സദാനന്ദഗൗഡ രാജിവച്ചു; ജഗദീഷ് ഷെട്ടര്‍ പുതിയ കര്‍ണാടക മുഖ്യമന്ത്രി

July 8, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിലനിന്ന രാഷ്ട്രീയ പ്രതിസന്ധിക്കു അന്ത്യം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൗഡ രാജിവച്ചു. പാര്‍ട്ടി നിര്‍ദേശപ്രകാരം ഇവിടെയെത്തിയ അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാജിക്കത്തു നല്‍കുകയായിരുന്നു. രാജി സ്വീകരിച്ചതായി പിന്നീട് ഗഡ്കരി മാധ്യമങ്ങളെ അറിയിച്ചു. നഗരവികസനമന്ത്രി ജഗദീഷ് ഷെട്ടര്‍ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നാളെ നടക്കുന്ന നിയമസഭാകക്ഷിയോഗം ഷെട്ടറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കും. നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുക്കാനായിഅരുണ്‍ ജയ്റ്റ്‌ലിയും രാജ്‌നാഥ് സിങ്ങും നാളെ ബാംഗ്ലൂരിലേക്കു പോവുമെന്നും അദ്ദേഹം അറിയിച്ചു. നാല് വര്‍ഷത്തിനിടെ മൂന്നാമത്തെ നേതൃമാറ്റത്തിനാണ് കര്‍ണാടകയില്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയെന്ന നിലയില്‍ സദാനന്ദ ഗൗഡ മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. കഴിഞ്ഞ 11 മാസമായി അഴിമതിരഹിതഭരണം കാഴ്ചവയ്ക്കാന്‍ ഗൗഡയ്ക്കു കഴിഞ്ഞതായി ഗഡ്കരി ചൂണ്ടിക്കാട്ടി. എങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹത്തെ മാറ്റിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു കര്‍ണാടകയില രാഷ്ട്രീയസാഹചര്യങ്ങളും പാര്‍ട്ടിയുടെയും അവസ്ഥയും കണക്കിലെടുത്താണ് ഈ തീരുമാനമെന്നായിരുന്നു മറുപടി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം