വിഴിഞ്ഞം തുറമുഖം: വെല്‍പ്‌സണ്‍ കണ്‍സോര്‍ഷ്യം പുതിയ നിര്‍ദ്ദേശം മുന്നോട്ടുവച്ചു

July 7, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യം സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെട്ട സഹായധനത്തില്‍ നൂറു കോടി രൂപ കുറയ്ക്കാമെന്ന പുതിയ നിര്‍ദേശം മുന്നോട്ടുവച്ചു. പുതിയ കമ്പനി വന്നാല്‍ തങ്ങളുമായി താരതമ്യം ചെയ്യണമെന്നും വെല്‍സ്പണ്‍ സര്‍ക്കാരിനെ അറിയിച്ചു. നേരത്തേ സര്‍ക്കാരില്‍ നിന്ന് 479 കോടി സഹായധനമാണ് കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടിരുന്നത്. നൂറുകോടി കുറയ്ക്കുമ്പോള്‍ അത് 375 കോടിയാകും.

വിഴിഞ്ഞം പദ്ധതിയുടെ ഉടമസ്ഥാവകാശം കേരള സര്‍ക്കാരിനാണെന്നിരിക്കെ നടത്തിപ്പ് ചുമതലയാണ് സ്വകാര്യ കമ്പനിക്കു നല്‍കുന്നത്. എന്നാല്‍ അവര്‍ നടത്തിപ്പിനായി ഇത്രയും തുക ആവശ്യപ്പെട്ടപ്പോള്‍ അതിന് നിയമസാധുത ലഭിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. ചീഫ് സെക്രട്ടറി അടങ്ങുന്ന സമിതി ഇത് പരിശോധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പുതിയ ടെന്‍ഡറിനെ കുറിച്ച് ആലോചിച്ചെങ്കിലും വീണ്ടും ചര്‍ച്ചകള്‍ക്കു തയാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

വെല്‍സ്പണ്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ നിര്‍ദേശം വന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം