നിലവാരമില്ലാത്ത സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകളുടെ അംഗീകാരം റദ്ദാക്കണം

July 7, 2012 എഡിറ്റോറിയല്‍

സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകളെ സംബന്ധിച്ച് അടുത്തകാലത്തുണ്ടായ ഹൈക്കോടതിവിധി സ്വാഗതാര്‍ഹമാണ്. 40ശതമാനത്തില്‍ കുറവ് വിജയശതമാനമുള്ള സ്വാശ്രയ എഞ്ചനീയറിംഗ് കോളേജുകള്‍ പൂട്ടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് സ്വാശ്രയ മേഖലയെ യാതൊരു നിയന്ത്രണവുമില്ലാതെ മേഞ്ഞുനടക്കാന്‍ അനുവദിച്ചതിന്റെ ദുരന്തഫലമാണ് ആ രംഗത്തെ നിലവാരത്തകര്‍ച്ച. സ്വാശ്രയ മെഡിക്കല്‍കോളേജുകളുടെ പഠനനിലവാരത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

സ്വകാര്യ വിദ്യാഭ്യാസമേഖലയിലെ മേല്‍കൈ നേരത്തെതന്നെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ്. പ്രൊഫഷണല്‍ രംഗത്ത് സ്വാശ്രയ കോളേജുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചപ്പോഴും ഈ രംഗത്തേക്ക് കടന്നുവന്നവരില്‍ ഏറെയും മുസ്ലീം – ക്രിസ്ത്യന്‍ മാനേജുമെന്റുകളാണ്. സാമൂഹ്യ നന്മയിലധിഷ്ഠിതമായ ഒരു കര്‍മ്മ നിര്‍വഹണത്തിനായിരുന്നില്ല അവര്‍ ഈ രംഗത്തേക്ക് യഥേഷ്ടം കടന്നുവന്നത്. മറിച്ച് സാമ്പത്തികമായി വന്‍ നേട്ടംകൊയ്യാം എന്നലക്ഷ്യം തന്നെയാണ് അവരെ ഇതിനു പ്രേരിപ്പിച്ചത്.

ഒരു എഞ്ചിനിയറിംഗ് കോളേജോ മെഡിക്കല്‍കോളേജോ തുടങ്ങുന്നത് സാധാരണ ആര്‍ട്‌സ് അന്റ് സയന്‍സ് കോളേജ് തുടങ്ങുന്നതുപോലെയല്ല. മറിച്ച് എല്ലാ സജ്ജീകരണങ്ങളോടും കോളേജുകള്‍ ആരംഭിക്കാന്‍ വന്‍മുതല്‍മുടക്കാണ് വേണ്ടത്. കെട്ടിടങ്ങളും ലബോറട്ടറി സജ്ജീകരണങ്ങളും മാത്രമല്ല അക്കാഡമിക് നിലവാരത്തെ ഉയര്‍ത്തുന്നത്. മറിച്ച് പ്രഗല്‍ഭരായ അദ്ധ്യാപകരും വേണം. എന്നാല്‍ പല കോളേജുകളിലും യോഗ്യതയും കഴിവുമുള്ള അദ്ധ്യാപകര്‍ ഇല്ലാത്തതും ശരാശരിയില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയതുമാണ് നിലവാര തകര്‍ച്ചയ്ക്ക പ്രധാനകാരണം.

മക്കളെ ഡോക്ടര്‍മാരും എഞ്ചിനിയറന്മാരുമൊക്കെ ആയിക്കാണാന്‍ ആഗ്രഹിക്കുന്ന പണക്കാരായ മാതാപിതാക്കള്‍ സ്വാശ്രയ കോളേജുകളില്‍ ഒരു സീറ്റുനേടാന്‍ എത്രലക്ഷവും മുടക്കാന്‍ തയ്യാറാണ്. തങ്ങളുടെ മകനോ മകള്‍ക്കോ ഈ രംഗത്തേക്ക് കടന്നുവരാനുള്ള കഴിവുണ്ടോ എന്ന് മതാപിതാക്കള്‍ അന്വേഷിക്കാറില്ല. അതുപോലെതന്നെ ഈ രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹമില്ലാത്ത വിദ്യാര്‍ത്ഥികളെ പല രക്ഷകര്‍ത്താക്കളും തല്ലിപ്പഴിപ്പിച്ചാണ് എഞ്ചിനിയറിംഗ് കോളേജുകളിലും മെഡിക്കല്‍കോളേജുകളിലും ചേര്‍ക്കുന്നത്. സ്വാശ്രയമാനേജുമെന്റുകള്‍ക്ക് പണമാത്രമാണ് ലക്ഷ്യം. പഠനമികവ് ഇല്ലാത്ത വിദ്യാര്‍ത്ഥികളെ എത്ര സമര്‍ത്ഥരായ അദ്ധ്യാപകര്‍ക്കും രക്ഷപ്പെടുത്താനാവില്ല. ഇതിന്റെയൊക്കെ ദുരന്തഫലമാണ് സ്വാശ്രയ എഞ്ചിനിയറിംഗ് വിദ്യാഭ്യാസരംഗത്ത് ഇന്നുണ്ടായിരിക്കുന്ന അധോഗതിക്കു കാരണം. അതേസമയം സര്‍ക്കാര്‍ എഞ്ചിനിയറിംഗ് കോളേജുകളിലും നേരത്തെ ഉണ്ടായിരുന്ന സ്വകാര്യ എഞ്ചിനിയറിംഗ് കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഏറ്റവും മുന്‍നിരയില്‍ തന്നെയാണ് എന്നകാര്യം സ്മരണീയമാണ്.

ഹൈക്കോടതിവിധി വന്നശേഷവും പല സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകളിലും പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനപ്രക്രിയ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിച്ചുകൊണ്ട് ഹൈക്കോടതിവിധി നടപ്പാക്കാന്‍ തയാറാകണം. അല്ലെങ്കില്‍ കേരളത്തിലെ എഞ്ചിനിയറിംഗ് വിദ്യാഭ്യാസമേഖലയുടെ വിശ്വാസ്യതയെ ആകും സമീപഭാവിയില്‍ ചോദ്യം ചെയ്യുക.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍