കോന്നിയില്‍ നാട്ടുകാരെ ആക്രമിച്ച പുലി ചത്തു

July 7, 2012 മറ്റുവാര്‍ത്തകള്‍

കോന്നി(പത്തനംതിട്ട): ഐരവണില്‍ നാട്ടുകാരെ ആക്രമിച്ചതിനെത്തുടര്‍ന്ന് വനപാലകരും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയ പുലി കോന്നി ഡിഎഫ്ഒ ഓഫീസില്‍ വച്ചു ചത്തു. നാട്ടിലിറങ്ങിയ പുലിയെ കീഴ്‌പ്പെടുത്തിയശേഷം വനംവകുപ്പ് ഓഫീസിലേക്ക് പ്രത്യേക വലയില്‍ കെട്ടിമുറുക്കി കൊണ്ടുപോയിരുന്നു. ഇവിടെവച്ചാണ് പുലി ചത്തത്. നാട്ടുകാര്‍ കീഴ്‌പ്പെടുത്തുന്നതിനിടെ പുലിക്ക് പരിക്കേറ്റിരുന്നു. ഇതാണ് മരണത്തിന് കാരണമായതെന്ന് കരുതുന്നതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

ഐരവണില്‍ പിഎസ്ബിസിഎം സ്‌കൂളിനു സമീപം കൃഷ്ണവിലാസത്തില്‍ സജിയുടെ പുരയിടത്തിലാണ് ഇന്നു രാവിലെ പുലിയെ കണ്ടത്. നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലിയെ പിടികൂടാന്‍ നാട്ടുകാരും പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു. തെരച്ചില്‍ നടത്തുന്നതിനിടെ പുലി നാട്ടുകാരുടെ നേര്‍ക്ക് ചാടുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസും വനപാലകരും നാട്ടുകാരും ചേര്‍ന്നു പുലിയെ പിടികൂടുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകനടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. നാട്ടുകാര്‍ പിടികൂടുന്നതിനിടെ പുലിക്കും പരിക്കേറ്റു. തുടര്‍ന്ന് മയക്കാനുള്ള ഇന്‍ജക്ഷന്‍ നല്‍കിയശേഷം പുലിയെ കോന്നിയിലെ ആനക്കൊട്ടിലിലേക്ക് വനപാലകര്‍ കൊണ്ടുപോകുകയായിരുന്നു. ഇന്‍ജക്ഷന്‍ നല്‍കുന്നതിനിടെയും പുലി ആക്രമണസ്വഭാവം കാട്ടി. രണ്ടുപേര്‍ക്ക് പുലിയുടെ കടിയേറ്റിരുന്നു.

ആക്രമണസ്വഭാവം കാട്ടിയതിനാലാണ് പുലിക്ക് പിടികൂടുന്നതിനിടെ നാട്ടുകാരില്‍ നിന്ന് ആക്രമണം നേരിട്ടതെന്നും ഈ സാഹചര്യത്തില്‍ നാട്ടുകാര്‍ക്കെതിരെ കേസ് എടുത്തേക്കില്ലെന്നുമാണ് വനംവകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. രണ്ടുവര്‍ഷം മുന്‍പ് തൊടുപുഴയില്‍ നാട്ടുകാര്‍ പിടികൂടുന്നതിനിടെ പുലി ചത്തതിനെതുടര്‍ന്ന് വനംവകുപ്പ് കേസെടുത്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍