ഡോ.ബി.ബാലചന്ദ്രന്‍ അന്തരിച്ചു

July 8, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

കരുനാഗപ്പള്ളി: ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ലാ സംഘചാലക് ഡോ.ബി. ബാലചന്ദ്രന്‍ (52) അന്തരിച്ചു. അര്‍ബുദ രോഗബാധിതനായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു അന്ത്യം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഗൃഹസ്ഥ ശിഷ്യനായ ഡോ.ബാലചന്ദ്രന്‍ ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ മുന്‍സംസ്ഥാന പ്രസിഡന്റായിരുന്നു. 2010-ല്‍ അദ്ദേഹം ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ‘സ്വാമിജിയെ അറിയുക’ എന്ന ഗ്രന്ഥം രചിച്ചു. ശ്രീരാമദാസ മിഷന്‍ പ്രസ്ഥാനങ്ങള്‍ക്കുവേണ്ടി വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അമൃതകുടുംബം കരുനാഗപ്പള്ളി മേഖലാ പ്രസിഡന്റ്, ഐഎംഎ താലൂക്ക് സെക്രട്ടറി, ഹോസ്പിറ്റല്‍ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കരുനാഗപ്പള്ളി എഎം ആശുപത്രിയില്‍ സ്‌കിന്‍ സ്‌പെഷ്യലിസ്റ്റായിരുന്നു.

കോളേജ് വിദ്യാര്‍ഥിയായിരിക്കെ എബിവിപിയിലൂടെ സംഘടനാ പ്രവര്‍ത്തനത്തിലെത്തിയ അദ്ദേഹം ആര്‍എസ്എസ് കരുനാഗപ്പള്ളി താലൂക്ക് സംഘചാലക്, കൊല്ലം ജില്ലാ സംഘചാലക് എന്നീ നിലകളിലും ചുമതല വഹിച്ചു. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് ശ്രീപത്മനാഭത്തില്‍ പരേതനായ ബാലകൃഷ്ണപിള്ളയുടെയും തങ്കമ്മയുടെയും മകനാണ് ബാലചന്ദ്രന്‍. അമൃത എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എ.എസ്.ബീനയാണ് ഭാര്യ. മക്കള്‍: പാര്‍വ്വതി(ബിഡിഎസ്), അരവിന്ദ്(പ്ലസ്‌വണ്‍). ഇന്നു പകല്‍ സംസ്‌കാരം നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം