കര്‍ണാടകയില്‍ രണ്ട് മന്ത്രിമാരെക്കൂടി പുറത്താക്കി

October 7, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ബാംഗ്ലൂര്‍: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന കര്‍ണാടകയില്‍ രണ്ട് മന്ത്രിമാരെക്കൂടി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പുറത്താക്കി. ആനന്ദ് അസ്‌നോതികര്‍, ബി. ജര്‍ക്കിഹോലി എന്നിവരെയാണ് വ്യാഴാഴ്ച പുറത്താക്കിയത്. അതിനിടെ മന്ത്രിസഭയ്ക്ക് പിന്തുണ പിന്‍വലിച്ച വിമത എം.എല്‍.എമാര്‍ കൊച്ചിയില്‍നിന്ന് മുംബൈയിലെത്തി. എക്‌സൈസ് വകുപ്പുമന്ത്രി രേണുകാചാര്യയുടെ നേതൃത്വത്തില്‍ നടത്തിയ വിമതനീക്കമാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബി.ജെ.പി.സര്‍ക്കാറിന് വെല്ലുവിളിയായിരിക്കുന്നത്.  സ്വതന്ത്രരടക്കം 19 എം.എല്‍.എ.മാര്‍ പിന്തുണ പിന്‍വലിച്ചതോടെ കര്‍ണാടകയിലെ ബി.ജെ.പി.സര്‍ക്കാര്‍്യൂനപക്ഷമായിരിക്കുകയാണ്. ഒക്ടോബര്‍ 12ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒക്ടോബര്‍ 11ന് തന്നെ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സഭയുടെ പ്രത്യേക സമ്മേളനം അന്ന് വിളിച്ച് ചേര്‍ക്കാന്‍ അദ്ദേഹം ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 224 അംഗ നിയമസഭയില്‍ ബി.ജെ.പി.ക്ക് 117 അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസ്സിന് 73ഉം ജനതാദള്‍ ഗൗഡ വിഭാഗത്തിന് 28ഉം അംഗങ്ങളുണ്ട്. ആറുപേര്‍ സ്വതന്ത്രരാണ്. 19 പേരുടെ പിന്തുണ നഷ്ടപ്പെട്ടതോടെ സ്വതന്ത്രരുടെ പിന്തുണയോടെയുള്ള ബി.ജെ.പി.യുടെ അംഗബലം 104 ആയി ചുരുങ്ങി.
ചെന്നൈയിലുണ്ടായിരുന്ന മന്ത്രിമാരടക്കമുള്ള എം.എല്‍.എ.മാരുടെ പിന്തുണ പിന്‍വലിച്ചുകൊണ്ടുള്ള കത്ത് ബുധനാഴ്ച രാവിലെയാണ് ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിന് എത്തിച്ചുകൊടുത്തത്. വിവരമറിഞ്ഞ ഉടനെ സ്വതന്ത്രരായ നാല് മന്ത്രിമാരെയും മന്ത്രിസഭയില്‍നിന്ന് പുറത്താക്കിക്കൊണ്ട് മുഖ്യമന്ത്രി തിരിച്ചടിച്ചു. ഇതിനു പിന്നാലെയാണ് രണ്ട് മന്ത്രിമാരെക്കൂടി യെദ്യൂരപ്പ പുറത്താക്കിയത്. അതിനിടെ ക്ഷേത്ര ദര്‍ശനത്തിനായി യെദ്യൂരപ്പ വ്യാഴാഴ്ച രാവിലെ കണ്ണൂരിലെത്തി. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ അദ്ദേഹം രാവിലെ സന്ദര്‍ശനം നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം