെ തൃക്കൈകൊണ്ട് നല്കാറുള്ള ഒരടിയും കൊടുത്തു. ”എടോ ഇനി ആരുടേയും മുതല് മോഷ്ടിക്കരുത്, അധ്വാനിച്ചു ജീവിക്കണം” എന്നിങ്ങനെ പറഞ്ഞു. അയാള്‍ അന്നുതൊട്ട് തന്റെ മോഷണവൃത്തി നിര്‍ത്തിയെന്നുമാത്രമല്ല സ്വാമിജിയുടെ ഭക്തനായിമാറുകയും ദാരിദ്യത്തില്‍നിന്ന് മുക്തനാകാനുള്ള സമ്പാദ്യം സ്വാമിജിയുടെ അനുഗ്രഹാശിസ്സുകള്‍കൊണ്ട് നേടുകയും ചെയ്തു.
ഇവിടെ ”ഞങ്ങളുടെ തെങ്ങില്‍ നിന്ന ആരോ തേങ്ങ അടര്‍ത്തുന്നു” എന്ന വാക്കിലടങ്ങിയിട്ടുള്ള സമത്വചിന്ത ശ്രദ്ധേയമാണ്. ഭക്തനേയും ഭക്തന്റെ സ്വത്തിനേയും തന്റേതായി കരുതുവനാന്‍തോന്നിയ സമഭാവന സ്വാര്‍ത്ഥതയുടെ ചിന്തയില്‍ നിന്നുദയംചെയ്തതല്ല. ലാഭത്തിന്റെയും ഖ്യാതിയുടേയും ദുഷ്ചിന്തകളും അതിന്റെ പിന്നിലില്ല. സര്‍വാത്മരതനായ ഗുരുതനാഥന് അന്യമെന്നൊരു സങ്കല്പമില്ല. എന്നാല്‍ കള്ളനെ ചൂണ്ടിക്കൊടുത്തതെന്തിനെന്ന സംശയമുണ്ടാകാം. ഒരു വന്‍ മോഷണം നടത്തുമ്പോള്‍ അവന്റെ ആത്മവൃത്തിയില്‍ പലതരം ദോഷങ്ങള്‍ സംഭവിക്കുന്നു.
അന്യന്റേത് അപഹരിക്കണമെന്ന ചിന്ത; മോഷണസമയത്ത് നേരിട്ടുചെന്നാല്‍ ഉടമസ്ഥനേയോ എതിരെ ചെല്ലുന്നവരെയോ ആത്മരക്ഷക്കുവേണ്ടി എതിര്‍ക്കണമെന്നുള്ള ചിന്ത; ഒരുപക്ഷേ പിടികൂടിയാല്‍ കിട്ടാവുന്ന പ്രഹരത്തെപ്പറ്റിയുള്ള ഭീതി; മറ്റൊന്ന് കള്ളം വെളിയിലറിഞ്ഞാലുള്ള അപമാനഭയം; അടുത്തത് കേസിനിരയാവുകയാണെങ്കില്‍ തനിക്കുണ്ടാകാവുന്ന മറ്റു വൈഷമ്യങ്ങളും; തന്റെ കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കുണ്ടാകാവുന്ന അപഖ്യാതിയും. എല്ലാറ്റിലും കഷ്ടമായി അവനവന്റെ വ്യക്തിത്വത്തിലുണ്ടാവുന്ന വൈരുദ്ധ്യം.

മനസാവാചാകര്‍മണാ സത്യവുമായി ബന്ധമില്ലാത്ത പ്രവൃത്തി ചെയ്യുമ്പോള്‍ അവനവന്റെ ജീവേച്ഛാശക്തിയില്‍ തന്നെ മേല്‍പറഞ്ഞ ദോഷങ്ങള്‍ക്കുമപ്പുറം മൂന്നുതരത്തിലുള്ള വ്യക്തിത്വം ഉടലെടുക്കുന്നു. തന്മൂലം ജീവന്റെ ഏകാഗ്രതയും സ്വാതന്ത്ര്യവും നഷ്ടപ്പെട്ട് ഒരടിമയുടെ അനുഭവദോഷം ഏകാഗ്രതയും സ്വാതന്ത്ര്യവും നഷ്ടപ്പെട്ട് ഒരടിമയുടെ അനുഭവദോഷം സംഭവിക്കുന്നു. ജീവനില്‍ വാസനാരൂപേണ ഈ ദോഷങ്ങളവശേഷിക്കുന്നു. തന്മൂലമുണ്ടാകുന്ന ജന്മങ്ങളിലും മുഖ്യവാസന മോഷണകലയോട് ബന്ധമുള്ളവയാണെങ്കില്‍ പലതരത്തില്‍ അപമാനിക്കപ്പെടാവുന്ന അടുത്ത ജന്മത്തിന് അവകാശികളായി മാറുന്നു. താന്‍ സമ്പാദിച്ചുവച്ച ഈ കര്‍മദോഷം തന്റെ സന്താനപരമ്പരകളില്‍ ഏഴുതലമുറ നിലനില്‍ക്കുന്നു.

ഇങ്ങനെ സമൂഹത്തിനും തനിക്കും വര്‍ത്തമാനകാലത്തിലൂടെയും ഭാവികാലത്തിലൂടെയും ദുഷ്‌കൃതം സമ്പാദിക്കുന്ന അനുഭവങ്ങളുണ്ടാകുന്നു. മേല്‍പറഞ്ഞ ദോഷങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള വിധിയെഴുത്തായിരുന്നു സ്വാമിജി കള്ളനെ പിടിക്കുന്നതിനു നല്‍കിയ നിര്‍ദ്ദേശം. പിടിച്ചാല്‍ മര്‍ദ്ദിക്കുന്നതിനോ, പോലിസിലേല്പിക്കുന്നതിനോ അല്ല പറഞ്ഞത്. പിടിച്ചാലുടന്‍ തന്റെ സമീപത്തെത്തിക്കുവാനും പലതരത്തിലുള്ള ഭീതികൊണ്ടും ഭാരംകൊണ്ടും തകര്‍ന്നമനസോടെ വന്ന അയാളെ അനുഗ്രഹിച്ച് ദുഷ്‌കൃതങ്ങള്‍ക്കറുതി വരുത്തുകയുമാണ് ചെയ്തത്. രാമായണത്തില്‍ രാമന്‍ അനുവര്‍ത്തിച്ച സമസ്തകര്‍മങ്ങളിലും തിന്മയില്‍നിന്നും നന്മയിലേക്കും, അധര്‍മത്തില്‍നിന്ന് ധര്‍മത്തിലേക്കും പരിവര്‍ത്തനം പ്രാപിച്ച അനേകങ്ങളുടെ ഉദാഹരണളാണ് കാണുന്നത്. ആത്മാരാമനായ സ്വാമിജിക്ക്

”യസ്തു സര്‍വാണി ഭൂതാനി
ആത്മന്യേവാനുപശ്യതി
സര്‍വഭൂതേഷു ചാത്മാനം
തതോ ന വിജഗുപ്‌സതേ”
ആരാണോ സര്‍വഭൂതങ്ങളില്‍ തന്നെയും തന്നില്‍ സര്‍വഭൂതങ്ങളേയും ദര്‍ശിക്കുന്നത്. അവന്‍ ആരേയും നിന്ദിക്കുന്നില്ല’ – എന്ന ഉപനിഷദ് വാക്യത്തെ അനുസ്മരിച്ചുകൊണ്ടുള്ള വ്യക്തിത്വമാണുള്ളതെന്ന് മേല്‍പറഞ്ഞ ”ഞങ്ങളുടെ തെങ്ങില്‍ നിന്ന്” എന്നുള്ള പ്രയോഗത്തിലും കള്ളനെ അനുഗ്രഹിച്ച് മുക്തനാക്കിയതില്‍ നിന്നും മനസ്സിലാക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം