ശ്രീ ഗംഭീരനാഥന്‍

July 7, 2012 സനാതനം

*പി.കെ വാസുദേവന്‍ നായര്‍*
അടുത്തകാലത്ത് ഉത്തരേന്ത്യയില്‍ ജീവിച്ചിരുന്ന യോഗികളിലും ആത്മീയാചാര്യന്മാരിലും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഒരു യോഗിവര്യനായിരുന്നു ശ്രീ ഗംഭീരനാഥന്‍. ജമ്മു-കാശ്മീരിലെ ഒരു കുഗ്രാമത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. ഒരു സാധാരണ കുടുംബത്തിലെ സാധാരണ ബാലനായി അദ്ദേഹം വളര്‍ന്നു. ഗ്രാമിവിദ്യാലയത്തില്‍ വിദ്യാഭ്യാസം നിര്‍വഹിച്ചു. ഗ്രാമീണരുടെ സരളവും ലളിതവുമായ ജീവിതം പരിചയിച്ചു. ബുദ്ധിചാതുര്യം, സ്‌നേഹനിര്‍ഭരമായ പെരുമാറ്റം, സഹാനുഭൂതി, കരുണ മുതലായ ഗുണങ്ങള്‍ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു.

ക്ഷണികങ്ങളായ ലൗകികസുഖങ്ങളില്‍നിന്ന് അകന്ന് ശാശ്വതശാന്തിയും മനസ്സമാധാനവും ലഭിക്കുന്നതിനുവേണ്ടി അദ്ദേഹം ചെറുപ്പത്തിലെ പരിശ്രമിച്ചു. ആദ്ധ്യാത്മികപഥത്തില്‍ സഞ്ചരിച്ചിരുന്ന സന്യാസികളോടും വൈരാഗികളോടും അദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തി. ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ പുണ്യഭൂമിയെന്നു സങ്കല്പിക്കപ്പെട്ടിരുന്ന ഒരു ശ്മശാനമുണ്ടായിരുന്നു.  അവിടെ സന്യാസികള്‍ വിശ്രമത്തിന് എത്തിച്ചേരുക പതിവായിരുന്നു. സംസാരബന്ധങ്ങള്‍ പരിത്യജിച്ച ആ മഹാത്മാക്കളുടെ ശുശ്രൂഷകള്‍ നടത്തുകയും ഉപദേശങ്ങള്‍ ശ്രവിക്കുകയും ചെയ്തുകൊണ്ട് ഗംഭീരനാഥന്‍ ജീവിതം നയിച്ചു.

ചിലപ്പോള്‍ അവരുടെ സംഭാക്ഷണങ്ങള്‍ ശ്രവിച്ചുകൊണ്ട്  അദ്ദേഹം നിരാഹാരനായി രാവും പകലും കഴിഞ്ഞിരുന്നു. അങ്ങിന വൈരാഗ്യചിന്ത ആ യുവാവില്‍ വളര്‍ന്നു വികസിച്ചു. സംസാരസുഖങ്ങളില്‍ വിരക്തനായി. യോഗാനുഷ്ഠാനങ്ങള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു. പരമമായ ശാന്തിയും ആനന്ദവും അരുളുന്ന യോഗമാര്‍ഗ്ഗം ജീവിതലക്ഷ്യമായി സ്വീകരിച്ചു. യോഗപരിശീലനത്തിന് പറ്റിയ ഒരു ഗുരുവിനെ കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിന്റെ പിന്നത്തെ ഉദ്യമം. ഗോരഖ്‌നാഥ് (ഗോരക്ഷാനാഥന്‍) എന്ന യോഗാചാര്യന്റെ  നാമധേയത്തില്‍ ഗോരഖ്പുരിയില്‍ നടത്തപ്പെട്ടുവന്നു ക്ഷേത്രവും അവിടെ അധിപതിയായി ജീവിച്ചിരുന്ന ഗോപാലനാഥയോഗിയയും പറ്റി അദ്ദേഹം കേട്ടിരുന്നു. അവിടെ ചെന്നു യോഗപദത്തില്‍ പ്രവേശിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു.

ഒരു ദിവസം ആരേയും അറിയിക്കാതെ അദ്ദേഹം ഗോരഖ്പുരിയിലേക്കു യാത്രതിരിച്ചു. ഗോപാലനാഥന്‍ അന്തര്‍ദൃഷ്ട്യാ ആ യുവാവിന്റെ ഹൃദയഗതി ഗ്രഹിച്ചു. അങ്ങിനെ ആ യുവാവിനെ ഗോപാലനാഥന്‍ തന്റെ ശിഷ്യനായി സ്വീകരിച്ചു. അതോടുകൂടി ആ യുവാവ് ഒരു പുതിയ ജീവിതം ആരംഭിച്ചു.
സര്‍വ്വസ്വവും സര്‍വ്വബന്ധങ്ങളും ത്യജിച്ച് ‘കൗപീന വന്തഃ ഖലു ഭാഗ്യവന്തഃ’  എന്ന് അഹ്ലാദപൂര്‍വ്വം ഉദ്‌ഘോഷിക്കുന്ന ഒരു നവജീവിതം അദ്ദേഹം ആരംഭിച്ചു.  ഗോകഖ്‌നാഥന്റെ യോഗിസമ്പ്രദായത്തിലുള്ള മുദ്രകള്‍ അദ്ദേഹം അണിഞ്ഞു.  ആ യുവയോഗിയില്‍ അസാധാരണമായ ഒരു പ്രശാന്ത ഗംഭീരഭാവം പ്രകാശിച്ചു.

വാക്കിലും നോക്കിലും ഭാവത്തിലും വിചാരത്തിലും ആകൃതിയിലും പ്രകൃതിയിലും എല്ലാംതന്നെ അദ്ദേഹം അതിഗംഭീരനായിത്തീര്‍ന്നു. ഗോപാലനാഥന്‍ ആ യുവാവിന് ‘ഗംഭീര്‍നാഥ്’ (ഗംഭീരനാഥന്‍) എന്ന വിശേഷസംജ്ഞ നല്‍കി. അതുതന്നെയായിത്തീര്‍ന്നു അദ്ദേഹത്തിന്റെ യോഗിനാമധേയവും. മഹത്തായ ‘നാഥയോഗ സമ്പ്രദായ’ത്തിന്റെ  നിയമങ്ങള്‍ നിഷ്‌കൃഷ്ടമായി അനുസരിച്ച ആ യുവയോഗി വിജയത്തിലേക്കു മുന്നേറി. വേണ്ടപ്പെട്ട പ്രാഥമിക നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട ഭാരമേ ഗുരുവിനുണ്ടായിരുന്നുളളു. അചിരേണ യോഗവിദ്യയില്‍ അദ്ദേഹം അത്യുന്നതമായ പദവി നേടി.

യോഗചര്യകളുടെ അനുഷ്ഠാനത്തില്‍ കായികവും മാനസികവുമായ കഴിവുകള്‍ വളര്‍ത്തി അദ്ദേഹം പരമാത്മാവിന് തന്നെ സമര്‍പ്പിച്ചു. ഗോരഖ്‌നാഥ ക്ഷേത്രത്തില്‍ ഗുരുവിന്റെ മേല്‍നോട്ടത്തില്‍ ശിഷ്യന്‍ യോഗാനുസന്ധാനത്തോടൊപ്പം ആശ്രമ പരിപാലനവും പരിശിലിച്ചു. ഈശ്വരാര്‍പ്പണമായി കര്‍മ്മങ്ങള്‍ നടത്തുന്നതെങ്ങിനെയെന്ന് ഗോപാലനാഥന്‍ ഗുരുവിന്റെ ആജ്ഞകളെ പിഴക്കാതെ അനുസരിക്കുകയും തൃത്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തു.  ഒഴിവുസമയങ്ങളില്‍ അദ്ദേഹം യോഗമാര്‍ഗ്ഗങ്ങളിലെ സാങ്കേതിക കാര്യങ്ങളെപ്പറ്റി ആചാര്യനില്‍നിന്നു പഠിച്ചു. പരമശിവനുമായി താദാത്മ്യം പ്രാപിച്ചയോഗയായിരുന്നു ഗോരഖ്‌നാഥന്‍. തനിക്കും ശിവതാദാത്മ്യം നേടണമെന്ന് ഗംഭീരനാഥന്‍ ആഗ്രഹിച്ചു. തുടര്‍ന്ന് അദ്ദേഹം ഒരു തീര്‍ത്ഥാടനം ആരംഭിച്ചു.
കാശി, പ്രയാഗ മുതലായ പുണ്യസ്ഥലങ്ങളില്‍ ശ്രീ ഗംഭീരനാഥന്‍ ആറേഴു വര്‍ഷം പര്യടനം നടത്തി.

സമ്പൂര്‍ണ്ണ മനോനിഗ്രഹത്തിനും വിചാരാധീശത്വത്തിനും ആദ്ധ്യാത്മശക്തികളെ ഉണര്‍ത്തുന്നതിനുമുള്ള ഒരു മനോദ്യമത്തില്‍ അദ്ദേഹം ഇക്കാലത്ത് ഏര്‍പ്പെട്ടു. നിയമങ്ങള്‍ പിഴക്കാതെ മന്ത്രയോഗം, ക്രിയായോഗം, ഹഠയോഗം, ലയയോഗം, രാജയോഗം എന്നീ യോഗവിധികള്‍ അനുഷ്ഠിച്ചു. പ്രതിബന്ധങ്ങള്‍ വിജയിച്ച് അദ്ദേഹം യോഗസാധനയുടെ വിവിധ മണ്ഡലങ്ങളില്‍ വിഹരിച്ചു. ഒരിടത്തും അദ്ദേഹം  സ്ഥിരമായി ഉറച്ചിരിക്കാതെ സഞ്ചാരം തുടര്‍ന്നു. ഈശ്വരകാരുണ്യത്തില്‍മാത്രം വിശ്വസിച്ച് എപ്പോഴും ധ്യാനഭാവത്തോടുകൂടി കഴിഞ്ഞു. പുണ്യതീര്‍ത്ഥങ്ങളെല്ലാം അദ്ദേഹം ഇക്കാലത്താണ് സന്ദര്‍ശിച്ചത്. കൈലാസം, മാനസസരോവരം, സോമനാഥം, ദ്വാരക, രാമേശ്വരം മുതലായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം അദ്ദേഹം നര്‍മ്മദാ നദീതീരത്തില്‍ ഏതാനും നാള്‍ ധ്യാനമഗ്നനായി കഴിഞ്ഞു.

അതിനുശേഷം ഗയക്കു സമീപമുള്ള കപിലധാരയില്‍ ചെന്നു രാവും പകലും തീവ്രമായ തപസ്സുചെയ്തു. ആ യോഗിസത്തമന്റെ സാന്നിധ്യത്തെ കേട്ടറിഞ്ഞ്, അയല്‍ ഗ്രാമങ്ങളിലെ  ഭക്തജനങ്ങള്‍ കപിലധാരയില്‍ എത്തിച്ചേര്‍ന്നു. ‘മധുലാല്‍ഗായലി’ എന്ന ഒരു ഗൃഹസ്ഥഭക്തന്‍ ഗംങീരനാഥന് സൗകര്യപൂര്‍വ്വം തപസ്സാചരിക്കാന്‍ വേണ്ടി ഒരു യോഗഗുഹ നിര്‍മ്മിച്ചു. ഗുഹാന്തര്‍ഭാഗത്ത്  രണ്ട് അറകളുണ്ടായിരുന്നു. അതില്‍ രണ്ടാമത്തെ അറയില്‍ ഗംഭീരനാഥന്‍ തപസ്സുചെയ്തു. അടുത്ത അറയില്‍ ‘നൃപതിനാഥന്‍’ ‘ശുദ്ധനാഥന്‍’ എന്നു രണ്ടു ഭിക്ഷുക്കള്‍ തപസ്സുചെയ്തിരുന്നു. ‘അക്ക്’  എന്ന ഒരു തൊഴിലാളി. തപസ്സുചെയ്തിരുന്നവര്‍ക്കു വേണ്ട ശുശ്രൂഷകള്‍ ചെയ്തിരുന്നു. യാതൊരുവിധത്തിലും തപോഭംഗം വരാതിരിക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പ്രാരംഭത്തില്‍ പ്രതിദിനം ഒന്നോ രണ്ടോ മണിക്കൂറുകളെ ഗംഭീരനാഥന്‍ ഗുഹവിട്ടു പുറത്തുവന്നിരുന്നുള്ളു. പിന്നീട് അത് ആഴ്ചകളും മാസങ്ങളുമായി മാറി. ദിവ്യമായ ആത്മപ്രകാശത്തില്‍ ആമഗ്നമാകാനുള്ള അദ്ദേഹത്തിന്റെ  ആ മഹോദ്യമം അങ്ങിനെ തുടര്‍ന്നു. അവസാനം തപസ്സിന് പുര്‍ണ്ണസാഫല്യം എത്തിച്ചേര്‍ന്നു. അത്ഭുതജനകങ്ങളായ യോഗസിദ്ധികള്‍ അദ്ദേഹത്തില്‍ വികസിച്ചു. പക്ഷേ സിദ്ധികളില്‍ അദ്ദേഹം മനസ്സുചെലുത്തിയില്ല.  സച്ചിദാനന്ദത്തിന്റെ അനുഭവസ്ഥിതിയായിരുന്നു അദ്ദേഹത്തിന്റെ ഏകലക്ഷ്യം – പരമാത്മാവുമായുള്ള താദാമ്യപ്രാപ്തി. അങ്ങിനെ ഗംഭീരനാഥന്‍ യോഗിഗമ്യമായ പരമലക്ഷ്യം സംപ്രാപിച്ചു. മായയെ വിജയിച്ചു. ഈശ്വരത്വം അനുഭവപ്പെടുത്തി, ദിവ്യശക്തികളെ ഉള്ളില്‍ ഉണര്‍ത്തി. ഇരിക്കുമ്പോഴും ചരിക്കുമ്പോഴും എന്തും തന്നെ പ്രവര്‍ത്തിക്കുമ്പോഴും സമാധിയില്‍ ലയിച്ച പരമാത്മാവിനെ പ്രാപിച്ചാനന്ദിക്കാന്‍ അദ്ദേഹത്തിന് സാദ്ധ്യമായി.

ശ്രീരംഗനാഥന്‍ ഒരു അത്ഭുതയോഗിയായിത്തീര്‍ന്നതോടെ കപിലധാരയിലേക്ക് ഭക്തജനങ്ങള്‍ പ്രവഹിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ ദര്‍ശനംകൊണ്ട് അവര്‍ക്ക് ആനന്ദവും ആശ്വാസവും ലഭിച്ചു. പ്രേമവും അഹിംസയും ഐക്യവും സൗഹാര്‍ദ്ദവും സമത്വവും സാഹോദര്യവും ശാന്തിയും ആനന്ദവും അദ്ദേഹത്തിന്റെ സന്നിധിയില്‍ ജനഹൃദയങ്ങളില്‍ താനെ വളര്‍ന്നിരുന്നു.
ബ്രഹ്മസമാജത്തിന്റെ പ്രചാരകനായ വിജയകൃഷ്ണഗോസ്വാമി ഗംഭീരനാഥനെ ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കുകയും ചെയ്തു. ഗോസ്വാമി ഗംഭീരനാഥനെക്കുറിച്ച് ഇപ്രകാരമാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്.  ബാബാ ഗംഭീരനാഥ് പ്രേമത്തിന്റെ ഒരവതാരമൂര്‍ത്തിയാണ്. അസാധാരണ മഹത്വമുള്ള ആദ്ധ്യാത്മികശക്തികള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

അത്തരമൊരു യോഗിയെ ഹിമാലയത്തിനു താഴെ ഇപ്പോള്‍ കാണ്മാനില്ല. നോക്കു-ഈ കുന്നുകളില്‍ വ്യാഘ്രങ്ങളും സര്‍പ്പങ്ങളും മറ്റു ക്രൂരമൃഗങ്ങളും ധാരാളമുണ്ട്. പക്ഷേ ബാബയുടെ ശക്തി അവയെയെല്ലാം അഹിംസയുടെ മാന്ത്രികശക്തിക്ക് വശപ്പെടുത്തിയിരിക്കുന്നു. കപിലധാരയില്‍ തന്നെ ഗംഭീരനാഥന്‍ കുറച്ചുകാലംകൂടി കഴിച്ചുകൂട്ടി. 1898-ല്‍ പ്രയാഗയില്‍ വെച്ചുണ്ടായ കുംഭമേളയില്‍ ശ്രീ ഗംഭീരനാഥന്‍ സംബന്ധിച്ചശേഷം അദ്ദേഹം മടങ്ങിയെത്തി. തുടര്‍ന്ന് ഗോരഖ്‌നാഥക്ഷേത്രത്തിലെ ആചാര്യനായി അദ്ദേഹം അവരോധിക്കപ്പെട്ടു. അതു സംബന്ധിച്ച് ചുമതലയേറിയ പല കൃത്യങ്ങളും അദ്ദേഹത്തിനു നിര്‍വഹിക്കാനുണ്ടായിരുന്നു. അദ്ദേഹം ക്ഷേത്രകാര്യങ്ങള്‍ക്കും ആദ്ധ്യാത്മികകാര്യങ്ങള്‍ക്കും യാതൊരു വീഴ്ചയുംകൂടാതെ നിര്‍വഹിച്ചു.

ഏതാണ്ട് ഒരര്‍ദ്ധസമാധിയിലായിരുന്നു അദ്ദേഹം എപ്പോഴും കഴിഞ്ഞിരുന്നത്. ദിവ്യമായ ഒരു മന്ദഹാസം ആ വദനത്തില്‍ സദാ പ്രസരിച്ചിരുന്നു. അദ്ദേഹം ഒരിക്കലും മാനസികമായ വിക്ഷോഭങ്ങള്‍ക്കോ, അസ്വാസ്ഥ്യങ്ങള്‍ക്കോ വിധേയനായിരുന്നില്ല. ക്ഷേത്രദര്‍ശകരോട് അദ്ദേഹം  വളരെ ഹൃദ്യമായിട്ടാണ് പെരുമാറിയിരുന്നത്. അദ്ദേഹം ഒന്നിനോടും മമതയോ വിരക്തിയോ പ്രകടിപ്പിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മനസ്സ് സദാപി ഈശ്വരനിഷ്ഠമായിരുന്നു. ഒന്നിനോടും മമത കാണിച്ചില്ലെങ്കിലും എല്ലാം ഭംഗിയായി നടന്നിരുന്നു.

അദ്ദേഹം ദരിദ്രനാരായണന്മാരുടെ സേവനത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. ഉത്സകാലങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് മൃഷ്ടാന്നഭോജനം നല്‍കിയിരുന്നു. ആശ്രമത്തിലെ പൂച്ചകളുടെയും നായ്ക്കളുടെയും കുരങ്ങുകളുടെയും കാര്യത്തില്‍പ്പോലും അദ്ദേഹം കാരുണ്യം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം അധികം എഴുന്നേറ്റ് നടന്ന് കാര്യങ്ങളുടെ നിര്‍വഹണത്തിലുള്ള ന്യൂനതകള്‍ ദര്‍ശിച്ചിരുന്നില്ലെങ്കിലും അന്തര്‍ദൃഷ്ടികൊണ്ട് കോട്ടങ്ങള്‍ ഗ്രഹിക്കുകയും അവര്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

ഗോരഖ്‌നാഥക്ഷേത്രത്തിനു കീഴിലുള്ള കുടിയന്മാര്‍ താമസിച്ചിരുന്ന ഗ്രാമങ്ങളില്‍ച്ചെന്ന് അദ്ദേഹം അവരുടെ യോഗാക്ഷേമങ്ങള്‍ അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും പെരുമാറ്റവും മതിയായിരുന്നു അവര്‍ക്കു സംതൃപ്തി നല്‍കുവാന്‍. ഭക്തിമാര്‍ഗ്ഗത്തിലേക്ക് ഗ്രാമീണരെ ആകര്‍ഷിക്കുന്നതിന് അദ്ദേഹം തന്റെ കഴിവുകള്‍ മുഴുവന്‍ വിനിയോഗിച്ചിരുന്നു.

അനവധി ഭക്തജനങ്ങള്‍ അദ്ദേഹത്തോട് സന്യാസവും ആത്മോപദേശവും നല്‍കുവാന്‍ അപേക്ഷിച്ചു. പക്ഷേ ആദ്യം അദ്ദേഹം അവരുടെ അപേക്ഷ സ്വീകരിച്ചില്ല. പിന്നീട് ആത്മസിദ്ധിക്കായി തപിച്ചുകൊണ്ടിരുന്ന ഭക്തജനങ്ങളുടെ നിര്‍ബന്ധം വര്‍ദ്ധിച്ചപ്പോള്‍ അദ്ദേഹം അവരുടെ ആഗ്രഹം നിര്‍വഹിക്കുന്നതിന് സന്നദ്ധനായി. യഥാര്‍ത്ഥ ഭക്തിവിശ്വാസങ്ങളോടുകൂടി മുന്നോട്ടു പോകുന്നതിനാണ് അദ്ദേഹം ഉപദേശിച്ചത്. ബാഹ്യചടങ്ങുകള്‍ക്ക് അദ്ദേഹം വലിയ വില കല്പിച്ചിരുന്നില്ല. പക്ഷേ മതഗ്രന്ഥങ്ങളെല്ലാം വായിക്കണമെന്ന് അദ്ദേഹം അനുയായികളെ അനുശാസിച്ചിരുന്നു.

ഭഗവത്ഗീതയും യോഗവസിഷ്ഠവും പഠിച്ച്  തത്ത്വങ്ങള്‍ മനസ്സിലാക്കുവാന്‍ അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നു. ലോകത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും ധാര്‍മ്മികവും ആത്മീയവുമായ ജീവിതം നിയന്ത്രിക്കുവാന്‍ പര്യാപ്തമായ വിശ്വമതത്തിന്റെ മൂര്‍ത്തഗ്രന്ഥമായാണ് ശ്രീഗംഭീരനാഥന്‍ ഭഗവല്‍ഗീതയെ വിവക്ഷിച്ചിരുന്നതും.

ആരാദ്ധ്യദേവതകള്‍ തമ്മില്‍ വ്യത്യാസം കാണരുത്. നാമരൂപങ്ങളില്‍ മാത്രമാണ് വിഭിന്നത. പക്ഷേ സാരാംശത്തില്‍ എല്ലാം ഏകമാണ്. വിവിധ മതസ്ഥന്മാര്‍ വിവിധ രീതികളില്‍ പരമാത്മാവിനെ ആരാധിക്കുന്നുവെന്നുമാത്രം പരിപാവനങ്ങളായ എല്ലാ നാമരൂപങ്ങളെയും ബഹുമാനിക്കുക; പക്ഷേ എല്ലാറ്റിലും പരമാത്മാവിനെ കാണുക. എല്ലാ മതസമ്പ്രദായങ്ങളേയും സമാദരിക്കുക, മതശിക്ഷണ രീതികള്‍ വിവിധങ്ങളായിരിക്കും. പക്ഷേ മതം സാരാംശത്തില്‍ ഏകമാണ്. സ്വകീയമതത്തിന്റെ  പരിശീലനത്തില്‍ക്കൂടി യഥാര്‍ത്ഥമായ ആദ്ധ്യാത്മിക വീക്ഷണം വികസിപ്പിക്കുക. എന്നാല്‍ എല്ലാമതങ്ങളിലേയും ഏകത്വം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നതാണ്.

ആദ്ധ്യാത്മികസത്യത്തെ ബുദ്ധിപൂര്‍വ്വം ഗ്രഹിക്കുക.  ആ ഉപദേശങ്ങളനുസരിച്ച് ജീവിതത്തിന്റെ എല്ലാ വശങ്ങളും ക്രമപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുക. ഞാനെന്നും എന്റെതെന്നുമുള്ള ഭാവനയെ ത്യജിക്കുക. ഈശ്വരനു നിങ്ങളെ മുഴുക്കെ സ്വയംസമര്‍പ്പിക്കുക. എന്നാല്‍ ഈശ്വരന്‍തന്നെ എല്ലാ ഉത്തരവാദിത്വത്തിലും വാക്കിലും കര്‍മ്മത്തിലും സത്യസന്ധവും ഋജുവും ധാര്‍മ്മികവും ദയാപൂര്‍വ്വവുമായിരിക്കുക. സാര്‍വ്വജനീനവും സാര്‍വ്വകാലികവുമായ ഒരു മതഗ്രന്ഥമെന്ന നിലയില്‍ ഭഗവത്ഗീത നിത്യം പാരായണം ചെയ്യുക. ഇവയായിരുന്നു ശ്രീ ഗംഭീരനാഥന്റെ മുഖ്യമായ ഉപദേശങ്ങള്‍.

അഭ്യസ്തവിദ്യരും ആദ്ധ്യാത്മികവിദ്യയില്‍ തല്പരരും സംശയാലുക്കളുമായി ചെന്ന ആളുകള്‍ക്കെല്ലാം അവരുടെ സംശയങ്ങള്‍ ഗംഭീരനാഥന്‍ പരിഹരിച്ചു കൊടുത്തിരുന്നു. 1910 മുതല്‍ ഭാരതത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ഗംഭീരനാഥനെ ദര്‍ശിക്കുന്നതിന് ഭക്തജങ്ങള്‍ ഗോരഖ്പുരിയില്‍ എത്തിച്ചേര്‍ന്നിരുന്നു. 1914-ല്‍ ഗംഭീരനാഥന്‍ കല്‍ക്കത്തയിലും അടുത്തവര്‍ഷം കുംഭമേളയിലും സംബന്ധിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ എണ്ണവും ക്രമേണ വര്‍ദ്ധിച്ചു. ആയിടക്കുതന്നെ ഗംഭീരനാഥന്റെ ആരോഗ്യം ക്ഷയിക്കുവാന്‍ തുടങ്ങി.

യോഗചര്യകളില്‍ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹത്തിന് അവയുടെ സാഹചര്യത്താല്‍ ആരോഗ്യം വീണ്ടെടുക്കുന്നത് അസാദ്ധ്യമായിരുന്നില്ല. എന്നാല്‍ അതിനൊന്നും അദ്ദേഹം മുതിര്‍ന്നില്ല. 1917-മാര്‍ച്ച് 23-ാം തീയതി ശ്രീ ഗംഭീരനാഥന്‍ സമാധിയടഞ്ഞു. യോഗാസനസ്ഥനായ ബാബയുടെ ശരീരം അതേവിധംതന്നെ അനുയായികള്‍ ആശ്രമത്തിന്റെ മുന്‍ഭാഗത്തു സംസ്‌കരിച്ചു. അവിടെ അവര്‍ ഒരു ക്ഷേത്രവും നിര്‍മ്മിച്ചു. ആ യോഗിരാജന്റെ ഒരു ശിലാ വിഗ്രഹവും ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. ആ ക്ഷേത്രത്തില്‍ ഭക്തജനങ്ങളെ ആകര്‍ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്തുകൊണ്ട് ഇന്നും ആ യോഗീശ്വരന്റെ ആത്മചൈതന്യം പ്രോജ്ജ്വലിച്ചുകൊണ്ടിരിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം